2018 മെയ് 27 നായിരുന്നു കേസിനാസ്പദമായ സംഭവം.
അയൽവീടുകളിൽ കാമുകിയും ഭാര്യയും
ഓണാട്ടുകര ഭാഷയിൽ തെക്കേലും വടക്കേലുമായിരുന്നു സുനില്‍കുമാറിന്റെ താമസം. അതായത് ഏതാണ്ട് 100 മീറ്റർ അകലത്തായി ഭാര്യയുടേയും കാമുകിയുടേയും വീടുകളിൽ. രാത്രി കാമുകിയുടെ വീട്ടിൽ പോകുന്ന സുനിൽ തിരിച്ച് സ്വന്തം വീട്ടിലെത്തുന്നത് നേരം പുലരുമ്പോൾ.അയൽവാസിയായ ശ്രീലതയുമായി സുനില്‍കുമാറിന് അടുത്ത ബന്ധമുണ്ടായിരുന്നത് ഭാര്യ അമ്പിളി അറിഞ്ഞത് വൈകിയാണ്. എന്നാൽ രണ്ട് മക്കളുള്ളതിനാല്‍ പ്രശ്നം വഷളാക്കേണ്ടെന്ന് കരുതി അവർ അത് സഹിച്ചു. വിവാഹസമയത്ത് മുപ്പത് പവനോളം ഉണ്ടായിരുന്ന അമ്പിളിയുടെ സ്വർണവും ഇതിനിടെ ഇല്ലാതായി. എന്നാല്‍ ശ്രീലതയെ വിവാഹം കഴിക്കാനായി സുനില്‍കുമാര്‍ തീരുമാനിച്ചതോടെ കാര്യങ്ങള്‍ വഷളായി.
advertisement
സംഭവത്തിന് രണ്ടുദിവസം മുമ്പ് ശ്രീലതയുടെ വീട്ടിലേക്കുപോയ സുനിലിനെ രണ്ടു ദിവസമായിട്ടും തിരികെ വന്നില്ല. രണ്ടു വീടിനപ്പുറമുള്ള ശ്രീലതയുടെ വീട്ടിലേക്ക് അന്വേഷിച്ചു പോയ അമ്പിളി ഇരുവരേയും ഒന്നിച്ചുകണ്ടതോടെ നിയന്ത്രണം വിട്ടു.'എന്തുവാടീ നേരം വെളുത്ത് പത്തുമണിയായാലും അങ്ങേരെ ഇറക്കിവിടാന്‍ വയ്യേ' എന്ന് ചോദിച്ചതോടെ ഇരുവരും വഴക്കായി.
കെട്ടാൻ വേണ്ടി കൊന്നു; കെട്ടിയ കെട്ട് കുരുക്കായി
ശ്രീലതയും അമ്പിളിയും തമ്മില്‍ വഴക്ക് മൂത്തപ്പോൾ അമ്പിളി വീട്ടിലേക്ക് തിരിച്ചുപോന്നു, പിന്നാലെയെത്തിയ സുനില്‍കുമാര്‍ അമ്പിളിയുമായി വീണ്ടും വഴക്ക് തുടങ്ങി. തുടർന്ന് സുനിൽകുമാർ അമ്പിളിയെ തലയ്ക്കടിച്ചുവീഴ്ത്തി. അലക്കുകല്ലിന്റെ അടുത്തുനിന്നും വലിച്ചിഴച്ച് വീട്ടിലെ സ്റ്റെയർകേസിനടിയിൽ എത്തിച്ച് കെട്ടി തൂക്കി. കെട്ടിത്തൂക്കിയ ശേഷം അടുത്ത കടയിലേക്ക് പോയി തിരിച്ചുവന്ന് മരിച്ചുവെന്ന് ഉറപ്പാക്കിയ ശേഷം മറ്റുള്ളവരെ അറിയിച്ചു. ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമിച്ചത്.
അമ്പിളിയുടെ കഴുത്തിൽ തടി കെട്ടുന്നത് പോലെയുള്ള കെട്ട് ശ്രദ്ധയിൽപ്പെട്ടതോടെയാണ് അന്വേഷണം സുനിൽകുമാറിലേക്ക് നീണ്ടത്. മരപ്പണിക്കാരനായ സുനില്‍കുമാര്‍ തനിക്ക് പതിവ് ശൈലിയിലെ കെട്ടായിരുന്നു സുനില്‍കുമാര്‍ അമ്പിളിയെ കൊല്ലാനായി അവരുടെ കഴുത്തില്‍ കെട്ടിയത്.
ശ്രീലതയെ വിവാഹം കഴിക്കാന്‍ അമ്പിളി തടസമായിരുന്നുവെന്ന് സുനില്‍കുമാര്‍ മൊഴി നൽകിയിരുന്നു. സുനിൽകുമാറിനെതിരെ കൊലപാതകം, മാരകമായി ദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങിയ വകുപ്പുകളും ശ്രീലതയ്ക്കെതിരെ കൊലപാതകം, പ്രേരണ കുറ്റം തുടങ്ങിയ വകുപ്പുകളുമാണ് ചുമത്തിയത്. ശ്രീലതയുടെ പ്രേരണയാലാണ് സുനിൽകുമാർ കൃത്യം നടത്തിയതെന്നും അതിനാൽ ഒന്നും രണ്ടും പ്രതികൾ കുറ്റക്കാരാണെന്നും കോടതി കണ്ടെത്തി.
നൂറനാട് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വി ബിജു രജിസ്റ്റർചെയ്ത കേസിൽ മാവേലിക്കര ഇൻസ്പെക്ടറായിരുന്ന പി ശ്രീകുമാറാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ സന്തോഷ് കുമാർ ഹാജരായി. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ജഡ്ജി പി.ശ്രീദേവിയാണ് വിധി പറഞ്ഞത്. 50,000 രൂപ പിഴ അമ്പിളിയുടെ മക്കള്‍ക്ക് നല്‍കാനും കോടതി വിധിച്ചു. പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.