TRENDING:

Explained: കോവിഡും ഫംഗൽ അണുബാധയും; ബ്ലാക്ക് ഫംഗസിനെക്കുറിച്ച് അറിയേണ്ടതെല്ലാം

Last Updated:

ഈ ഫംഗൽ അണുബാധകളെക്കുറിച്ച് പലർക്കും നിരവധി സംശയങ്ങൾ ഉണ്ടാകും. വളരെ സാധാരണയായി ഉയരുന്ന ചില സംശയങ്ങൾക്കുള്ള ഉത്തരം അറിയാം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കഴിഞ്ഞ ഒരു വർഷത്തിലേറെ കാലമായി മാനവരാശി കൊറോണ വൈറസിനെതിരെ പൊരുതുകയാണ്. ഈ വർഷം മനുഷ്യജീവിതം കൂടുതൽ ദുരിതപൂർണമാക്കാൻ കോവിഡിനൊപ്പം ചില ഫംഗൽ അണുബാധകൾ കൂടി പടർന്നു പിടിക്കാൻ തുടങ്ങിയിട്ടുണ്ട്. ബ്ലാക്ക് ഫംഗസിന്റെയും വൈറ്റ് ഫംഗസിന്റെയും വാർത്തകൾ ജനങ്ങൾക്കിടയിൽ വലിയ ഭീതി സൃഷ്ടിച്ചുകൊണ്ടാണ് പ്രചരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ ഫംഗൽ അണുബാധകളെക്കുറിച്ച് പലർക്കും നിരവധി സംശയങ്ങൾ ഉണ്ടാകും. വളരെ സാധാരണയായി ഉയരുന്ന ചില സംശയങ്ങൾക്ക് ഉത്തരം നൽകുകയാണ് ഇവിടെ.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

ബ്ലാക്ക് ഫംഗസും വൈറ്റ് ഫംഗസും എന്താണ്?

ഒരു തരം ഫംഗസ് മൂലം ഉണ്ടാകുന്ന രോഗബാധയാണ് മ്യൂക്കോർമൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ്. ഫംഗസ് ബാധയേറ്റ കോശങ്ങളിൽ കറുത്ത നിറത്തിലുള്ള കോളനികൾ രൂപപ്പെടുന്നു. അതുപോലെ തന്നെ അണുബാധ ഉണ്ടാകുന്ന കോശങ്ങളിൽ വെള്ള കോളനികൾ രൂപീകരിക്കുന്ന തരം ഫംഗസുകളാണ് കാൻഡിഡ അഥവാ വൈറ്റ് ഫംഗസിന് കാരണമാകുന്നത്.

ഈ രോഗങ്ങൾ പകരുന്നത് എങ്ങനെ?

പ്രധാനമായും ശ്വസനത്തിലൂടെയാണ് അന്തരീക്ഷത്തിലെ ഈ ഫംഗസുകൾ മനുഷ്യരിലേക്ക് കടക്കുന്നത്. തൊലിപ്പുറത്തെ മുറിവുകളിലൂടെയും അപൂർവമായി ഈ ഫംഗസുകൾ ശരീരത്തിലേക്ക് പ്രവേശിക്കാറുണ്ട്.

advertisement

ഇവയുടെ ഉറവിടം എന്താണ്?

മറ്റു സൂക്ഷ്മാണുക്കളായ വൈറസുകളെയും ബാക്ടീരിയയെയും പോലെ ഈ ഫംഗസുകളും അന്തരീക്ഷത്തിൽ സ്വാഭാവികമായി കാണപ്പെടുന്നവയാണ്. മണ്ണിലും വായുവിലും സാധാരണ ഉണ്ടാകാറുള്ള ഈ ഫംഗസ് മനുഷ്യരുടെ മൂക്കിലും മ്യൂക്കസിലും കാണപ്പെടാറുണ്ട്.

വായുവിലൂടെയാണോ ഇവ പകരുക?

അതെ. ഈ ഫംഗസ് വായുവിലാണ് കാണപ്പെടുന്നത് എന്നുള്ളതുകൊണ്ട് ഇവ പകരുന്നത് തടയുക അസാധ്യമാണ്.

സമ്പർക്കത്തിലൂടെ ഈ ഫംഗസ് പകരുമോ?

മനുഷ്യർ തമ്മിലുള്ള സമ്പർക്കത്തിലൂടെ പകരുന്ന രോഗങ്ങളല്ല ഇവ.

