T D Y എന്ന വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയാണ് ഇടനിലക്കാരായി ഇവർ പ്രവർത്തിച്ചിരുന്നത്. പൊലീസ് കസ്റ്റഡിയിലുള്ള എട്ടംഗ സംഘത്തിലെ പ്രധാനി ചരൽ ഫൈസലിൻ്റെ നേതൃത്വത്തിലാണ് വാട്സാപ്പ് ഗ്രൂപ്പ് പ്രവർത്തിച്ചിരുന്നത്. 25 വാഹനങ്ങൾ അടങ്ങിയ സംഘമാണ് ഈ ഗ്രൂപ്പിലുള്ളത്. ഒരേ സമയം ഈ വാഹനങ്ങൾ വിവിധ സ്ഥലങ്ങളിൽ നിലയുറപ്പിച്ച ശേഷം കൊള്ളയടിക്കുന്ന സ്വർണ്ണം ചെയിൻ സർവ്വീസായി കൈമാറി രഹസ്യ കേന്ദ്രത്തിൽ എത്തിക്കുകയാണ് പതിവ്.
വിദേശത്ത് നിന്നും സ്വർണ്ണം എയർപോർട്ടിലൂടെ വരുന്ന വിവരം കൊള്ളയടി സംഘത്തിന് ചോർന്ന് കിട്ടുകയാണ് പതിവ്. അങ്ങനെ വിവരം കിട്ടിയാൽ ഉടൻ തുടർന്ന് നടത്തേണ്ട നീക്കങ്ങളെ കുറിച്ച് വാട്സാപ്പ് കൂട്ടായ്മയിലൂടെ നിർദ്ദേശങ്ങൾ നൽകും. ഒരോരുത്തരുടെയും ചുമതലയും, നിലയുറപ്പിക്കേണ്ട സ്ഥലങ്ങളെ കുറിച്ചുള്ള വിവരങ്ങൾ കൈമാറുന്നതും ഈ ഗ്രൂപ്പിലൂടെയാണ്.
advertisement
അത്യാവശ്യ കാര്യത്തിന് ഫോണിൽ ബന്ധപ്പെടുന്നതും വാട്സാപ്പ് കോളിലൂടെയാണ്. പൊലീസ് പിടിച്ചാൽ ഫോൺ കോൾ തെളിവായി മാറുന്നത് ഒഴിവാക്കുന്നതിനാണ് സാധാരണ ഫോൺ കോളുകൾ ഒഴിവാക്കുന്നത്. രാമനാട്ടുകരയിലെ അപകടത്തിൽ സംഘത്തിലെ അഞ്ച് പേർ മരണമടയുകയും, കൂടുതൽ പേർ പിടിയിലാവുകയും ചെയ്തതോടെ തട്ടിപ്പിനായി ഉപയോഗിച്ച T D Y വാട്സാപ്പ് ഗ്രൂപ്പിൽ നിന്നും 12 പേർ പുറത്ത് പോയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഗ്രൂപ്പിൽ നിന്നും പുറത്ത് പോയവരെ കുറിച്ചും പൊലീസിന് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട്. അറിയപ്പെടാതെ പോയ പല സംഭവങ്ങളും അപകടത്തിലൂടെ പുറത്ത് വന്നതായി സിറ്റി പൊലീസ് കമ്മീഷണർ എ. വി. ജോർജ് ന്യൂസ് 18 നോട് പറഞ്ഞു.
അതേസമയം അപകടത്തിന് കാരണം വാഹനത്തിൻ്റെ അമിത വേഗതയാണെന്നാണ് പൊലീസ് കണ്ടെത്തിൽ. അതിൽ മറ്റ് അസ്വഭാവികത ഒന്നുമില്ലെന്നും പൊലീസ് ഉറപ്പിച്ച് കഴിഞ്ഞു. മരണമടഞ്ഞ അഞ്ച് പേരും മദ്യപിച്ചിരുന്നതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിലും വ്യക്തമായിട്ടുണ്ട്.
തട്ടിപ്പുമായി ബന്ധപ്പെട്ട് ടീമിൽ ഉൾപ്പെട്ടവരാണ് പതിനഞ്ചംഗ സംഘം. കസ്റ്റഡിയിൽ ഉള്ള എട്ടു പേരുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. രണ്ട് പേർക്കായും, ഇവർ ഉപയോഗിച്ച വാഹനം കണ്ടെത്തുന്നതിനായും പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. മലപ്പുറം, കോഴിക്കോട് പൊലീസുകൾ കൂട്ടായിട്ടാണ് കേസ് അന്വേഷിക്കുന്നതെന്നും സിറ്റി പൊലീസ് കമ്മീഷണർ എ.വി.ജോർജ് വ്യക്തമാക്കി.
അപകടം നടന്ന രാമനാട്ടുകര പുളിച്ചോട് ഫറോക്ക് സ്റ്റേഷൻ്റെ പരിധിയിലാണ് വരുന്നത്. അതിനാൽ അപകടത്തെ കുറിച്ച് അന്വേഷിക്കുന്നത് ഫറോക്ക് പൊലീസാണ്. എന്നാൽ കള്ളകടത്ത് നടന്നതും, അതുമായി ബന്ധപ്പെട്ട ഗൂഡാലോചന നടന്നതും കോണ്ടോട്ടി സ്റ്റേഷൻ പരിധിയിലാണ്. അതിനാൽ സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ട് കേസിൻ്റെ അന്വേഷണ ചുമതല കൊണ്ടോട്ടി പൊലീസിനാണ്.