സ്വർണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം തുടരുന്നതിനിടയിലാണ് അതേ പ്രതികൾ ഉൾപ്പെട്ട ലൈഫ് മിഷൻ ക്രമക്കേടിൽ സി.ബി.ഐ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. അഴിമതി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അന്വേഷണം നടക്കുമെന്നതിനാൽ സംസ്ഥാന സർക്കാരിനെ സംബന്ധിച്ചടുത്തോളം രാഷ്ട്രീയ പ്രതിസന്ധിയുണ്ടാക്കുന്നതാണ് സി.ബി.ഐ അന്വേഷണം.
ലൈഫ് മിഷനുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിലാണ് സി.ബി.ഐ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ ഇത് സി.ബി.ഐയെ സംബന്ധിച്ചിടത്തോളം സാങ്കേതികം മാത്രമാണ്. സംസ്ഥാന സർക്കാരിനെ പ്രതിസന്ധിയിലാക്കിയ സ്വർണക്കടത്തിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ വഴിതുറക്കുന്ന ഒരു കേസ് മാത്രമാണ് സി.ബി.ഐക്ക് ലൈഫ് മിഷൻ.
advertisement
ലൈഫ് മിഷൻ തട്ടിപ്പിലും സ്വർണക്കടത്തിലും പ്രതികൾ ഒന്നു തന്നെയായതിനാൽ സി.ബി.ഐക്ക് ഏതുതരത്തിലുള്ള അന്വേഷണവും സർക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്ന വിവാദങ്ങളുമായി ബന്ധപ്പെട്ട് നടത്താനാകും.
വിവാദങ്ങൾക്കിടെ കഴിഞ്ഞ ദിവസമാണ് സംസ്ഥാന സർക്കാർ ലൈഫ് മിഷൻ പദ്ധതിയിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്.