നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്നു ഉച്ചയ്ക്കു ശേഷം വന്ന പരിശോധന ഫലത്തിലാണ് മുഖ്യമന്ത്രിക്ക് കോവിഡ് ആണെന്ന് സ്ഥിരീകരിച്ചത്. നിലവില്‍ മുഖ്യമന്ത്രിക്ക് രോഗലക്ഷണങ്ങള്‍ ഇല്ല. അദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. പിണറായിയിലെ വീട്ടിലാണ് മുഖ്യമന്ത്രി ഇപ്പോഴുള്ളത്. മുഖ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി അടിയന്തര യോഗം വിളിച്ചു ചേർത്തു. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശമനുസരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കും. വോട്ടെടുപ്പ് ദിനം മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണാ വിജയന് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. കോവിഡ് സ്ഥിരീകരിച്ച വിവരം മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു. അടുത്ത ദിവസങ്ങളിൽ ഞാനുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകേണ്ടതാണെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
advertisement
പി പി ഇ കിറ്റ് ധരിച്ചാണ് വീണ വോട്ട് രേഖപ്പെടുത്താന്‍ എത്തിയത്. ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം വന്ന പരിശോധന ഫലത്തിലാണ് വീണയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് വൈകിട്ട് ആറരയോടെയാണ് വീണ വോട്ട് ചെയ്യാൻ എത്തിയത്. കോവിഡ് സ്ഥിരീകരിച്ച വീണയ്ക്ക് മറ്റു രോഗലക്ഷണങ്ങളില്ല. വീട്ടിൽ ഐസൊലേഷനിൽ കഴിയാനാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വോട്ട് പിണറായിയിലെ ആര്‍ സി അമല സ്കൂളിലായിരുന്നു. രാവിലെ മുഖ്യമന്ത്രിയും ഭാര്യയും ഇതേ ബൂത്തില്‍ ആണ് വോട്ട് രേഖപ്പെടുത്തിയത്. രാവിലെ പിണറായിയിലെ വീട്ടിൽ നിന്ന് കാൽനടയായി എത്തിയാണ് പിണറായി വിജയനും ഭാര്യ കമലയും വോട്ട് രേഖപ്പെടുത്തിയത്.
Also Read- കോവിഡ് പ്രോട്ടോക്കോളിൽ കേരളം മാറ്റം വരുത്തിയിട്ടില്ല: ചീഫ് സെക്രട്ടറി
സംസ്ഥാനത്ത് ഇന്ന് 4353 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 654, കോഴിക്കോട് 453, തിരുവനന്തപുരം 444, തൃശൂര്‍ 393, മലപ്പുറം 359, കണ്ണൂര്‍ 334, കോട്ടയം 324, കൊല്ലം 279, ആലപ്പുഴ 241, കാസര്‍ഗോഡ് 234, പാലക്കാട് 190, വയനാട് 176, പത്തനംതിട്ട 147, ഇടുക്കി 125 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (103), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 111 പേര്‍ക്കാണ് ഇതുവരെ കോവിഡ്19 സ്ഥിരീകരിച്ചത്. ഇവരില്‍ 106 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 63,901 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.81 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,35,78,641 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
