യുഎസിലെ ഹാംപ്ടണ്‍സില്‍ നടന്ന സംഗീത പരിപാടിക്കിടെയാണ് ഇത്തരമൊരു പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പരിപാടിയില്‍ വിതരണം ചെയ്ത സൗജന്യ ടീ-ഷര്‍ട്ടിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ 75-കാരിയായ ഒരു റിയല്‍ എസ്റ്റേറ്റ് ഏജന്റ് ഒരു പെണ്‍കുട്ടിയെ കടിക്കുകയും മറ്റുകുട്ടികളെ ആക്രമിക്കുകയും ചെയ്തതായാണ് ആരോപണം. സംഭവത്തില്‍ ഗെയില്‍ ബോംസെയെന്ന സ്ത്രീയെ പോലീസ് അറസ്റ്റു ചെയ്തു.
പതിറ്റാണ്ടുകളായി ആഡംബര പ്രോപ്പര്‍ട്ടി വില്‍പ്പനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ഗെയിൽ ബോംസെ.
ട്യൂസ്‌ഡേയ്‌സ് ഓണ്‍ മെയിന്‍ ബീച്ച് ഇവന്റിനിടെ ഇവര്‍ നിരവധി കുട്ടികളെ ആക്രമിച്ചതായി ആരോപണമുയര്‍ന്നിട്ടുണ്ട്. ഏഴ് വയസ്സുള്ള ഒരു പെണ്‍കുട്ടിയുടെ കൈയ്യില്‍ കടിച്ച ശേഷം ഗെയില്‍ ബോംസെ പരിപാടിയില്‍ പങ്കെടുത്ത മറ്റ് കുട്ടികളെ അടിക്കുകയും ചവിട്ടുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇവരുടെ ആക്രമണം നേരിട്ടവര്‍ക്ക് പരിക്കുകളുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
advertisement
സംഗീത പരിപാടിയില്‍ വിതരണം ചെയ്ത സൗജന്യ ടീ-ഷര്‍ട്ടുകളില്‍ ഒന്ന് നേടിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. അതിനിടെ അവർ കുട്ടികളെ ഉപദ്രവിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
കടിയേറ്റ പെണ്‍കുട്ടിയുടെ മാതാപിതാക്കളാണ് പോലീസില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് ഗെയിൽ ബോംസെയെ പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. തേര്‍ഡ് ഡിഗ്രി ആക്രമണം, ഒരു കുട്ടിയെ അപകടത്തില്‍പ്പെടുത്തുക തുടങ്ങിയ കുറ്റങ്ങളാണ് അവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. അവര്‍ക്ക് ഹാജരാകാനുള്ള ടിക്കറ്റ് നല്‍കി പിന്നീട് പോലീസ് വിട്ടയച്ചു.
അതേസമയം, ആരോപണങ്ങള്‍ ഗെയില്‍ ബോംസെയുടെ അഭിഭാഷകന്‍ നിഷേധിച്ചു. 75 വയസ്സുള്ള ഒരു മുത്തശ്ശിയെന്നാണ് അവരെ അഭിഭാഷകന്‍ അഭിസംബോദന ചെയ്തത്. ഒരു കൂട്ടം ചെറുപ്പക്കാര്‍ ടീ-ഷര്‍ട്ട് ടോസ് ചെയ്യുന്നതിനിടെ അവരെ നിലത്ത് വീഴ്ത്തിയെന്നും പരിക്കേല്‍പ്പിച്ചതായും അഭിഭാഷകന്‍ പറഞ്ഞു. സഘാടകരെ വിവരം അറിയിച്ചപ്പോള്‍ അവര്‍ 75-കാരിയോട് ക്ഷമ ചോദിച്ചതായും അഭിഭാഷകന്‍ വ്യക്തമാക്കി.
മികച്ച മാനേജ്‌മെന്റും ഉചിതമായ ജനക്കൂട്ട നിയന്ത്രണ നടപടികളും ഉണ്ടായിരുന്നെങ്കില്‍ ഈ ദൗര്‍ഭാഗ്യകരമായ സംഭവം ഒഴിവാക്കാമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.