എല്ലാ മനുഷ്യരിലും ഈ ഫംഗസ് മൂലമുള്ള രോഗബാധ ഉണ്ടാകാൻ സാധ്യതയുണ്ടോ?

advertisement

എല്ലാത്തരം സൂക്ഷ്മാണുക്കളും വായുവിൽ കാണപ്പെടുന്നതിനാൽ അവ ശരീരത്തിലേക്ക് പ്രവേശിക്കുന്നത് തടയുക എന്നത് അസാധ്യമാണ്. എന്നാൽ, ഇവ ശരീരത്തിൽ പ്രവേശിക്കുന്ന എല്ലാ വ്യക്തികൾക്കും രോഗബാധ ഉണ്ടാകുന്നില്ല. ഓരോരുത്തരുടെ രോഗപ്രതിരോധ ശേഷി അനുസരിച്ചാണ് രോഗബാധ ഉണ്ടാവുക. മിക്കവാറും ആളുകളിൽ അവരിലെ സ്വാഭാവിക രോഗപ്രതിരോധ ശേഷി ഈ ഫംഗസ് രോഗബാധയെ ചെറുക്കുന്നു. മെച്ചപ്പെട്ട രോഗപ്രതിരോധമുള്ള മനുഷ്യരിൽ ഈ ഫംഗസ് ശരീരത്തിലേക്ക് കടക്കുമ്പോൾ തന്നെ അവയുടെ വ്യാപനം ചെറുക്കപ്പെടുന്നു.

ആർക്കാണ് ഈ രോഗബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലുള്ളത്?

advertisement

രോഗപ്രതിരോധ ശേഷി താരതമ്യേന കുറഞ്ഞവരിലാണ് ഈ അണുബാധ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലുള്ളത്. 60 വയസിനു മുകളിൽ പ്രായമുള്ളവർ, നിയന്ത്രണാതീതമായ പ്രമേഹരോഗം ഉള്ളവർ, ഗുരുതരമായ വൃക്കരോഗം ഉള്ളവർ, ഗുരുതരമായ കരൾരോഗം ഉള്ളവർ, ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമണറി ഡിസീസ്, ആസ്ത്മ, ക്ഷയം തുടങ്ങിയ രോഗങ്ങൾ ഉള്ളവർ, അർബുദ രോഗചികിത്സയ്‌ക്ക് വേണ്ടിയോ അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള പരിചരണത്തിന്റെ ഭാഗമായോ സ്റ്റെറോയ്ഡുകൾ ഉപയോഗിക്കുന്നവർ, വളരെക്കാലമായി ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നവർ, പോഷകക്കുറവ് ഉള്ളവർ, പുകവലിയോ മദ്യപാനമോ ശീലമാക്കിയവർ തുടങ്ങിയവർക്ക് രോഗബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

advertisement

എല്ലാ കോവിഡ് രോഗികൾക്കും ഈ ഫംഗസ് രോഗബാധ ഉണ്ടാകുമോ?

ഇല്ല. ബ്ലാക്ക് ഫംഗസ്, വൈറ്റ് ഫംഗസ് എന്നിവ വളരെ അപൂർവമായി മാത്രമുണ്ടാകുന്ന രോഗങ്ങളാണ്, എല്ലാ കോവിഡ് രോഗികൾക്കും ഈ രോഗബാധകൾ ഉണ്ടാകില്ല.

കോവിഡ് രോഗികളിൽ ഈ ഫംഗസ് ബാധ വ്യാപകമാകാനുള്ള കാരണമെന്ത്?

കോവിഡ് രോഗബാധ മൂലം ആളുകളിൽ രോഗപ്രതിരോധശേഷി കുറയുന്നു. അത് ശരീരത്തിൽ മറ്റ് ബാക്റ്റീരിയ, ഫംഗസ് മുതലായവർക്ക് വളരാനുള്ള സാഹചര്യം സൃഷ്ടിക്കുന്നു. അതുപോലെ, കോവിഡ് ചികിത്സയുടെ ഭാഗമായി സ്റ്റെറോയ്ഡുകൾ പോലുള്ള മരുന്നുകൾ ഉപയോഗിക്കുന്നവരിൽ, സൂക്ഷ്മാണുക്കൾക്കെതിരെ ശരീരത്തിൽ പ്രതിരോധം തീർക്കുന്ന ഒരുതരം ശ്വേത രക്തകോശമായ ലിംഫോസൈറ്റുകളുടെ എണ്ണം കുറയുന്നു. വൈറസിനെതിരെ ശരീരത്തിൽ ഉടലെടുക്കുന്ന തീവ്രമായ രോഗപ്രതിരോധ പ്രതികരണത്തെ നിയന്ത്രിച്ച് ജീവൻ രക്ഷിക്കാൻ ഉപയോഗിക്കുന്നതാണ് ഈ മരുന്നുകൾ. അതിലൂടെ രോഗപ്രതിരോധ സംവിധാനം ദുർബലപ്പെട്ടാൽ ഫംഗസ് ബാധ ഉണ്ടാകാനുള്ള സാധ്യതയും കൂടുന്നു. ഈ സാധ്യത മുൻനിർത്തി ഈ മരുന്നുകൾ പാടെ ഒഴിവാക്കാൻ കഴിയില്ല, കോവിഡ് ചികിത്സയിൽ ഗുരുതരമായ ഘട്ടങ്ങളിൽ ഉപയോഗിക്കുന്ന ജീവൻരക്ഷാ മരുന്നുകൾ ആണിവ.

