തലയോട്ടി കണ്ടെത്തിയതിന് പിന്നാലെ പോലീസ് അന്വേഷണം ആരംഭിച്ചു. ഒരു നൂറ്റാണ്ടിനു മുമ്പ് കൊല്ലപ്പെട്ട ജൂലിയ മാർത്ത തോമസ് എന്ന ഒരു സ്ത്രീയുടെ തലയോട്ടിയാണിതെന്ന് അന്വേഷണത്തിൽ മനസ്സിലായി. വിധവയായിരുന്ന ജൂലിയയെ 1879-ൽ അവരുടെ വീട്ടുജോലിക്കാരി കൊലപ്പെടുത്തുകയായിരുന്നു. പ്രതി ഉപേക്ഷിച്ച ജൂലിയയുടെ ശരീര ഭാഗങ്ങളെല്ലാം കണ്ടെത്തിയെങ്കിലും അന്ന് അവരുടെ തല മാത്രം കണ്ടെത്താനായിരുന്നില്ല. വർഷങ്ങളോളം ജൂലിയ കേസ് തലയില്ലാതെ തുടർന്നു.
ജനുവരി 29-നാണ് ജൂലിയ തോമസ് ഐറിഷ് കുടിയേറ്റക്കാരിയായ കേറ്റ് വെബ്‌സ്റ്ററിനെ വീട്ടുജോലിക്കാരിയായി നിയമിച്ചത്. ഇവർ മുമ്പ് ചെറിയ മോഷണങ്ങൾ നടത്തിയിരുന്നു. കേറ്റിനെ കുറിച്ച് കൂടുതലൊന്നും അന്വേഷിക്കാതെയാണ് ജൂലിയ അവരെ ജോലിക്കെടുത്തത്. കേറ്റിന്റെ ക്രിമിനൽ സ്വഭാവത്തെ കുറിച്ച് അവർക്ക് യാതൊരു അറിവും ഇല്ലായിരുന്നു.
advertisement
ഇതിനുശേഷം ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ജൂലിയയും കേറ്റും തമ്മിൽ പ്രശ്‌നങ്ങൾ തുടങ്ങി. ഫെബ്രുവരി 28-ന് ജൂലിയ കേറ്റിനെ ജോലിയിൽ നിന്ന് പിരിച്ചുവിടാൻ തീരുമാനിച്ചു. ഇതാണ് ജൂലിയയുടെ ദാരുണമായ കൊലപാതകത്തിലേക്ക് നയിച്ചത്. മൂന്ന് ദിവസം കൂടി ജോലിയിൽ തുടരാൻ അനുവദിക്കണമെന്ന് കേറ്റ് ജൂലിയയെ നിർബന്ധിച്ച് സമ്മതിപ്പിച്ചു. ഇത് അവരുടെ ദാരുണമായ കൊലയ്ക്ക് കാരണമാകുമെന്ന് ജൂലിയ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
മാർച്ച് 2ന് ജോലിക്കാരിയുമായുണ്ടായ തർക്കത്തെ തുടർന്ന് അസ്വസ്ഥയായ ജൂലിയ പള്ളിയിലേക്ക് പോയി. തുടർന്ന് വീട്ടിലേക്ക് മടങ്ങിയെത്തിയ അവർ കേറ്റിന്റെ മോശം ജോലികളെ കുറിച്ച് ചോദ്യം ചെയ്തു. പ്രശ്‌നം വഷളായതോടെ പ്രകോപിതയായ കേറ്റ് ജൂലിയയെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ജൂലിയയെ കൊലപ്പെടുത്തിയത് എങ്ങനെയെന്ന് പിന്നീട് കേറ്റ് തന്നെ വിവരിച്ചു.
കൊലപാതകത്തിനുശേഷം മൃതദേഹം കഷ്ണങ്ങളായി മുറിച്ച് വേവിക്കുകയും അസ്ഥികൾ കത്തിച്ചുകളയുകയും ചെയ്തു. ശേഷിച്ച മൃതദേഹാവശിഷ്ടങ്ങൾ അവർ തെംസ് നദിയിൽ ഒഴുക്കി. ജൂലിയയുടെ തലയും ഇതിനൊപ്പം ഒഴുക്കി എന്നാണ് അവർ ആദ്യം കരുതിയത്. ശരീരത്തിലെ കൊഴുപ്പ് കേറ്റ് സമീപത്തെ പബ്ബിലേക്കും അയൽവാസികൾക്കും തെരുവു കുട്ടികൾക്കും നൽകിയതായും ആരോപണമുണ്ട്. എന്നാൽ ഇത് കേറ്റ് സമ്മതിച്ചിട്ടില്ലാത്തതിനാൽ തെളിയിക്കപ്പെട്ടിട്ടുമില്ല.
കൊലയ്ക്കുശേഷം രണ്ടാഴ്ചയോളം കേറ്റ് ജൂലിയയായി നടിച്ച് ജീവിച്ചു. എന്നാൽ കൊലപാതക വിവരം പുറത്തുവരികയും തെംസ് നദിയിൽ നിന്ന് ശരീരഭാഗങ്ങൾ കണ്ടെത്തി തുടങ്ങുകയും ചെയ്തതോടെ അവർ അയർലണ്ടിലേക്ക് കടന്നു. ജൂലിയയുടെ തലഭാഗം മാത്രം അന്വേഷകർക്ക് കണ്ടെത്താനായില്ല. പിന്നീട് ഒരു ബന്ധുവിന്റെ ഫാമിൽ നിന്നും ഡിറ്റക്റ്റീവുകൾ കേറ്റിനെ കണ്ടെത്തി അറസ്റ്റ് ചെയ്തു.
കേറ്റിന്റെ വിചാരണ വലിയ ശ്രദ്ധനേടിയിരുന്നു. വിചാരണ നടപടികൾ കാണാനായി ഒരു ദിവസം സ്വീഡന്റെ കിരീടാവകാശിയും പിന്നീട് രാജവുമായ ഗുസ്താവ് അഞ്ചാമനും വരെയെത്തി. വിചാരണയ്‌ക്കൊടുവിൽ കേറ്റ് കുറ്റകൃത്യങ്ങൾ സമ്മതിച്ചു. എന്നാൽ താൻ ഗർഭിണിയാണെന്ന് അവകാശപ്പെട്ട് വധശിക്ഷയിൽ നിന്ന് രക്ഷപ്പെടാനും കേറ്റ് ശ്രമിച്ചതായാണ് വിവരം.
ജൂലായ് 29-ന് കേറ്റിനെ വാൻഡ്‌സ്‌വർത്ത് ജയിലിൽ വച്ച് തൂക്കിലേറ്റി. കൊലപാതകം ആഴ്ചകൾക്കുള്ളിൽ തെളിയിച്ച് പ്രതിയെ പിടികൂടി ശിക്ഷ നടപ്പാക്കാനായെങ്കിലും ജൂലിയ മാർത്ത തോമസിന്റെ നഷ്ടപ്പെട്ട തല കണ്ടെത്താനും അതിനെചുറ്റിപ്പറ്റിയുള്ള ദുരൂഹതകൾ പരിഹരിക്കാനും 131 വർഷങ്ങൾ വേണ്ടിവന്നു.
