കഴിഞ്ഞമാസം 29ാം തിയതിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എംശിവശങ്കറിനെ അറസ്റ്റ് ചെയ്തത്. അതിനുശേഷം വ്യാഴാഴ്ച വരെ അദ്ദേഹം ഇഡിയുടെ കസ്റ്റഡിയിലായിരുന്നു. തുടര്‍ന്ന് കാക്കനാട് ജയിലിലാണ് അദ്ദേഹം ഉണ്ടായിരുന്നത്. ശിവശങ്കറിന് ജാമ്യം നല്‍കിയാല്‍ കേസ് അട്ടിമറിക്കപ്പെട്ടേക്കാമെന്നും ഒളിവില്‍ പോകാന്‍ സാധ്യതയുണ്ടെന്നും ഇഡി ചൂണ്ടിക്കാട്ടിയിരുന്നു. ഒളിവില്‍ പോയാല്‍ തിരികെ പിടികൂടുക എളുപ്പമായിരിക്കില്ല അതുകൊണ്ടുതന്നെ ജാമ്യം നല്‍കരുത് എന്നായിരുന്നു ഇഡിയുടെ വാദം.
advertisement
കേസുമായി ബന്ധപ്പെട്ട് ഇഡി സമർപ്പിച്ച റിപ്പോർട്ടിൽ വൈരുധ്യങ്ങളുണ്ടെന്ന് ശിവശങ്കർ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു. ചില രാഷ്ട്രീയ നേതാക്കളുടെ പേര് ചോദ്യം ചെയ്യലിനിടെ പറയാൻ വിസമ്മതിച്ചത് കൊണ്ടാണു തന്നെ ഇഡി അറസ്റ്റു ചെയ്തതെന്നും കള്ളപ്പണത്തെ പറ്റി അറിവുണ്ടായിരുന്നുവെന്നു വരുത്താൻ, ലോക്കർ സംബന്ധിച്ച വാട്സാപ് ചാറ്റുകളിൽ ചിലത് ഇഡി ഒഴിവാക്കി തുടങ്ങിയ ആരോപണങ്ങളാണ് സത്യവാങ്മൂലത്തിൽ ശിവശങ്കർ ഉന്നയിച്ചത്.
എന്നാൽ. എം ശിവശങ്കറിന്‍റെ ആരോപണം തള്ളി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് രംഗത്തെത്തി. രാഷ്ട്രീയ നേതാക്കളുടെ പേരുപറയാന്‍ ശിവശങ്കറിനോട് ആവശ്യപ്പെട്ടിട്ടില്ലെന്നും ആരോപണം ദുരുദ്ദേശ്യപരമെന്നും ഇഡി അറിയിച്ചു. ശിവശങ്കറിന്റെ പുതിയ വാദങ്ങള്‍ കണക്കിലെടുക്കരുതെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയോട് അഭ്യർത്ഥിച്ചിരുന്നു.