ആലുവയിലെ ഫ്ലാറ്റിൽ നടത്തിയ വിജിലന്‍സ് റെയ്ഡില്‍ മാത്രം 16 ലക്ഷം രൂപയാണ് കണ്ടെടുത്തത്. കൂടാതെ 18 ലക്ഷം രൂപ ബാങ്കിൽ നിക്ഷേപവുമുണ്ട്. തിരുവനന്തപുരത്ത് 2000 ചതുരശ്ര അടിയുള്ള വീടും പന്തളത്ത് 33 സെന്റ് സ്ഥലവുമുണ്ടെന്നും കണ്ടെത്തി. അടുക്കളയിൽ പ്രഷര്‍ കുക്കറിലും അരിക്കലത്തിലും കിച്ചണ്‍ ക്യാബിനറ്റിലും ഒളിപ്പിച്ച നിലയിലായിരുന്നു പണം. 50,000ത്തിന്റെ കെട്ടുകളാക്കിയാണ് പണം സൂക്ഷിച്ചിരുന്നത്.
സന്ദർശിച്ചത് പത്ത് വിദേശ രാജ്യങ്ങൾ
അവിവാഹിതനായ ഹാരിസ് കൈക്കൂലി പണം കൊണ്ട് വിദേശരാജ്യങ്ങളില്‍ സന്ദര്‍ശിക്കുകയും അവിടെ പണം ആഡംബര ആവശ്യങ്ങൾക്ക് ചെലവിടുകയും ചെയ്തിരുന്നുവെന്നാണ് വിവരം. ഹാരിസിന്റെ ഫോൺ പരിശോധിച്ച വിജിലൻസ് ഉദ്യോഗസ്ഥർ ഞെട്ടിപ്പോയിരുന്നു. നിറയെ അശ്ലീല ദൃശ്യങ്ങളും വീഡിയോകളും ഉണ്ടായിരുന്നു. സ്ത്രീകളെ സപ്ലൈ ചെയ്യുന്ന ചില ഇടനലിക്കാരുമായുള്ള വിലപേശലടക്കം മൊബൈൽ ഫോണിലുണ്ട്.
advertisement
ജര്‍മനി, വിയറ്റ്‌നാം, യുക്രയിന്‍, മലേഷ്യയിലെ പട്ടായ തുടങ്ങിയ രാജ്യങ്ങളും സ്ഥലങ്ങളും സന്ദര്‍ശിച്ചതായി ഹാരിസിന്റെ പാസ്‌പോര്‍ട്ടില്‍ നിന്ന് വ്യക്തമായി. പത്തോളം രാജ്യങ്ങളിലാണ് ഇതുവരെ പോയിട്ടുള്ളത്. ഈ രാജ്യങ്ങളിലെ വ്യഭിചാരശാലകളിലും മറ്റുമായാണ് ഇയാള്‍ ജീവിതം അടിച്ചു പൊളിച്ചത്.
'കൈയിൽ 60,000 രൂപ മാത്രം... '
കൈക്കൂലി വാങ്ങിയ പണമൊക്കെ എവിടെ എന്നു വിജിലൻസ് ഉദ്യോഗസ്ഥർ ആദ്യം ചോദിച്ചപ്പോള്‍ തന്റെ കൈയില്‍ വെറും 60,000 രൂപയാണുള്ളതെന്നായിരുന്നു മറുപടി. തുടർന്ന് അക്കൗണ്ടും ഇപ്പോള്‍ താമസിക്കുന്ന ഫ്‌ളാറ്റുമെല്ലാം പരിശോധിക്കുകയായിരുന്നു. ആലുവ ആലങ്ങാട്ടുള്ള ഫ്‌ളാറ്റിലായിരുന്നു ഹാരിസിന്റെ താമസം. പന്തളമാണ് സ്വദേശമെങ്കിലും അവിടെയുള്ളവരുമായി വലിയ അടുപ്പമില്ല. ആലുവ, എറണാകുളം, പെരുമ്പാവൂര്‍ മേഖലകളിലായിരുന്നു മുൻപ് ഇയാള്‍ ജോലി ചെയ്തിരുന്നത്.
