ജൂൺ നാലിനാണ് കോവിഡിനെ തുടർന്ന് വിശ്വനാഥൻ നായരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മകൻ അഭിനായർക്കാണ് ആദ്യം കോവിഡ് ബാധിച്ചത്. പിന്നാലെ വിശ്വനാഥൻ നായർ, ഭാര്യ ലളിത, അഭിയുടെ ഭാര്യ എന്നിവർക്കും രോഗം ബാധിച്ചു. അഭിയുടെ രണ്ടര വയസുള്ള മകൾക്ക് മാത്രമാണ് കോവിഡ് ബാധിക്കാതിരുന്നത്. മകളുടെ നാല് പരിശോധന ഫലങ്ങളും നെഗറ്റീവ് ആയിരുന്നുവെന്ന് അഭി പറഞ്ഞു.
തനിക്ക് കടുത്ത പനിയായിരുന്നു ലക്ഷണമെന്ന് അഭി പറഞ്ഞു. അച്ഛന് ഇടവിട്ട പനിയും വിറയലും ഉണ്ടായിരുന്നു. അമ്മയ്ക്കും ഭാര്യയ്ക്കും ചെറിയ ലക്ഷണങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. ഓക്സിമീറ്ററിൽ ഓക്സിജൻ ലെവൽ പരിശോധിക്കുന്നുണ്ടായിരുന്നു. ജൂൺ നാലിന് ഓക്സിജൻ ലെവൽ കുറഞ്ഞതിനെ തുടർന്നാണ് അച്ഛനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആംബുലൻസിലാണ് കൊണ്ടുപോയത്. അദ്ദേഹത്തിന് മറ്റ് പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നും അഭി പറഞ്ഞു. ആശുപത്രിയിൽ ചെന്ന ശേഷമാണ് അദ്ദേഹത്തിന്‍റെ ആരോഗ്യനില വഷളായത്- അഭി പറഞ്ഞു.
advertisement
ഇപ്പോൾ അച്ഛൻ കോവിഡ് നെഗറ്റീവ് ആയി. കോവിഡിന്റെ അനന്തരഫലങ്ങളാണ് ഇപ്പോൾ അനുഭവിക്കുന്നതെന്നാണ് അഭി പറഞ്ഞു. ശ്വസിക്കാനുളള ബുദ്ധിമുട്ട്, ശ്വാസകോശത്തിനുള്ള തകരാർ എന്നിവയാണ് ഇപ്പോൾ നേരിടുന്ന പ്രശ്നം. കൂടാതെ വെന്റിലേറ്ററിലായിരുന്നതിനാൽ ഇരിക്കാനും നിൽക്കാനും കഴിയുന്നില്ല. കഴിഞ്ഞയാഴ്ചയാണ് അദ്ദേഹത്തെ വാർഡിലേക്ക് മാറ്റിയത്. രണ്ട് മാസം കൊണ്ടാണ് അച്ഛൻ നെഗറ്റീവ് ആയതെന്നും അഭി പറഞ്ഞു.
ജനുവരി മധ്യത്തിലാണ് വിശ്വനാഥൻ നായരും ഭാര്യയും സന്ദർശക വിസയിൽ മെൽബണിലെത്തിയത്. ജൂണിൽ തിരികെ വരാനായിരുന്നു തീരുമാനിച്ചിരുന്നത്. ഇതിനിടെയാണ് കോവിഡ് ബാധിച്ചത്
കടുത്ത മാനസിക വെല്ലുവിളികളാണ് നേരിടേണ്ടി വന്നതെന്ന് അഭി പറഞ്ഞു. അച്ഛന് ജീവൻ ലഭിക്കുമെന്നോ അദ്ദേഹത്തെ കാണാൻ കഴിയുമോ എന്നുപോലും അറിയില്ലായിരുന്നു. ആശുപത്രി നല്ല പിന്തുണയാണ് നൽകുന്നതെന്നും അഭി. അച്ഛന് ഉടൻ നാട്ടിലേക്ക് പോകാൻ കഴിയില്ലെന്നാണ് ഡോക്ടർമാർ പറഞ്ഞതെന്നും അഭി വ്യക്തമാക്കി.