ലക്ഷ്മണ്‍പൂര്‍ ജാട്ട് ഗ്രാമത്തില്‍ നിന്നുള്ള ഹൃദയ് ലാല്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. ഗ്രാമവാസിയായ റാം അനുജ് എന്ന വ്യക്തിക്ക് 700 രൂപ ഇയാള്‍ കടംകൊടുത്തിരുന്നു. ഇതില്‍ 200 രൂപ ലാല്‍ തിരികെ ചോദിച്ചതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലയ്ക്ക് കാരണമായത്. ഓഗസ്റ്റ് ഒന്നിനാണ് ഇരുവരും തമ്മില്‍ രൂക്ഷമായ തര്‍ക്കമുണ്ടായത്. വഴക്ക് അക്രമാസക്തമായതോടെ അനുജും സഹോദരന്‍ റാം കിഷോര്‍, മകന്‍ ജഗദീഷ്, മരുമക്കളായ പങ്കജ്, ചന്ദന്‍ എന്നിവര്‍ ചേര്‍ന്ന് ലാലിനെ വടികൊണ്ട് ആക്രമിച്ചതായാണ് ആരോപണം.
ചികിത്സയ്ക്കായി ലാലിനെ ലഖ്‌നൗവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അദ്ദേഹം മരണപ്പെട്ടു. എന്നാല്‍ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരുന്നതിനിടയില്‍ കുടുംബാംഗങ്ങള്‍ ബാല്‍പൂരിലെ ഗോണ്ട-ലഖ്‌നൗ ഹൈവേ ഉപരോധിക്കാന്‍ ശ്രമിച്ചു. നാല് പ്രദേശിക പോലീസ് സ്‌റ്റേഷനുകളില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥര്‍ ഇടപ്പെട്ട് ചെറിയ ബലപ്രയോഗത്തിലൂടെ ഉപരോധ ശ്രമം തടയുകയും മൃതദേഹം ഗ്രാമത്തിലേക്ക് കൊണ്ടുപോകുന്നത് ഉറപ്പാക്കുകയും ചെയ്തു.
advertisement
പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഇവരുടെ വീടുകളില്‍ ബുള്‍ഡോസര്‍ കയറ്റണമെന്നും കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടു. ആദ്യം അന്ത്യകര്‍മ്മങ്ങള്‍ നടത്താനും വിസമ്മതിച്ചു. എന്നാല്‍, പോലീസ് ഇടപ്പെട്ട് സംസ്‌കാര ചടങ്ങുകള്‍ നടത്തിയതായി കോട്‍വാലി ദേഹത്ത് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സഞ്ജയ് കുമാര്‍ പറഞ്ഞു. സംഭവത്തില്‍ ഉള്‍പ്പെട്ട എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തതായും ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഗ്രാമത്തിലെ സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ പോലീസ് സേനയെ വിന്യസിപ്പിച്ചിട്ടുണ്ട്. ലാലിന്റെ വിവാഹം ഒരു മാസം മുമ്പാണ് നടന്നതെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.