HOME » NEWS » Crime » WOMEN SMUGGLING ALCOHOL ON TRAIN CHEAP KARNATAKA LIQUOR SELLS FOR RS 3000 IN KERALA

ട്രെയിനിൽ മദ്യം കടത്തി യുവതികൾ; വില കുറഞ്ഞ കർണാടക മദ്യം നാട്ടിൽ വിൽക്കുന്നത് 3000 രൂപയ്ക്ക്

കഴിഞ്ഞ ദിവസം ബംഗളരുവില്‍ നിന്നും തിരുവനന്തപുരത്തേക്കു വരികയായിരുന്ന ഐലൻഡ് എക്സ്പ്രസിലാണ് യുവതികൾ മദ്യം കടത്തിയത്. 62 കുപ്പികളാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്.

News18 Malayalam | news18-malayalam
Updated: June 13, 2021, 1:46 PM IST
ട്രെയിനിൽ മദ്യം കടത്തി യുവതികൾ; വില കുറഞ്ഞ കർണാടക മദ്യം നാട്ടിൽ വിൽക്കുന്നത് 3000 രൂപയ്ക്ക്
Liquor_Smuggling
  • Share this:
ആലപ്പുഴ: ലോക്ഡൗണിനിടെ വിൽക്കാനായി ട്രെയിനിൽ മദ്യം കടത്തിയ രണ്ടു യുവതികൾ പിടിയിലായി. കർണാടകത്തിൽ നിന്ന് കൊണ്ടുവന്ന വിദേശ മദ്യവുമായി തിരുവനന്തപുരം സ്വദേശികളായ ദീപി (33), ഷീജ (23) എന്നിവരാണ് പിടിയിലായത്. കായംകുളത്തുവെച്ച് പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇരുവരെയും മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയും, റിമാൻഡ് ചെയ്യുകയും ചെയ്തു.

കഴിഞ്ഞ ദിവസം ബംഗളരുവില്‍ നിന്നും തിരുവനന്തപുരത്തേക്കു വരികയായിരുന്ന ഐലൻഡ് എക്സ്പ്രസിലാണ് ദീപിയും ഷീജയും മദ്യം കടത്തിയത്. കായംകുളത്തുവെച്ച് ബോഗികൾ പരിശോധിച്ചുവന്ന റെയിൽവേ പൊലീസ് സംഘം സംശയത്തെ തുടര്‍ന്നാണ് ഇവരുടെ ബാഗ് പരിശോധിച്ചത്. 750 മി. ലിറ്ററിന്‍റെ നാല് തരത്തിലുള്ള 62 കുപ്പി മദ്യശേഖരമാണ് രണ്ടുപേരുടെയും ബാഗുകളിൽനിന്ന് കണ്ടെത്തിയത്. കർണാടകയിൽ ലഭ്യമാകുന്ന വില കുറഞ്ഞ മദ്യമാണിതെന്ന് വ്യക്തമായിട്ടുണ്ട്. നാട്ടിൽ കുപ്പിക്ക് 2500 രൂപ മുതല്‍ 3000 രൂപ വരെ നിരക്കിലാണ് ഇത് വിറ്റഴിച്ചിരുന്നതെന്ന് ഇരുവരും സമ്മതിച്ചിട്ടുണ്ട്. നേരത്തെയും കർണാടകയിൽനിന്ന് ഇത്തരത്തിൽ മദ്യം കടത്തിക്കൊണ്ടുവന്നിരുന്നു. ഇപ്പോൾ സ്റ്റോക്ക് തീർന്നതോടെയാണ് വീണ്ടും ബംഗളരുവിൽ എത്തി മദ്യവുമായി എത്തിയതെന്ന് ഇരുവരും പൊലീസിനോട് സമ്മതിച്ചു.

അതേസമയം വൻകിട മദ്യക്കടത്ത് സംഘത്തിന്‍റെ കണ്ണിയാണ് ദീപിയും ഷീജയുമെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ട്രെയിനിൽ സ്ത്രീകളെ ഉപയോഗിച്ച്‌ മദ്യകടത്ത് നടത്തുന്ന സംഘമാണ് ഇതിന് പിന്നിലെന്ന് പൊലീസ് കരുതുന്നു. ഇവർക്ക് പിന്നിലുള്ള സംഘത്തെ കുറിച്ച് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ എസ്. ഐ അരുണ്‍ നാരായണ്‍, എ.എസ്.ഐ ദിലീപ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ശാലിനി കേശവന്‍, മുരളീധരന്‍പിള്ള, സീന്‍കുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ജോബി, ജോര്‍ജ്, ബിലു എന്നിവർ നേതൃത്വം നൽകി.

