ഈരാറ്റുപേട്ടയിൽ ഇത്തവണ നടന്ന ചാരായ വേട്ടയിൽ പിടിയിൽ ആയത് നാല് തവണ മിസ്റ്റർ കോട്ടയം ആയ പൂഞ്ഞാർ പനച്ചിപ്പാറ സ്വദേശി "ജിമ്മൻ സുനി"എന്ന് അറിയപ്പെടുന്ന സുനിൽ സി ആർ (48) ആണ്.
ലോക്ക് ഡൗൺ തുടങ്ങിയപ്പോൾ ഇയാൾ നടത്തിവന്ന ജിംനേഷ്യം അടച്ചുപൂട്ടിയിരുന്നു. അന്നുമുതൽ മുതൽ സ്വന്തമായി ഇയാൾ ചാരായം വാറ്റ് തുടങ്ങിയതായി ആണ് എക്സൈസ് സംഘം കണ്ടെത്തിയത്.
മുട്ടനാടിന്റെ കരളും നാടൻ വാറ്റ് ചാരായവുമാണ്, മുൻ മിസ്റ്റർ കോട്ടയത്തിന്റെ പ്രധാന ഇഷ്ട വിഭവം എന്ന് ഇന്ന് റെയ്ഡിന് നേതൃത്വം നൽകിയ എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു.
advertisement
കഴിഞ്ഞ കുറേ ദിവസങ്ങളായി ഈരാറ്റുപേട്ട എക്‌സൈസ് ഇൻസ്‌പെക്ടർ വൈശാഖ് വി പിള്ള എക്‌സൈസ് ഷാഡോ ടീം അംഗങ്ങൾ വിശാഖ് കെ വി, നൗഫൽ കരിം എന്നിവരുടെ നിരീക്ഷണത്തിലായിരുന്നു ജിമ്മൻ സുനി.
Also Read- ട്രെയിനിൽ മദ്യം കടത്തി യുവതികൾ; വില കുറഞ്ഞ കർണാടക മദ്യം നാട്ടിൽ വിൽക്കുന്നത് 3000 രൂപയ്ക്ക്
നാട്ടിലാകെ കൈ കരുത്തു കൊണ്ട് വിറപ്പിച്ച കൊണ്ടിരുന്ന സുനി മുൻപ് നിരവധി തവണ എക്‌സൈസ്നെ വെട്ടിച്ചു കടന്നു കളഞ്ഞതാണ് എന്ന് ഉദ്യോഗസ്ഥർ പറയുന്നു.
ഏറെ ദിവസത്തെ പരിശ്രമത്തിന് ഒടുവിൽ എക്‌സൈസ് സംഘം വീശിയ വലയിൽ അകപ്പെട്ടു ജിമ്മൻ സുനിൽ കുടുങ്ങുകയായിരുന്നു. രഹസ്യവിവരം കിട്ടിയിരുന്നെങ്കിലും കഴിഞ്ഞ കുറേ ദിവസങ്ങളായി ഇയാളെ കീഴ്പ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തി വരികയായിരുന്നു എന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു.
ലോക്ക് ഡൗൺ സമയത്ത് ഈരാറ്റുപേട്ടയിലും പരിസര പ്രദേശങ്ങളിലും ചാരായം വാറ്റ് പെരുകുന്ന സാഹചര്യം കണക്കിലെടുത്ത് പ്രദേശത്ത് എക്‌സൈസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. പ്രദേശത്തെ മലയോര മേഖലകളിൽ നിന്ന് ഈ ലോക്ക് ഡൗൺ കാലത്ത് നിരവധി വാറ്റ് ചാരായവുമായി ബന്ധപ്പെട്ട കേസുകൾ കണ്ടെത്തിയിരുന്നു. ഏതായാലും വ്യാജവാറ്റിനെതിരെ കൂടുതൽ നടപടികൾ പ്രദേശത്ത് ഉണ്ടാകുമെന്ന് എക്സൈസ് ഉറപ്പിച്ചുപറയുന്നു. ഇതിനായി പൊതുജനങ്ങൾക്കും എക്സൈസിനെ സഹായിക്കാം.
പൊതുജനങ്ങൾക്ക് വാറ്റ് നിർമാണവുമായി ബന്ധപ്പെട്ട പരാതികൾ 8921087055 എന്ന നമ്പറിൽ വിളിച്ചറിയിക്കാവുന്നത് ആണ് എന്ന് ഈരാറ്റുപേട്ട എക്‌സൈസ് ഇൻസ്‌പെക്ടർ പറഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്ത എക്‌സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർ അരുൺ കുമാർ ഇ സി, സിവിൽ എക്‌സൈസ് ഓഫീസർമാരായ അജിമോൻ എം ടി, പ്രദീഷ് ജോസഫ്, സുരേന്ദ്രൻ കെ സി, നിയാസ് സി ജെ, ജസ്റ്റിൻ തോമസ്, സുവി ജോസ് വനിതാ സിവിൽ എക്‌സൈസ് ഓഫീസർ പ്രിയ കെ ദിവാകരൻ എന്നിവർ ഉണ്ടായിരുന്നു.
