ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സലാഹിനെ സംഘം തട്ടിക്കൊണ്ടുപോയത്. ക്രൂരമായ മർദ്ദനത്തിനൊടുവിലാണ് കൂർത്ത ആയുധം ഉപയോഗിച്ച് കൈകൾ മുറിച്ചു മാറ്റിയത്. കണ്ണുകൾ ചൂഴ്ന്നെടുക്കുകയും ചെയ്തു. ഇതിനു ശേഷം മുറിച്ചെടുത്ത കൈകൾ പ്ലാസ്റ്റിക് ബാഗിലാക്കി കുട്ടിയുടെ മാതാവിന് അയച്ചു കൊടുക്കുകയായിരുന്നു. 'ബ്രെഡ് വാങ്ങി മടങ്ങി വരുന്ന വഴി രത്ത് പേർ ചേര്‍ന്ന് തട്ടിക്കൊണ്ടു പോവുകയായിരുന്നു എന്ന കാര്യം സലാഹ് തന്നെ ഒരു പ്രാദേശിക ചാനലിന് നൽകിയ അഭിമുഖത്തിൽ വിശദീകരിച്ചിരുന്നു.
advertisement
'കണ്ടപ്പോൾ തന്നെ അക്രമിസംഘത്തെ ഞാൻ തിരിച്ചറിഞ്ഞിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴേക്കും അവരെന്നെ പിടിച്ചിരുന്നു. ഒഴിഞ്ഞ പ്രദേശത്തെ ഒരു വീട്ടിലാണെത്തിച്ചത്. അവിടെ വച്ച് എന്‍റെ കൈകൾ മുറിച്ചെടുത്തു. കണ്ണുകൾ ചൂഴ്ന്നെടുത്തു. ദൈവമാണ് അവിടെ സംഭവിച്ചതൊക്കെ സഹിക്കാനുള്ള കരുത്ത് എനിക്ക് നൽകിയത്' എന്നായിരുന്നു കുട്ടിയുടെ വാക്കുകൾ.
കൃത്യത്തിലുൾപ്പെട്ട പ്രതികളിലൊരാളുടെ അമ്മാവന്‍റെ കൊലപാതകത്തിലുൾപ്പെട്ട വ്യക്തിയാണ് സലാഹിന്‍റെ പിതാവ്. ഈ വൈരാഗ്യമാണ് ക്രൂരമായ ആക്രമത്തിന് പിന്നിലെന്നാണ് ദൃക്സാക്ഷികളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. സലാഹിന് നേരെ നടന്ന ക്രൂരമായ ആക്രമത്തിന്‍റെ വീഡിയോ ദൃശ്യങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു എന്നാൽ നിഷ്ഠൂരവും അതിഭീകരവുമായ രംഗങ്ങൾ ഉൾപ്പെട്ടതിനാല്‍ വീഡിയോ അടിയന്തിരമായി തന്നെ നീക്കം ചെയ്യാനുള്ള നടപടികൾ അധികൃതർ സ്വീകരിച്ചിരുന്നു.
ഗുരുതരമായി പരിക്കേറ്റെങ്കിലും കുട്ടിയുടെ നില തൃപ്തികരമാണെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. അപകടനില തരണം ചെയ്തിട്ടുണ്ടെന്നും ഇവർ വ്യക്തമാക്കി. സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ സമൂഹത്തെ ഭയപ്പെടുത്തുന്ന കുറ്റകൃത്യങ്ങൾ ചെയ്യുന്ന കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് അബ്ദുല്ല രാജാവ് വീണ്ടും വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളുടെ രാജ്യത്ത് പൗരന്മാരുടെ സുരക്ഷയുടെ പ്രാധാന്യത്തെ സംബന്ധിച്ചും ഊന്നിപ്പറഞ്ഞ അദ്ദേഹം, പരിക്കേറ്റ കുട്ടിക്ക് ആവശ്യമായ ചികിത്സയും ആരോഗ്യ പരിരക്ഷയും നൽകാനും ഉത്തരവിട്ടു.