കോവിഡ് മൂന്നാം തരംഗത്തിന്റെ ആശങ്ക നിലനിൽക്കേ വാക്സിനേഷൻ പ്രവർത്തനങ്ങൾ ഊർജിതമാക്കുകയാണ് സംസ്ഥാനം. ജൂൺ 1 മുതൽ ഇതിനായി സ്പെഷ വാക്സിനേഷൻ ക്യാമ്പയിനാണ് സംസ്ഥാന സർക്കാർ ആരംഭിച്ചിരിക്കുന്നത്. 18 നും 44 നും ഇടയിൽ പ്രായമുളള 3 കോടി പേർക്ക് ജൂൺ മാസത്തിലും 1 കോടി പേർക്ക് ജൂലൈ മാസത്തിലും വാക്സിൻ കുത്തിവെപ്പ് നൽകുകയാണ് ലക്ഷ്യം
വഴിയോര കച്ചവടക്കാരെയും ഓട്ടോറിക്ഷാ ഡ്രൈവർമാരെയും സ്പെഷ്യൽ വാക്സിനേഷൻ ക്യാമ്പയിനിൽ ഉൾപ്പെടുത്താനാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശം നൽകിയിരിക്കുന്നത്. “കോവിഡ് വൈറസിനെതിരെയുള്ള സുരക്ഷാ കവചമാണ് വാക്സിൻ. കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ സംസ്ഥാനത്തെ എല്ലാ ജനങ്ങൾക്കും എത്രയും പെട്ടെന്ന് വാക്സിൻ നൽകാൻ ഉത്തർപ്രദേശ് സർക്കാർ പ്രതിജ്ഞാബദ്ധമാണ്. 2 കോടി 2 ലക്ഷം ആളുകളാണ് ഇതിനോടകം കുത്തിവെപ്പ് എടുത്തിട്ടുള്ളത്” മുതിർന്ന ഉദ്യോഗസ്ഥരുമായുള്ള യോഗത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
advertisement
പാൽ, പച്ചക്കറി തുടങ്ങിയവ വിൽപ്പന നടത്തുന്നവർ, ഓട്ടോറിക്ഷാ, ടെമ്പോ, ഇ-റിക്ഷ എന്നിവയുടെ ഡ്രൈവർമാർ, മറ്റ് വഴിയോര കച്ചവടക്കാർ എന്നിവർക്കുള്ള വാക്സിൻ കുത്തിവെപ്പ് ജൂൺ പതിനാല് മുതൽ തുടങ്ങുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. റൂറൽ ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റ്, അർബൻ ഡെവലപ്പ്മെന്റ് ഡിപ്പാർട്ട്മെന്റ്, ഗതാഗത വകുപ്പ് എന്നിവരുമായി സഹകരിച്ചാണ് ഇവർക്ക് വാക്സിൻ കുത്തിവെപ്പ് ഉറപ്പാക്കുക. ഇതിനായുള്ള ആക്ഷൻ പ്ലാനും തയ്യാറാക്കിയിട്ടുണ്ട്. സെന്‍ററുകളും സംസ്ഥാന വ്യാപകമായി തിങ്കളാഴ്ച്ച മുതൽ പ്രവർത്തിച്ച് തുടങ്ങും.
Also Read-ബിറ്റ്കോയിൻ കറൻസിയായി അംഗീകരിച്ച് എൽ സാൽവഡോർ; ഇത്തരമൊരു തീരുമാനമെടുക്കുന്ന ആദ്യ രാജ്യം
കോവിഡിൻ്റെ രണ്ടാം തരംഗം അതിരൂക്ഷമായി ബാധിച്ച സംസ്ഥാനങ്ങളിൽ ഒന്നാണ് ഉത്തർപ്രദേശ്. കോവിഡ് ബാധിച്ച രോഗികൾ ഓക്സിജൻ കിട്ടാതെ മരിക്കുന്ന സംഭവവും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരുന്നു. ആഗ്രയിലെ ഒരു ആശുപത്രിയിൽ ഓക്സിജൻ മോക്ഡ്രിൽ നടത്തുന്നതിനിടെ 22 കോവിഡ് രോഗികൾ മരിച്ചെന്ന് പറയുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ആശുപത്രി മാനേജറിൻ്റെ ശബ്ദം അടങ്ങിയ വീഡിയോ വിവാദമായതിന് പിന്നാലെ ജില്ലാ ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
തിങ്കളാഴ്ച്ച 727 പുതിയ കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 2860 പേർ കോവിഡ് ഭേദമായി ആശുപത്രി വിടുകയും ചെയ്തു. 9286 പേരാണ് നിലവിൽ ഹോം ഐസൊലേഷനിൽ കഴിയുന്നത്. സംസ്ഥാനത്ത് ഇതുവരെ 17 ലക്ഷത്തോളം പേരാണ് കോവിഡ് ബാധിച്ച് രോഗമുക്തി നേടിയത്. കോവിഡ് മരണ നിരക്കിലും മറ്റും സംസ്ഥാനം ഒളിച്ചുകളി നടത്തുകയാണ് എന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആരോപണം.