Covid 19 | കോവിഡ് ബാധിച്ചവരുടെ വിവിധ ശരീരഭാഗങ്ങളിൽ വ്യത്യസ്ത വകഭേദങ്ങൾ മറഞ്ഞിരിക്കാൻ സാധ്യതയെന്ന് പഠനം
- Published by:Jayesh Krishnan
 - news18-malayalam
 
Last Updated:
വൈറസിന് വിവിധ തരം കോശങ്ങളിൽ എങ്ങനെ വ്യത്യസ്തമായി പരിണാമം സംഭവിക്കാം എന്നും ഇത് രോഗബാധിതരുടെ പ്രതിരോധശേഷി എങ്ങനെ ഉപയോഗപ്പെടുത്തുമെന്നും പഠനങ്ങളിൽ വിശദീകരിക്കുന്നുണ്ട്.
കോവിഡ്19 (Covid 19) ബാധിച്ച ആളുകളിൽ സാർസ് കോവ് 2 (SARS-CoV-2) വൈറസിന്റെ പല വകഭേദങ്ങളും (Variants) പല അവയവങ്ങളെ ബാധിക്കാമെന്ന് പുതിയ പഠനം പറയുന്നു. കോവിഡ് ബാധിച്ച ആളുകളുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ രോഗപ്രതിരോധ സംവിധാനത്തിൽ (immune system) മറഞ്ഞിരിക്കുന്ന സാർസ് കോവ് 2 (SARS-CoV-2) വൈറസിന്റെ പല വകഭേദങ്ങളും ഉണ്ടാകാമെന്നാണ് സമീപകാലത്ത് നടന്ന രണ്ട് പഠനങ്ങളിലെ കണ്ടെത്തലുകൾ. ഇത് രോഗബാധിതനായ വ്യക്തിയുടെ ശരീരത്തിൽ നിന്ന് വൈറസ് പൂർണമായി നീക്കം ചെയ്യുന്നത് കൂടുതൽ ബുദ്ധിമുട്ടാക്കുമെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു. യുകെയിലെ ബ്രിസ്റ്റോൾ യൂണിവേഴ്‌സിറ്റിയിലെയും ജർമ്മനിയിലെ മാക്‌സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ റിസർച്ചിലെയും ഗവേഷകരുടെ നേതൃത്വത്തിലുള്ള അന്താരാഷ്‌ട്ര സംഘമാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്.
വൈറസിന് വിവിധ തരം കോശങ്ങളിൽ എങ്ങനെ വ്യത്യസ്തമായി പരിണാമം സംഭവിക്കാം എന്നും ഇത് രോഗബാധിതരുടെ പ്രതിരോധശേഷി എങ്ങനെ ഉപയോഗപ്പെടുത്തുമെന്നും നേച്ചർ കമ്മ്യൂണിക്കേഷൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനങ്ങളിൽ വിശദീകരിക്കുന്നുണ്ട്. വൈറസ് ബാധിക്കുന്ന കാലയളവിലെ സാർസ് കോവ്2 (SARS-CoV-2) സ്പൈക്ക് പ്രോട്ടീനിൽ പ്രത്യേകം നിർമ്മിക്കപ്പെട്ടിട്ടുള്ള പോക്കറ്റിന്റെ പ്രവർത്തനം ഗവേഷകർ കണ്ടെത്തി. സ്പൈക്ക് പ്രോട്ടീനിലെ പോക്കറ്റ് ഉപയോഗിച്ചാണ് വൈറസ് കോശങ്ങളിലേക്ക് പ്രവേശിക്കുന്നതും കോശങ്ങളെ ബാധിക്കുന്നതും. വൈറസ് അണുബാധയിൽ സ്പൈക്ക് പ്രോട്ടീനിലെ പോക്കറ്റ് പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നാണ് ഗവേഷകരുടെ അഭിപ്രായം.
advertisement
" ഇപ്പോൾ യഥാർത്ഥ വൈറസിനെ വകഭേദങ്ങളുടെ തുടർച്ചയായ പരമ്പര പുനസ്ഥാപിച്ചിരിക്കുകയാണ്. നിലവിൽ ലോകമെമ്പാടും ആധിപത്യം പുലർത്തുന്നത് ഒമിക്രോണും ഒമിക്രോൺ 2ഉം (ഒരു ഉപ വകഭേദം) ആണ്" ബ്രിസ്റ്റോൾ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ഇമ്രെ ബെർഗർ പറഞ്ഞു.