You may also like: വയനാട്ടിൽ മുഖംമൂടി സംഘത്തിന്റെ ആക്രമണം; ഭർത്താവിന് പിന്നാലെ പരിക്കേറ്റ വീട്ടമ്മയും മരിച്ചു

മറ്റൊരു സംഭവത്തിൽ രാത്രിയിൽ ബൈക്കിലെ പെട്രോൾ ഊറ്റിയ യുവാക്കളെ വീഡിയോയിൽ ചിത്രീകരിച്ച് വീട്ടുടമ. പുന്നയൂര്‍ അകലാട് മൊഹ്‌യുദ്ദീന്‍ പള്ളി കുന്നമ്ബത്ത് സിറാജുദ്ദീന്റെ വീട്ടിലാണ് യുവാക്കള്‍ എത്തി ബൈക്കിലെ പെട്രോള്‍ ഊറ്റിയത്. വീട്ടിൽ നിർത്തിയിട്ടിരുന്ന ബൈക്കിൽ നിന്ന് പെട്രോൾ ഊറ്റുന്നത് സ്ഥിരമായതോടെയാണ് മോഷ്ടാക്കളെ കുടുക്കാൻ സിറാജുദ്ദീൻ ഉറക്കമൊഴിച്ച് കാത്തിരുന്നത്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നോടെയാണ് യുവാക്കള്‍ വീട്ടിൽ എത്തിയത്. ശബ്ദം കേട്ട് ഉണര്‍ന്ന സിറാജുദ്ദീന്‍ ഒരു സംഘം യുവാക്കൾ ബൈക്കിൽനിന്ന് പെട്രോൾ ഊറ്റുന്നത് കണ്ടു. ഇത് മൊബൈല്‍ ഫോണില്‍ പകര്‍ത്തി. എന്നാൽ ഇവരെ പിന്നാലെ കൂടി പിടികൂടാൻ ശ്രമിച്ചെങ്കിലും യുവാക്കൾ ഓടി രക്ഷപെടുകയായിരുന്നു. ഇതേ തുടർന്ന് സിറാജുദ്ദീൻ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.

കഴിഞ്ഞ ദിവസമുണ്ടായ മറ്റൊരു സംഭവത്തിൽ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി 70കാരൻ ലൈംഗികമായി പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തതെന്ന പരാതിയുമായി 50കാരിയായ വീട്ടമ്മ. ആലുവ യു.സി കോളജിന് സമീപം മക്കള്‍ക്കൊപ്പം താമസിക്കുന്ന കണ്ണൂര്‍ താഴെ ചൊവ്വ സ്വദേശിനിയായ 50കാരിയാണ് പരാതിക്കാരി. വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും 11.40 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തതായാണ് പരാതി. ആലങ്ങാട് കോട്ടപ്പുറം സ്വദേശി പി.കെ.എം. അഷറഫിനെതിരെ (70) ആണ് വീട്ടമ്മയുടെ പരാതി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചതായി ആലുവ ഈസ്റ്റ് പൊലീസ് അറിയിച്ചു.

അഷറഫിന്‍റെ തൊട്ടടുത്ത വീട്ടിൽ വാടകയ്ക്ക് താമസിക്കുമ്പോഴാണ് ഇരുവരും പരിചയത്തിലായത്. പരിചയം വളർന്നതോടെയാണ് വിവാഹം കഴിക്കാമെന്ന വാഗ്ദാനം ആദ്യം നൽകിയത് അഷറഫായിരുന്നു. തനിക്ക് സാമ്പത്തികമായി നല്ല ആസ്തിയുണ്ടെന്ന് അഷറഫ് വീട്ടമ്മയെ പറഞ്ഞു വിശ്വസിപ്പിച്ചു. നെടുമ്പാശേരി വിമാനത്താവളത്തിന് സമീപവും ദേശത്തും പ്രവര്‍ത്തിക്കുന്ന ഹോട്ടതന്‍റെ പേരിലാണെന്നും ഇയാൾ പറഞ്ഞിരുന്നു. ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞാണ് വീട്ടമ്മയിൽനിന്ന് 11.40 ലക്ഷം രൂപ അഷറഫ് കൈക്കലാക്കിയത്. നാട്ടിലെ വീട് പണയം വെച്ചയിനത്തിൽ ലഭിച്ച 10 ലക്ഷം രൂപയും 1.40 ലക്ഷം രൂപയും വായ്പയായി വാങ്ങുകയായിരുന്നു.
അതിനുശേഷം ഒന്നര മാസത്തോളം വീട്ടമ്മയ്ക്കൊപ്പം ഇയാൾ താമസിക്കുകയും ചെയ്തു. വിവാഹം രജിസ്റ്റർ ചെയ്യാനുള്ള നടപടി ആരംഭിച്ചതിനു ശേഷമാണ് അഷറഫിനെ കാണാതായത്. ഒരു ദിവസം രാവിലെ വീട്ടിൽ നിന്ന് പോയ ഇയാൾ പിന്നീട് തിരിച്ചു വന്നിട്ടില്ല. സംഭവത്തിൽ വീട്ടമ്മയുടെ മൊഴി ആലുവ മജിസ്ട്രേറ്റ് കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. ഒളിവിലുള്ള അഷറഫിനെ ഉടൻ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ആലുവ സി.ഐ പി.എസ്. രാജേഷിന്‍റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.
Published by: Anuraj GR
First published: June 13, 2021, 1:46 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories