കോട്ടയം: കൈക്കൂലി (Bribery) വാങ്ങുന്നതിനിടെ അറസ്റ്റിലായ മലിനീകരണ നിയന്ത്രണ ബോര്‍ഡ് (Pollution Control Board) ജില്ലാ ഓഫീസര്‍ പന്തളം മങ്ങാരം മദീനയില്‍ എ എം ഹാരിസിന്‍റെ ആലുവയിലെ ഫ്ലാറ്റില്‍ നടത്തിയ പരിശോധനയില്‍ 17 ലക്ഷത്തോളം രൂപ കണ്ടെത്തി. അടുക്കളയില്‍ കുക്കറിലും അരിക്കലത്തിലും കിച്ചൻ ക്യാബിനറ്റിലുമായി 50,000ത്തിന്‍റെ കെട്ടുകളാക്കി വൃത്തിയായി സൂക്ഷിച്ച നിലയിലായിരുന്നു പണം കണ്ടെത്തിയത്.
ആലുവയിലെ ഫ്ലാറ്റിന് 80 ലക്ഷം മൂല്യം വരും. ഇയാളുടെ ബാങ്ക് അക്കൗണ്ടില്‍ 18 ലക്ഷം രൂപയുണ്ട്. തിരുവനന്തപുരത്ത് 2000 ചതുരശ്ര അടിയുള്ള വീടും പന്തളത്ത് 33 സെന്റ് സ്ഥലവുമുണ്ടെന്നും കണ്ടെത്തി. പത്തിലേറെ വിദേശരാജ്യങ്ങളില്‍ ഇയാള്‍ സന്ദര്‍ശനം നടത്തിയതിന്റെ രേഖകളും വിജിലൻസിന് ലഭിച്ചു. വിജിലന്‍സ് പരിശോധന രാത്രി 12 വരെ തുടര്‍ന്നു. പാലാ പ്രവിത്താനത്തെ ടയര്‍ റീട്രേഡിങ് സ്ഥാപനത്തിന് നോണ്‍ പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് പുതുക്കി നൽകുന്നതിന് 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഇന്നലെയാണ് ഇയാളെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. നേരത്തേ വിജിലന്‍സില്‍ വിവരം നല്‍കിയതിനുശേഷം സ്ഥാപന ഉടമ ജോബിന്‍ സെബാസ്റ്റ്യൻ പണം കൈമാറുകയായിരുന്നു.
ശബ്ദമലിനീകരണമുണ്ടെന്ന് കാട്ടി സ്ഥാപനത്തിനെതിരെ അയല്‍വാസി മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ പരാതി നല്‍കിയിരുന്നു. റീട്രേഡിങ്ങിനുള്ള മെഷിനറികളുടെ ശബ്ദം അസഹനീയമാണെന്നായിരുന്നു പരാതി. ഇതോടെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ സ്ഥാപനത്തിന്റെ ലൈസന്‍സ് തടഞ്ഞു. പിന്നാലെ പരിശോധന നടത്തി പരാതിയില്‍ കഴമ്പുണ്ടോയെന്ന് കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ജോബിന്‍ ഉദ്യോഗസ്ഥരെ സമീപിച്ചു. എന്നാല്‍, അനുകൂലനിലപാടുണ്ടായില്ല. ഇതോടെ ഇയാള്‍ ഹൈക്കോടതിയെ സമീപിക്കുകയും പരിശോധന നടത്താന്‍ കോടതി നിര്‍ദേശിക്കുകയും ചെയ്തു.
തുടര്‍ന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ പരാതിയില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയെങ്കിലും സ്ഥാപനത്തിന് ലൈസന്‍സ് പുതുക്കി കൊടുത്തില്ല. രണ്ടുമാസം മുൻപ് വ്യവസായ മന്ത്രി പി രാജീവ് നടത്തിയ അദാലത്തില്‍ പരാതി നല്‍കിയതിനെതുടര്‍ന്ന് നോണ്‍ പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നിട്ടും നടപടിയുണ്ടായില്ല. ഇതോടെ വീണ്ടും ഹാരിസിനെ കണ്ടപ്പോള്‍ 25,000 രൂപ തന്നാല്‍ ലൈസന്‍സ് നല്‍കാമെന്ന് അറിയിച്ചതായും ഇതോടെ വിജിലന്‍സ് എസ് പി വി.ജി. വിനോദ് കുമാറിന് ജോബിൻ പരാതി നല്‍കുകയുമായിരുന്നു.
Also Read- Suicide| മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമിച്ച മാതാവ് മരിച്ചു; മൂന്നു മക്കൾ ഗുരുതരാവസ്ഥയിൽ
വിജിലന്‍സിന്റെ നിര്‍ദേശമനുസരിച്ച് ഫിനോഫ്തലിന്‍ പുരട്ടിയ നോട്ടുകള്‍ ബുധനാഴ്ച രാവിലെ 11ന് ഓഫീസിലെത്തി ജോബിന്‍ കൈമാറി. ഇതിനിടെ സമീപത്തുണ്ടായിരുന്ന വിജിലന്‍സ് സംഘം ഹാരിസിനെ പിടികൂടുകയായിരുന്നു. തുടര്‍ന്നാണ് ഫ്ലാറ്റിലും പരിശോധന നടത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Arrest in bribery case, Kerala State Pollution Control Board, Kottayam