“ ബ്രിസ്റ്റോളിൽ കണ്ടെത്തിയ ആദ്യകാല വൈറസ് വകഭേദം- ബ്രിസ്‌ഡെൽറ്റ ഞങ്ങൾ വിശകലനം ചെയ്തു. യഥാർത്ഥ വൈറസിൽ നിന്ന് ഇതിന്റെ ആകൃതിയിൽ മാറ്റം വന്നിരുന്നു, പക്ഷേ ഞങ്ങൾ കണ്ടെത്തിയ പോക്കറ്റ് അവിടെ മാറ്റമില്ലാതെ ഉണ്ടായിരുന്നു” ബെർഗർ പറഞ്ഞു.
advertisement
രോഗികളിൽ നിന്ന് എടുത്ത സാമ്പിളുകളിൽ ബ്രിസ്‌ഡെൽറ്റ ഒരു ചെറിയ ഉപസമൂഹമായാണ് കാണപ്പെടുന്നതെന്ന് ഗവേഷകർ അഭിപ്രായപ്പെട്ടു. എന്നാൽ അണുബാധയുടെ ആദ്യ തരംഗത്തിൽ ആധിപത്യം പുലർത്തിയ വൈറസിനേക്കാൾ മികച്ച രീതിയിൽ ചില കോശങ്ങളെ ബാധിക്കുന്നതായാണ് കരുതുന്നത്.
“ഒരാളുടെ ശരീരത്തിൽ വ്യത്യസ്തമായ നിരവധി വൈറസ് വകഭേദങ്ങൾ ഉണ്ടാകാമെന്നാണ് ഞങ്ങളുടെ ഫലങ്ങൾ വ്യക്തമാക്കുന്നത്” ബ്രിസ്‌ഡെൽറ്റ പഠനത്തിന്റെ പ്രധാന രചയിതാവായ കപിൽ ഗുപ്ത പറഞ്ഞു.
“ഈ വകഭേദങ്ങളിൽ ചിലത് മറഞ്ഞിരിക്കാൻ വൃക്ക അല്ലെങ്കിൽ പ്ലീഹ കോശങ്ങൾ ഉപയോഗിച്ചേക്കാം, അതേസമയം ശരീരം ആധിപത്യം പുലർത്തുന്ന വൈറസ് ഇനങ്ങളെ പ്രതിരോധിക്കുന്ന തിരക്കിലായിരിക്കും. അതിനാൽ രോഗബാധിതരായ രോഗികൾ സാർസ് കോവ് 2(SARS-CoV-2) വിൽ നിന്ന് പൂർണ്ണമായും മുക്തി നേടുന്നത് പ്രയാസമാകും ”ഗുപ്ത പറഞ്ഞു.
advertisement
വൈറസ് അണുബാധയുടെ പ്രവർത്തന രീതി മനസ്സിലാക്കാൻ ഗവേഷക സംഘം പ്രയോഗിച്ചത് അത്യാധുനിക സിന്തറ്റിക് ബയോളജി ടെക്നിക്കുകളും അത്യാധുനിക ഇമേജിങും ക്ലൗഡ് കമ്പ്യൂട്ടിങും ആണ്. പോക്കറ്റിന്റെ പ്രവർത്തനം മനസിലാക്കാൻ, ശാസ്ത്രജ്ഞർ ടെസ്റ്റ് ട്യൂബിൽ സിന്തറ്റിക് സാർസ് കോവ് 2 (SARS-CoV-2) വൈറിയോണുകൾ നിർമ്മിച്ചു, അവ വൈറസിനെ അനുകരിക്കുന്നവയാണ്, പക്ഷേ അവ മനുഷ്യകോശങ്ങളിൽ പെരുകാത്തതിനാൽ സുരക്ഷിതമാണ് എന്നതാണ് പ്രധാന നേട്ടം. ഈ കൃത്രിമ വൈറിയോണുകൾ ഉപയോഗിച്ച്, വൈറൽ അണുബാധയിൽ പോക്കറ്റിന്റെ കൃത്യമായ സംവിധാനം പഠിക്കാൻ ഗവേഷകർക്ക് കഴിഞ്ഞു. ഒരു ഫാറ്റി ആസിഡുമായി ബന്ധിക്കുമ്പോൾ, വൈറിയോണുകളിലെ സ്പൈക്ക് പ്രോട്ടീൻ അവയുടെ ആകൃതി മാറ്റുന്നുവെന്ന് അവർ കണ്ടെത്തി. ഗവേഷകർ പറയുന്നതനുസരിച്ച്, ആകൃതിയിൽ മാറ്റം വരുത്തുന്ന ഈ രീതിയാണ് വൈറസിനെ പ്രതിരോധ സംവിധാനത്തിൽ നിന്ന് ഫലപ്രദമായി മറയ്ക്കുന്നത്.
