സ്വർണ്ണക്കടത്തു സംഘത്തിൻ്റെ കാരിയർ ആയിരുന്നു ജലീൽ. ജിദ്ദയിൽ നിന്ന് കൊടുത്തയച്ച സ്വർണം തേടി ആണ് സ്വർണകടത്തുകാർ ജലീലിനെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് തന്നെ പിടികൂടിയത്. ഉച്ചയോടെ പെരിന്തൽമണ്ണയിൽ എത്തിച്ച ജലീലിനെ രാത്രി 10 മണിയോടെ ആക്കപ്പറമ്പിലുള്ള വിജനമായ ഗ്രൗണ്ടിൽ എത്തിച്ചു. അവിടെ വെച്ച് രാത്രി പത്തു മണിമുതൽ പുലർച്ചെ 5 മണി വരെ അതി ക്രൂര മർദ്ദനം ആയിരുന്നു. ഇരുമ്പു പൈപ്പുകളും വടികളും ഉപയോഗിച്ച് ജലീലിൻ്റെ കാലിലും കൈകളിലും തുടകളിലും അടിച്ചു. ശരീരത്തിന് പുറത്തും കൈകൾ പുറകോട്ട് കെട്ടിയും ഉള്ള മർദനങ്ങൾക്ക് പുറമെ കുത്തിയും പരിക്കേൽപ്പിച്ചു. യുവാവിന്റെ കാലുകൾ പൊട്ടി രക്തം ഒലിക്കാൻ തുടങ്ങിയതോടെ ഗ്രൗണ്ടിൽ നിന്നും എടുത്തു കാറിൽ കയറ്റി.
advertisement
പുലർച്ചെ 5 മണിയോടെ എടത്തനാട്ടുകര സ്വദേശി അനസ് ബാബു പെരിന്തൽമണ്ണ ജൂബിലി റോഡിലെ ഫ്ലാറ്റിലേക്ക് ജലീലിനെ മാറ്റിഅവിടെവച്ച് രണ്ടു ദിവസത്തോളം രാത്രിയിലും പകലും മാറിമാറി യുവാവിനെ ഇരുമ്പ് പൈപ്പുകൾ ജാക്കി, ലിവർ എന്നിവ ഉപയോഗിച്ച് മർദിച്ചു. ശരീരത്തിൽ അടിച്ചും കുത്തിയും പരിക്കേൽപ്പിച്ചു. കത്തികൊണ്ട് ശരീരത്തിലെ പലഭാഗങ്ങളിലും മുറിവ് ഉണ്ടാക്കി. രക്തം വാർന്നൊലിച്ച ശേഷവും പീഡനം തുടർന്നു. സംഘാംഗമായ മണികണ്ഠൻ്റേ മെഡിക്കൽ ഷോപ്പിൽ നിന്നും മുറി ഉണങ്ങുന്നതിനും മറ്റുമുള്ള മരുന്നുകൾ കൊണ്ട് വന്നു നൽകിയ ശേഷം അലിമോന്റെ പൂപ്പലത്തുള്ള വീട്ടിലേക്കു ജലീലിനെ മാറ്റി. അവിടെ വെച്ചും സംഘം പീഡനം തുടർന്നു.
പരിക്കേറ്റ് അവശ നിലയിലായ ജലീൽ പതിനെട്ടാം തീയതി രാത്രിയോടെ ബോധരഹിതനായി. തുടർന്ന് സംഘത്തിൽ ഉൾപ്പെട്ട കൊണ്ടോട്ടി സ്വദേശിയുടെ പരിചയത്തിലുള്ള ആശുപത്രിയിലെ രണ്ട് നേഴ്സിംഗ് അസിസ്റ്റൻറ്മാരെ വീട്ടിലെത്തിച്ച് ഗ്ലൂക്കോസും മറ്റു ചില മരുന്നുകളും നൽകി. എന്നാൽ ജലീലിൻ്റെ ബോധം തിരിച്ചു കിട്ടാതായതോടെ പത്തൊമ്പതാം തീയതി രാവിലെ 7 മണിയോടെ യഹിയ ആശുപത്രിയിൽ എത്തിക്കുക ആയിരുന്നു. ആക്കപ്പറമ്പ് റോഡരികിൽ പരിക്കുപറ്റി കിടക്കുന്നത് കണ്ടു എടുത്തു കൊണ്ട് വന്നതാണ് എന്നായിരുന്നു യഹിയ ആശുപത്രിയിൽ പറഞ്ഞത്. അന്ന് രാത്രി 12 മണിയോടെ ജലീൽ മരിച്ചു.
