കഴിഞ്ഞ ദിവസമാണ് കോവിഡ് വാക്സിൻ പരീക്ഷണത്തിന് സ്വയം തയ്യാറായി 67 കാരനായ അനിൽ വിജ് രംഗത്തു വന്നത്. ഇതിന് പിന്നാലെ തൊട്ടടുത്ത ദിവസം തന്നെ മന്ത്രി കുത്തിവെപ്പും സ്വീകരിച്ചു. നവംബർ 20 മുതൽ കോവാക്സിൻ പരീക്ഷണം ആരംഭിക്കുമെന്നും ആദ്യ വളണ്ടിയർ താനായിരിക്കുമെന്നും മന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
അംബാല കന്റോൺമെന്റിലെ സിവിൽ ആശുപത്രിയിൽ നിന്നാണ് മന്ത്രി വാക്സിൻ സ്വീകരിച്ചത്. മന്ത്രിയുടെ വിദഗ്ധ ഡോക്ടർമാർ വരും ദിവസങ്ങളിൽ നിരീക്ഷിക്കും. വാക്സിന്റെ ആദ്യ രണ്ട് ഘട്ട പരീക്ഷണങ്ങൾ വിജയകരമായിരുന്നു. അടുത്ത വർഷം തുടക്കത്തോടെ ഭാരത് ബയോടെക് കോവിഡ് വാക്സിൻ ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ.
advertisement
ഇന്ത്യയിൽ നടക്കുന്ന കോവിഡ് വാക്സിൻ പരീക്ഷണങ്ങളിൽ മൂന്നാംഘട്ട പരീക്ഷണം നടക്കുന്നത് കൊവാക്‌സിൻ മാത്രമാണ്. ഐ.സി.എം.ആറുമായി സഹകരിച്ചുളള പരീക്ഷണങ്ങൾക്ക് 26,000 പേരാണ് പങ്കെടുക്കുക. ഇന്ത്യയിൽ നടക്കുന്ന ഏറ്റവും വലിയ ക്ലിനിക്കൽ പരീക്ഷണമായിരിക്കും ഇത്. ഒന്നും രണ്ടും ഘട്ടങ്ങളിൽ ആയിരം പേരിലായിരുന്നു പരീക്ഷണം.
അതേസമയം, രാജ്യത്തെ ആകെ കോവിഡ് കേസുകൾ 90 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,882 കേസുകൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 90,04,365 ആയി. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് ഇതിൽ 84,28,410 പേർ രോഗമുക്തി നേടിയിട്ടുണ്ട്. കഴിഞ്ഞ ഒറ്റദിവസം മാത്രം ചികിത്സയിലിരുന്ന 44,807 പേരാണ് രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്. നിലവിൽ 4,43,794 സജീവ കേസുകളാണ് രാജ്യത്തുള്ളത്.
ഇന്ത്യൻ കൗൺസില്‍ ഓഫ് മെഡിക്കൽ റിസര്‍ച്ച് കണക്കുകള്‍ അനുസരിച്ച് ഇതുവരെ 12,95,91,786 സാമ്പിളുകളാണ് പരിശോധിച്ചിട്ടുള്ളത്. ദിനംപ്രതി പത്തുലക്ഷമോ അതിലധികമോ സാമ്പിളുകൾ പരിശോധിക്കുന്നുമുണ്ട്. കഴിഞ്ഞ ദിവസം മാത്രം 10,83,397 സാമ്പിളുകളാണ് പരിശോധിച്ചത്.