advertisement
"ഇൻഫ്ലമേറ്ററി ഫാറ്റി ആസിഡുകളുമായി ബന്ധിപ്പിക്കുമ്പോൾ സ്പൈക്ക് പ്രോട്ടീൻ പെട്ടെന്ന് താഴുന്നതിനാൽ, രോഗപ്രതിരോധ സംവിധാനത്തിന് വൈറസ് ദൃശ്യമാകുന്നത് കുറയുന്നു" രണ്ടാമത്തെ പഠനത്തിന്റെ പ്രധാന രചയിതാവായ ഓസ്കർ സ്റ്റൗഫർ പറഞ്ഞു. " ദീർഘ നേരത്തേക്ക് പ്രതിരോധ സംവിധാനത്തിന്റെ കണ്ടെത്തലും ശക്തമായ രോഗപ്രതിരോധ പ്രതികരണവും ഒഴിവാക്കാനും അണുബാധയുടെ കാര്യക്ഷമത ഉയർത്താനും ഉള്ള ഒരു സംവിധാനമാണിത്" സ്റ്റൗഫർ പറഞ്ഞു. “ഈ ഫാറ്റി ആസിഡുകൾ തിരിച്ചറിയാൻ പ്രത്യേകം നിർമ്മിച്ച ഈ പോക്കറ്റ് രോഗബാധിതരുടെ ശരീരത്തിനുള്ളിൽ സാർസ് കോവ് 2(SARS-CoV-2) ന് ഒരു ആനുകൂല്യം നൽകുന്നു, അതായത് ഇത് വളരെ വേഗത്തിൽ പെരുകാൻ അനുവദിക്കുന്നു" ബർഗർ കൂട്ടിച്ചേർത്തു.
advertisement
എന്നിരുന്നാലും, അതേ സവിശേഷത വൈറസിനെ പരാജയപ്പെടുത്തുന്നതിനുള്ള ഒരു സവിശേഷമായ അവസരവും നൽകുന്നുവെന്ന് ഗവേഷകർ അഭിപ്രായപ്പെട്ടു, കാരണം പോക്കറ്റിനെ മറയ്ക്കുന്ന പ്രത്യേകം നിർമ്മിച്ച ഒരു ആൻറിവൈറൽ തന്മാത്ര ഉപയോഗിച്ചാണ് ഇത് സംരക്ഷിക്കപ്പെടുന്നത്.
ലോകാരോഗ്യ സംഘടന പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഫെബ്രുവരി രണ്ടാം വാരത്തോടെ ലോകമെമ്പാടും 75,000 ത്തിലേറെ കോവിഡ് മരണങ്ങളാണ് സംഭവിച്ചിരിക്കുന്നത്. ഇതിന് മുമ്പുള്ള ആഴ്ചയില്‍ 35,000ത്തിലധികം ആളുകള്‍ മരിച്ചിരുന്നു. പടിഞ്ഞാറന്‍ പസഫിക് മേഖലയില്‍ കോവിഡ് മൂലമുള്ള മരണങ്ങളുടെ എണ്ണത്തില്‍ 27 ശതമാനം വര്‍ധനവ് ഉണ്ടായി. അതേസമയം കിഴക്കന്‍ മെഡിറ്ററേനിയന്‍ മേഖലയില്‍ 38 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മരണസംഖ്യയില്‍ ആഫ്രിക്കയില്‍ 14 ശതമാനവും അമേരിക്കയില്‍ 5 ശതമാനവും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. യൂറോപ്പില്‍ മരണസംഖ്യ അതേ നിലയില്‍ തുടരുമ്പോള്‍ തെക്കുകിഴക്കന്‍ ഏഷ്യയില്‍ 9 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഏതാനും ആഴ്ചകളായി കോവിഡ് 19 മൂലമുള്ള മരണങ്ങളുടെ എണ്ണം ഉയർന്നു കൊണ്ടിരിക്കുകയാണ്.
Location :
First Published :
March 07, 2022 1:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | കോവിഡ് ബാധിച്ചവരുടെ വിവിധ ശരീരഭാഗങ്ങളിൽ വ്യത്യസ്ത വകഭേദങ്ങൾ മറഞ്ഞിരിക്കാൻ സാധ്യതയെന്ന് പഠനം


