ഓര്‍മ്മക്കുറവ്, ഉത്കണ്ഠ, മാനസികാവസ്ഥയിലെ വ്യതിയാനങ്ങൾ, ശ്രദ്ധ കേന്ദ്രീകരിക്കാനോ ഓര്‍മ്മിക്കാനോ ഉള്ള ബുദ്ധിമുട്ട്, ഉറക്കമില്ലായ്മ എന്നിവയാണ് കോവിഡ് 19ന്റെ പ്രധാന പാര്‍ശ്വഫലങ്ങള്‍. ഡിമെന്‍ഷ്യ (Dementia) കോവിഡിന്റെ പാര്‍ശ്വഫലമാണോ എന്ന കാര്യത്തിലും ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്.
മൂക്കിലൂടെയോ വായയിലൂടെയോ ശരീരത്തില്‍ പ്രവേശിക്കുന്ന കൊറോണ വൈറസ് അടുത്തതായി തൊണ്ടയിലേക്ക് നീങ്ങുകയാണ് ചെയ്യുന്നത്. അവിടെ നിന്ന് ശ്വാസകോശത്തിലേക്കോ മറ്റ് അവയവങ്ങളിലേക്കോ വൈറസിന് കയറിപ്പറ്റാൻ കഴിയും. ചില സാഹചര്യങ്ങളില്‍ വൈറസ് ചുറ്റുമുള്ള ന്യൂറോണുകളിലേക്കും കേന്ദ്ര നാഡീവ്യവസ്ഥയിലേക്കും നുഴഞ്ഞുകയറുകയും ചെയ്യുന്നു. കോവിഡ് 19 അണുബാധ ബൗദ്ധികപ്രവർത്തനങ്ങളെ ബാധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ അവസ്ഥ അണുബാധ സ്ഥിരീകരിച്ചതിന് ശേഷവും വര്‍ഷങ്ങളോളം നിലനിന്നേക്കും.
advertisement
അണുബാധയുടെ പ്രത്യാഘാതങ്ങൾ നാഡീവ്യവസ്ഥയെ ബാധിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. തല്‍ഫലമായി ഡിലീറിയം, അവബോധ സംബന്ധിയായ പ്രശ്നങ്ങൾ, പക്ഷാഘാതം, മറ്റ് അനന്തരഫലങ്ങള്‍ എന്നിവ ഉണ്ടാകുന്നു. ഡിമെന്‍ഷ്യ ഉള്ള ആളുകള്‍ക്ക് കോവിഡ് 19 പോലുള്ള വൈറല്‍ അണുബാധകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ഇതുവരെയുള്ള പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
Also Read- കോവിഡ് ബാധിച്ചവരുടെ വിവിധ ശരീരഭാഗങ്ങളിൽ വ്യത്യസ്ത വകഭേദങ്ങൾ മറഞ്ഞിരിക്കാൻ സാധ്യതയെന്ന് പഠനം
എന്നിരുന്നാലും, മുന്‍കാല ഡിമെന്‍ഷ്യയെ ഗുരുതരമാക്കാൻ കോവിഡിന് കഴിയുമോ എന്നത് വ്യക്തമല്ല. ന്യൂറോളജിക്കല്‍ പ്രശ്‌നങ്ങളും കോവിഡും തമ്മില്‍ വ്യക്തമായ ബന്ധമുണ്ട്. കോവിഡ് 19ന്റെ മാനസിക പ്രത്യാഘാതങ്ങളെ ചെറുക്കാനുള്ള രണ്ട് വഴികളാണ് ശാരീരികമായി സജീവമായിരിക്കുക എന്നതും വ്യായാമവും. ബൗദ്ധികമായ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുക എന്നതും പ്രധാനമാണ്. കൂടാതെ, എല്ലാ ദിവസവും ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങുകയും സമീകൃതാഹാരം കഴിക്കുകയും ചെയ്യുന്നത് കോവിഡ് 19ന്റെ പ്രതികൂല ഫലങ്ങള്‍ ഒഴിവാക്കാന്‍ നിങ്ങളെ സഹായിക്കും.
ഡിമെന്‍ഷ്യ ഒരു രോഗമല്ല, അതൊരു അവസ്ഥയാണ്. ലോകത്ത് മറവി രോഗികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ 3 സെക്കന്‍ഡിലും ഡിമെന്‍ഷ്യയുടെ ഒരു പുതിയ കേസ് വീതം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് അല്‍ഷിമേഴ്സ് ഡിസീസ് ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡിമെന്‍ഷ്യ എന്ന പദം പലപ്പോഴും മെഡിക്കല്‍ പ്രൊഫഷണലുകള്‍ ഉപയോഗിക്കുന്നത് ഓര്‍ത്തിരിക്കാനുള്ള കഴിവില്ലായ്മയെ സൂചിപ്പിക്കുന്ന പൊതുവായ ഒരു പദം എന്ന നിലയിലാണ്. ലളിതമായി പറഞ്ഞാല്‍ വ്യക്തമായി ചിന്തിക്കാനോ ദൈനംദിന തീരുമാനങ്ങള്‍ എടുക്കാനോ ഉള്ള കഴിവില്ലായ്മ എന്നതാണ് മറവി കൊണ്ട് അര്‍ത്ഥമാക്കുന്നത്.
