എലത്തൂര്‍, കാക്കൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മോഷണവുമായി ബന്ധപ്പെട്ട് സംഘത്തെ നേരത്തെ പിടികൂടിയിരുന്നെങ്കിലും അന്ന് കൂടുതല്‍ വിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിരുന്നില്ല. നിരവധി സ്ഥലങ്ങളില്‍ സംഘത്തിന്റെ നേത്യത്വത്തില്‍ മോഷണം നടത്തിയിരുന്നെങ്കിലും പലതിനും പരാതി ലഭിക്കാതെ പോയതാണ് കൂടുതല്‍ മോഷണം നടത്തുവാന്‍ സംഘത്തിന് ധൈര്യം നല്‍കിയത്. പരാതി ലഭിച്ചിട്ടും പൊലീസ് കേസെടുക്കാത്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
സമീപ നാളുകളില്‍ കോഴിക്കോട് നഗരത്തില്‍ നടത്തിയ പല മോഷണങ്ങളിലും കുട്ടി സംഘത്തിന്റെ പങ്ക് വ്യക്തമായതോടെയാണ് കൂടുതല്‍ അന്വേഷണം നടത്തുവാന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ഉത്തരവിട്ടത്. ഇതിനെ തുടര്‍ന്ന് ക്രൈം സ്‌ക്വാഡ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് മോഷണ പരമ്പരയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്. ചേവായൂര്‍, മാവൂര്‍, നടക്കാവ്, കൊയിലാണ്ടി, തേഞ്ഞിപ്പലം എന്നിവടങ്ങളില്‍ നിന്നും മോഷ്ടിച്ച സ്‌കൂട്ടര്‍, ബൈക്ക് എന്നിവയും, പൂല്ലാളൂരിലെ മൊബൈല്‍ കടയില്‍ നിന്നും അപഹരിച്ച മൊബൈല്‍ ഫോണുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
advertisement
നൈറ്റ് ഔട്ട് എന്ന പേരില്‍ രാത്രി സമയങ്ങളില്‍ ചുറ്റി സഞ്ചരിച്ചാണ് സംഘം മോഷണം നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. രാത്രി വൈകി മൂന്നും നാലും പേര്‍ ഒന്നിച്ചു പോയി വാഹനം മോഷ്ടിക്കും. മോഷ്ടിച്ച വാഹനങ്ങളുമായി പീന്നിട് കടകള്‍ കുത്തി തുറന്ന് മോഷണം നടത്തുകയാണ് പതിവ്. രക്ഷിതാക്കളെ വെട്ടിച്ച് അവര്‍ അറിയാതെയാണ് സംഘം മോഷത്തിന് ഇറങ്ങി തിരിച്ചിരുന്നത്.
Also Read- കൊച്ചി ഫ്ലാറ്റിൽ യുവതിയെ നാലു മാസം ക്രൂരമായി പീഡിപ്പിച്ച കേസ്: മൂന്ന് പേർ കസ്റ്റഡിയിൽ
മോഷണം നടത്തുന്ന വാഹനങ്ങളുടെ ബോഡി പാർട്സുകളും നമ്പർ പ്ലേറ്റുകളും മാറ്റുകയും വർക്ക്ഷോപ്പുകളുടെ സമീപം നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ അഴിച്ചെടുത്ത് മോഷണ വാഹനങ്ങൾക്ക് ഉപയോഗിച്ചുമാണ് ഇവർ നൈറ്റ് ഔട്ടിന് ഇറങ്ങുന്നത്. പൊലീസിൻ്റെ ശ്രദ്ധയിൽപ്പെട്ടാൽ അമിത വേഗതയിലോ ഇടവഴികളിലൂടെയോ കടന്നു കളയുകയോ അല്ലെങ്കിൽ ബൈക്ക് ഉപേക്ഷിച്ച് ഓടി മറയുകയോ ആണ് ചെയ്യുന്നത്. പൊലീസ് വാഹനം പരിശോധിച്ച് ഉടമയെ വിളിക്കുമ്പോഴാണ് മോഷ്ടിച്ചവാഹനമാണെന്ന് അറിയുന്നത്. മോഷണം നടത്തിയ ബൈക്കുകൾ പിന്നീട് വിവിധ ഭാഗങ്ങളിൽ ഉപേക്ഷിക്കുകയും ചെയ്യുന്നു.
കോഴിക്കടകള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും മോഷണം. ഇതിനായി കടകളുടെ പൂട്ട് തകര്‍ക്കുന്നതിനാവശ്യമായ ആയുധങ്ങളും കൈയില്‍ കരുതിയിരുന്നു. മോഷണ സംഘത്തില്‍ ഉള്‍പ്പെട്ട മറ്റ് ചിലരെകൂടി പൊലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവരെ വരും ദിവസങ്ങളില്‍ പിടികൂടുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. പിടികൂടിയവരെ ചോദ്യം ചെയ്തപ്പോള്‍ എണ്‍പതോളം കടകളില്‍ നടത്തിയ മോഷണത്തിന്റെ വിവരങ്ങളാണ് പുറത്ത് വന്നത്. പ്രതികളെ തെളിവെടുപ്പിന് ശേഷം കോടതയില്‍ ഹാജരാക്കി. അറസ്സിലായ പ്രതികളെ കോടതി റിമാന്റ് ചെയ്തു.