Also Read-സൗദി അറേബ്യയ്ക്കും ഇന്ത്യയുടെ കോവിഡ് വാക്സിൻ; നൽകുന്നത് 30 ലക്ഷം ഡോസുകൾ
ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകൾ അനുസരിച്ച് ഒറ്റദിവസത്തിനിടെ 117 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ എട്ടുമാസത്തിനിടെ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന മരണക്കണക്ക് കൂടിയാണിത്. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,53,587 ആയി. മരണനിരക്ക് കുറഞ്ഞു നില്‍ക്കുന്നതാണ് രാജ്യത്ത് ഏറ്റവും ആശ്വാസം ഉയർത്തുന്ന കാര്യം. 1.44% ആണ് ഇവിടെ മരണനിരക്ക്. അതുപോലെ തന്നെ രോഗമുക്തരാകുന്നവരുടെ നിരക്കും ഉയർന്നു നിൽക്കുകയാണ്. 96.90% ആണ് കോവിഡ് മുക്തരാവുന്നവരുടെ നിരക്ക്.
advertisement
രോഗപരിശോധനകളും വിട്ടുവീഴ്ചയില്ലാതെ തുടരുന്നുണ്ട്. ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിന്‍റെ കണക്കുകൾ അനുസരിച്ച് 19,30,62,694 സാമ്പിളുകളാണ് ഇതുവരെ പരിശോധിച്ചത്. കഴിഞ്ഞ ദിവസം മാത്രം 7,25,577 സാമ്പിളുകൾ പരിശോധിച്ചിരുന്നു.
ഇതിനിടെ രാജ്യത്ത് കോവിഡ് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം ഇരുപത് ലക്ഷം കടന്നുവെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്സിനേഷൻ ഡ്രൈവ് എന്ന് വിശേഷിപ്പിച്ച് ഇന്ത്യയിൽ ആരംഭിച്ച വാക്സിൻ വിതരണം പത്ത് ദിവസം പിന്നിടുമ്പോഴുള്ള കണക്കുകൾ ആണിത്.കോവിഡ് പോരാട്ടത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ആരോഗ്യപ്രവർത്തകർ ഉള്‍പ്പെടെയുള്ളവർക്കാണ് ആദ്യഘട്ടത്തിൽ വാക്സിൻ നൽകുന്നത്. മുൻഗണനാപട്ടികയിൽ ഉൾപ്പെട്ട മൂന്ന് കോടി ആളുകളാണ് ആദ്യഘട്ടത്തിൽ ഉൾപ്പെട്ടിരിക്കുന്നത്.
അതേസമയം കോവിഡ് വാക്‌സിനുകള്‍ക്ക് എതിരെ പ്രചാരണം നടത്തുന്നവർക്കെതിരെ കേന്ദ്രസർക്കാർ രംഗത്തെത്തിയിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കോവിഡ് വാക്‌സിനുകളുടെ സുരക്ഷയും ഫലപ്രാപ്തിയും സംബന്ധിച്ച് അടിസ്ഥാനരഹിതവും തെറ്റിദ്ധാരണാജനകവുമായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.