കോവിഡ് ബാധിതർ അല്ലാത്തവരിലും ഈ ഫംഗസ് രോഗങ്ങൾ ഉണ്ടാകുമോ?

തീർച്ചയായും. രോഗപ്രതിരോധ ശേഷി കുറഞ്ഞവരിൽ ആരിലും ഈ രോഗബാധകൾ ഉണ്ടായേക്കാം. അവർക്ക് കോവിഡ് വരണമെന്ന് നിർബന്ധമൊന്നുമില്ല.

ബ്ലാക്ക് ഫംഗസിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?

ഏത് ശരീരഭാഗത്തെയാണോ ഫംഗസ് ബാധിച്ചിരിക്കുന്നത് എന്നതനുസരിച്ച് ലക്ഷണങ്ങളിലും മാറ്റമുണ്ടാകും. ശ്വസിക്കുന്നതിലൂടെയാണ് ഈ ഫംഗസ് ശരീരത്തിലേക്ക് പ്രവേശിക്കുന്നതെങ്കിൽ അത് മൂക്ക്, കണ്ണ് മുതലായ അവയവങ്ങളെയും ഗുരുതരമായാൽ തലച്ചോറിനെ വരെയും ബാധിച്ചേക്കാം. തലവേദന, മൂക്കടപ്പ്, മൂക്കിൽ നിന്ന് പച്ച നിറത്തിലുള്ള ഡിസ്ചാർജ്, മൂക്കിൽ നിന്ന് രക്തസ്രാവം, മൂക്ക് വേദന, മുഖത്ത് നീര്, മുഖത്ത് സംവേദനക്ഷമത നഷ്ടമാവുക, ചർമത്തിലെ നിറംമാറ്റം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. ഫംഗസ് ബാധ നേരിട്ട് ശ്വാസകോശങ്ങളെ ബാധിക്കുകയാണെങ്കിൽ പനി, നെഞ്ചുവേദന, ചുമ, ചുമയ്ക്കുമ്പോൾ ചോര വരിക തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടായേക്കാം. ദഹനനാളത്തേയും ശരീരചർമത്തെയുമൊക്കെ ഈ രോഗം ബാധിച്ചേക്കാം.

ബ്ലാക്ക് ഫംഗസ് അണുബാധ എങ്ങനെയാണ് സ്ഥിരീകരിക്കുക?

ലക്ഷണങ്ങൾ ഇതുമായി സാമ്യമുള്ളതാണെന്ന് ഉറപ്പായാൽ എം ആർ ഐ സ്കാനിങ് പോലെയുള്ള റേഡിയോളജിക്കൽ പരിശോധനകൾ നടത്തും. തുടർന്ന് രോഗബാധ ഉണ്ടായിട്ടുള്ള ശരീരഭാഗത്തിന്റെ ബയോപ്സി നടത്തി രോഗം സ്ഥിരീകരിക്കും.

ഈ രോഗം ചികിത്സിച്ച് ഭേദമാക്കാൻ കഴിയുമോ?

വളരെ നേരത്തെ രോഗബാധ സ്ഥിരീകരിച്ചാൽ ആംഫോടെറിസിൻ തുടങ്ങിയ ആന്റി ഫംഗൽ മരുന്നുകൾ ഉപയോഗിച്ച് ചികിത്സിച്ച് ഭേദമാക്കാൻ കഴിയും. രോഗത്തിന്റെ ഗുരുതരാവസ്ഥ അനുസരിച്ച് ചിലപ്പോൾ രോഗബാധ ഉണ്ടായ ശരീരഭാഗം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടതായും വന്നേക്കാം.

Keywords: Black Fungus, White Fungus, Covid 19, Mucormycosis, Fungal Infection, Treatment, ബ്ലാക്ക് ഫംഗസ്, വൈറ്റ് ഫംഗസ്, കോവിഡ് 19, മ്യൂക്കോർമൈക്കോസിസ്, ഫംഗൽ അണുബാധ, ചികിത്സ

മലയാളം വാർത്തകൾ/ വാർത്ത/Corona/
Explained: കോവിഡും ഫംഗൽ അണുബാധയും; ബ്ലാക്ക് ഫംഗസിനെക്കുറിച്ച് അറിയേണ്ടതെല്ലാം
Open in App
Home
Video
Impact Shorts
Web Stories