‘മെട്രിക് പരീക്ഷകൾ ഇനിമുതൽ ക്ലാസ് തല പരീക്ഷകളെപ്പോലെയാണ് നടത്തപ്പെടുക. പത്താം തരം പൊതു പരീക്ഷ എന്ന പേരിൽ പ്രത്യേക പരീക്ഷകൾ ഉണ്ടായിരിക്കില്ല. അതാത് സ്‌കൂളുകളും ജില്ലാ തല ഇൻ്റേണൽ പരീക്ഷകൾക്കായുള്ള അക്കാദമിക് കൗൺസിലുകളുമാണ് ഇനി മുതൽ പത്താം ക്ലാസ് പരീക്ഷകൾ നടത്തുക’, ആസാം മുഖ്യമന്ത്രി പറഞ്ഞു. പൊതു പരീക്ഷയായിരുന്നപ്പോൾ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ജീവിതത്തിൽ ഉണ്ടായിരുന്ന പ്രാധാന്യം ഇനി മുതൽ പത്താം ക്ലാസ് പരീക്ഷകൾക്ക് ഉണ്ടായിരിക്കില്ല.
advertisement
പൊതു പരീക്ഷകൾ പന്ത്രണ്ടാം ക്ലാസ്സിൽ മാത്രമായി ഒതുങ്ങും. പത്താം ക്ലാസ് പരീക്ഷയിൽ വിജയിക്കേണ്ടത് ആവശ്യം തന്നെയാണെങ്കിലും, നിലവിലെ രീതി പോലെ പത്താം തരത്തിനു ശേഷം പതിനൊന്നാം ക്ലാസിലേക്ക് പ്രത്യേക അഡ്മിഷൻ എടുക്കേണ്ടി വരില്ല. ഈ മാറ്റം ഒരു തുടർച്ചയായ പ്രക്രിയയായിരിക്കുമെന്നും ആസാം മുഖ്യമന്ത്രി പറഞ്ഞു. ആസാം ബോർഡ് ഓഫ് സെക്കൻ്ററി എജ്യുക്കേഷൻ (എസ് ഇ ബി എ) യാണ് നിലവിൽ സംസ്ഥാനത്ത് പത്താം ക്ലാസ് പരീക്ഷകൾ നടത്തുന്നത്.
പന്ത്രണ്ടാം ക്ലാസിലെ പൊതു പരീക്ഷകളുടെ നടത്തിപ്പ് ആസാം ഹയർ സെക്കൻ്ററി എജ്യുക്കേഷൻ കൗൺസിലിൻ്റെ (എ എച്ച് എസ് ഇ സി) കീഴിലാണ്. ഈ രണ്ട് ബോർഡുകളും തമ്മിൽ ലയിപ്പിക്കുമെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വിശദീകരിച്ചിരുന്നു. ലയിപ്പിക്കുമെങ്കിലും, ഇരു ബോർഡുകളിലെയും ജീവനക്കാർക്ക് ജോലി നഷ്ടപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബോർഡുകൾ തമ്മിൽ ലയിപ്പിക്കാനുള്ള തീരുമാനമായതോടെ, അതേക്കുറിച്ച് പഠിക്കാനും ഉചിതമായ നടപടികൾ കൈക്കൊള്ളാനും ഒരു കമ്മറ്റി രൂപീകരിക്കപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസം എ എച്ച് എസ് ഇ സി 2023ലെ ആസാം പന്ത്രണ്ടാം തരം പരീക്ഷാ ഫലം പുറത്തു വിട്ടിരുന്നു. 3.2 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് സംസ്ഥാനത്ത് പരീക്ഷ എഴുതിയിരുന്നത്. ഇവരിൽ ആൺകുട്ടികളുടെ വിജയശതമാനം 66.94 ഉം പെൺകുട്ടികളുടേത് 72.92 ഉം ആണ്. പത്താം ക്ലാസിൽ ഇത്തവണ പരീക്ഷയെഴുതിയത് 4,22,174 വിദ്യാർത്ഥികളാണ്. 72.69 ആണ് വിജയശതമാനം.