ഇന്ന് രാവിലെ അഞ്ചരയോടെ ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിയ ചെന്നൈ - ആലപ്പി ട്രെയിനിൽ ആർപിഎഫ് നടത്തിയ പരിശോധനയിലാണ് 16 കിലോ സ്വർണം പിടികൂടിയത്. ചെന്നൈയിൽ നിന്നും തൃശൂരിലേക്ക് കടത്താൻ ശ്രമിച്ച സ്വർണമാണ് അധികൃതർ പിടികൂടിയത്.
കേസിൽ തൃശൂർ ഇടക്കുന്നി സ്വദേശി നിർമേഷ്, കരുമാത്ര സ്വദേശി ഹരികൃഷ്ണൻ, നെന്മക്കര സ്വദേശി ടുബിൻ ടോണി എന്നിവരെ കസ്റ്റഡിയിലെടുത്തു. ഏഴു കോടി അറുപത് ലക്ഷം രൂപ വില വരുന്ന സ്വർണമാണ് പിടിച്ചെടുത്തത്.
advertisement
ത്യശൂരിലെ വിവിധ ജ്വല്ലറികളിലേക്ക് നികുതി വെട്ടിച്ച് കടത്തിയ സ്വർണമാണിത്. പിടിച്ചെടുത്തവയിൽ 11 സ്വിറ്റ്സർലന്റ് നിർമ്മിത സ്വർണ്ണക്കട്ടികളാണുള്ളത്. പിടിച്ചെടുത്ത സ്വർണവും പ്രതികളെയും കസ്റ്റംസിന് കൈമാറി. പാലക്കാട് ആദ്യമായാണ് ഇത്രയധികം സ്വർണം പിടികൂടുന്നത്.
രണ്ടാഴ്ച്ച മുമ്പ്, നേത്രാവതി എക്‌സ്‌പ്രസിലെ യാത്രക്കാരനിൽ നിന്ന് 4.238 കിലോഗ്രാം സ്വർണാഭരണങ്ങൾ പിടികൂടിയിരുന്നു. രാജസ്ഥാൻ സ്വദേശി രമേശ് സിങ് രജാവത്ത് ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 2.2 കോടി രൂപ വിലമതിക്കുന്ന സ്വർണമാണ് ആർപിഎഫ് പിടിച്ചത്.
ട്രെയിൻ കോഴിക്കോട്ടേക്ക് എത്തുന്നതിനിടയിലാണ് സംഭവം. കേരളത്തിലെ സ്വർണവ്യാപാരികൾക്കായി മുംബൈയിൽ നിന്നും എത്തിച്ചതെന്നാണ് ഇയാൾ ചോദ്യം ചെയ്യലിൽ പറഞ്ഞത്. താനെയിൽനിന്നും എറണാകുളത്തേക്കായിരുന്നു ഇയാൾ ടിക്കറ്റ് എടുത്തിരുന്നത്.