അതി ക്രൂരമായ പീഡനങ്ങൾ ആണ് ജലീലിന് അനുഭവിക്കേണ്ടി വന്നത് എന്ന് എസ് പി സുജിത്ത് ദാസ് എസ് പറഞ്ഞു." വളരെ ക്രൂരമായ പീഡനം ആണ് നടന്നത്. ഇൻ ക്വസ്റ്റ് നടപടിയിൽ ശരീരം മുഴുവൻ മർദനമേറ്റതായി കാണാൻ സാധിച്ചു. കൊല്ലണം എന്ന് ഉദ്ദേശം ഉള്ളതായി തന്നെ ആണ് ഇങ്ങനെ ക്രൂരമായി മർദിച്ചത്. ദേഹം മുഴുവൻ മുറിവുകളാണ്. ഇരുമ്പ് വടിയുപയോഗിച്ചാണ് മർദ്ദനം. പോസ്റ്റ് മോർട്ടം റിപ്പോർട്ട് വരാനിരിക്കുന്നതേ ഉള്ളൂ. ശരീരത്തിലെ മുറിവുകളും തലയിൽ രക്തം കട്ട പിടിച്ചതും ആണ് മരണകാരണം . "
ഇപ്പൊൾ അറസ്റ്റിലായവരിൽഅലിമോന്‍, അല്‍ത്താഫ്, റഫീഖ്, എന്നിവര്‍ക്ക് ആണ് കൊലപാതകത്തില്‍ നേരിട്ട് പങ്ക് ഉള്ളത്. കുറ്റകൃത്യത്തിൽ സഹായങ്ങൾ ചെയ്തു കൊടുത്തത്അനസ് ബാബു, മണികണ്ഠന്‍ എന്നിവരാണ്. പെരിന്തൽമണ്ണ മജിസ്ട്രേറ്റിന് മുൻപിൽ ഹാജരാക്കിയ പ്രതികളെ ജൂൺ മൂന്ന് വരെ റിമാൻഡ് ചെയ്തു. എല്ലാവരും പെരിന്തൽമണ്ണ സബ് ജയിലിൽ ആണ്. തെളിവെടുപ്പ് നടപടികൾക്കായി പ്രതികളെ തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങും.
സ്വർണ ഇടപാട് തന്നെ ആണ് കൊലപാതകത്തിലേക്ക് വഴി ഒരുക്കിയത് എന്ന് പോലീസ് പറഞ്ഞു. ജിദ്ദയിൽ നിന്നും ജലീൽ സ്വർണ കടത്ത് സംഘങ്ങളുമായി ബന്ധപ്പെട്ടിരുന്നു. ജലീൽ ഒരു കാരിയർ ആയിരുന്നു. എന്താണ് സംഭവിച്ചത് എന്നും എത്ര സ്വർണ്ണം ആണ് കടത്താൻ ഏൽപ്പിച്ചത് എന്നുമെല്ലാം തുടർ അന്വേഷണത്തിലെ വ്യക്തമാകൂ. കേസിലെ മുഖ്യ പ്രതി യഹിയ ഇപ്പോഴും ഒളിവിൽ ആണ്. ഇയാളെ പിടികൂടിയാൽ മാത്രമേ ഇതെല്ലാം വ്യക്തമാകൂ.
ജില്ലാ പോലീസ് മേധാവി എസ് സുജിത്ത് ദാസ് എസ്. ഐപിഎസിന്റെ മേൽനോട്ടത്തിൽ ഡിവൈഎസ്പി സന്തോഷ് കുമാർ.എം കെ.എം ബിജ ഇൻസെക്ടർമാരായ ഷാരോൺ.സി.എസ്. സുനിൽ പുളിക്കൽ, മനോജ്, എസ്ഐമാരായ സിജോ തങ്കച്ചൻ, പി കെ നൗഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് തുടരന്വേഷണം നടന്നു വരുന്നത്.