ഹാരിസുമായി എത്തിയ വിജിലന്‍സ് സംഘം ഇയാളുടെ ഫ്‌ളാറ്റില്‍ അടുക്കി വച്ചിരുന്ന പണം കണ്ടെത്തി. ഓരോ കെട്ടു നോട്ടും പ്രത്യേകം കവറുകളിലാക്കി സൂക്ഷിച്ചിരുന്നു. കൃത്യമായ കണക്കും ഇയാള്‍ക്കുണ്ടായിരുന്നു. 16.60 ലക്ഷം രൂപയുണ്ടെന്ന് ഹാരിസ് വിജിലന്‍സ് ഉദ്യോഗസ്ഥരോട് പറഞ്ഞു. നോട്ടെണ്ണൽ യന്ത്രം ഉപയോഗിച്ച് എണ്ണി നോക്കിയപ്പോള്‍ തുക കൃത്യമായിരുന്നു.
പിടിയിലായത് ഇങ്ങനെ
ടയര്‍ അനുബന്ധ സ്ഥാപനത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്. പാലാ പ്രവിത്താനത്തെ ടയര്‍ റീട്രേഡിങ് സ്ഥാപനത്തിന് നോണ്‍ പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് പുതുക്കി നൽകുന്നതിന് 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഇന്നലെയാണ് ഇയാളെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. നേരത്തേ വിജിലന്‍സില്‍ വിവരം നല്‍കിയതിനുശേഷം സ്ഥാപന ഉടമ ജോബിന്‍ സെബാസ്റ്റ്യൻ പണം കൈമാറുകയായിരുന്നു.
ശബ്ദമലിനീകരണമുണ്ടെന്ന് കാട്ടി സ്ഥാപനത്തിനെതിരെ അയല്‍വാസി മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ പരാതി നല്‍കിയിരുന്നു. റീട്രേഡിങ്ങിനുള്ള മെഷിനറികളുടെ ശബ്ദം അസഹനീയമാണെന്നായിരുന്നു പരാതി. ഇതോടെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ സ്ഥാപനത്തിന്റെ ലൈസന്‍സ് തടഞ്ഞു. പിന്നാലെ പരിശോധന നടത്തി പരാതിയില്‍ കഴമ്പുണ്ടോയെന്ന് കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ജോബിന്‍ ഉദ്യോഗസ്ഥരെ സമീപിച്ചു. എന്നാല്‍, അനുകൂലനിലപാടുണ്ടായില്ല. ഇതോടെ ഇയാള്‍ ഹൈക്കോടതിയെ സമീപിക്കുകയും പരിശോധന നടത്താന്‍ കോടതി നിര്‍ദേശിക്കുകയും ചെയ്തു.
മന്ത്രി നിർദേശിച്ചിട്ടും അനങ്ങിയില്ല
മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ പരാതിയില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയെങ്കിലും സ്ഥാപനത്തിന് ലൈസന്‍സ് പുതുക്കി കൊടുത്തില്ല. രണ്ടുമാസം മുൻപ് വ്യവസായ മന്ത്രി പി രാജീവ് നടത്തിയ അദാലത്തില്‍ പരാതി നല്‍കിയതിനെതുടര്‍ന്ന് നോണ്‍ പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നിട്ടും നടപടിയുണ്ടായില്ല. ഇതോടെ വീണ്ടും ഹാരിസിനെ കണ്ടപ്പോള്‍ 25,000 രൂപ തന്നാല്‍ ലൈസന്‍സ് നല്‍കാമെന്ന് അറിയിച്ചതായും ഇതോടെ വിജിലന്‍സ് എസ് പി വി.ജി. വിനോദ് കുമാറിന് ജോബിൻ പരാതി നല്‍കുകയുമായിരുന്നു.
വിജിലന്‍സിന്റെ നിര്‍ദേശമനുസരിച്ച് ഫിനോഫ്തലിന്‍ പുരട്ടിയ നോട്ടുകള്‍ ബുധനാഴ്ച രാവിലെ 11ന് ഓഫീസിലെത്തി ജോബിന്‍ കൈമാറി. ഇതിനിടെ സമീപത്തുണ്ടായിരുന്ന വിജിലന്‍സ് സംഘം ഹാരിസിനെ പിടികൂടുകയായിരുന്നു. തുടര്‍ന്നാണ് ഫ്ലാറ്റിലും പരിശോധന നടത്തിയത്.
