രണ്ട് മാസം മുൻപായിരുന്നു ഇബ്രാഹിമിന്റെ ഭാര്യ മുഹസിന (37) വീട്ടിൽ പ്രസവിച്ചത്. പ്രസവത്തിന് പിന്നാലെ യുവതിയുടെ ആരോഗ്യനില വഷളായെങ്കിലും ഇബ്രാഹിം ചികിത്സ നൽകാൻ കൂട്ടാക്കിയില്ല. കഴിഞ്ഞ ദിവസം മുഹ്സിനയുടെ മാതാപിതാക്കൾ വീട്ടിലെത്തുമ്പോൾ യുവതി അതീവ ഗുരുതരാവസ്ഥയിലായിരുന്നു. ബന്ധുക്കൾ ബലം പ്രയോഗിച്ചാണ് യുവതിയെ തൃശൂരിലെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ചികിത്സയിലിരിക്കെ മുഹ്സിന മരണത്തിന് കീഴടങ്ങുകയായിരുന്നു.
ആശുപത്രിയിൽ എത്തിക്കുമ്പോൾ മുഹ്സിനയുടെ ശരീരം വ്രണങ്ങൾ വന്ന് പുഴുവരിച്ച നിലയിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. സ്വകാര്യ ഭാഗങ്ങളിൽ ഉൾപ്പെടെ ഗുരുതരമായ മുറിവുകളും അണുബാധയും ഉണ്ടായിരുന്നു. 15 വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. ആദ്യത്തെ ആറ് പ്രസവങ്ങളും ആശുപത്രിയിലാണ് നടന്നതെങ്കിലും ഏഴാമത്തെ പ്രസവം ഇബ്രാഹിം വീട്ടിൽ വെച്ച് തന്നെ നടത്തുകയായിരുന്നു. ആ പ്രസവത്തിൽ ജനിച്ച കുഞ്ഞ് ആറ് ദിവസത്തിന് ശേഷം മരിക്കുകയും ചെയ്തു.
advertisement
ജനുവരി 10-ന് കുട്ടി മരിച്ചപ്പോൾ തന്നെ മതിയായ ചികിത്സ നൽകാത്തതിനെതിരെ പൊതുപ്രവർത്തകനായ പുതുപൊന്നാനി പാലയ്ക്കൽ ഹംസത്ത് മുഹമ്മദ് പോലീസിൽ പരാതി നൽകിയിരുന്നു. ഗർഭകാലത്തോ പ്രസവ സമയത്തോ മുഹസിനയ്ക്ക് യാതൊരുവിധ വൈദ്യസഹായവും ഇബ്രാഹിം ലഭ്യമാക്കിയിരുന്നില്ലെന്ന് പോലീസ് കണ്ടെത്തി.
ആധുനിക വൈദ്യശാസ്ത്രത്തെ തള്ളിക്കളഞ്ഞ് അശാസ്ത്രീയമായ ചികിത്സാരീതികൾ പ്രോത്സാഹിപ്പിച്ച ചാവക്കാട്ടെ ഫെയ്സിറ്റ അക്യുപംക്ചർ സ്ഥാപനം നടത്തുന്ന റുവൈദ ഫൈസൽ, കുറ്റിപ്പുറം സ്വദേശി ജുനൈദ് എന്നിവർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ഇബ്രാഹിമിനെ ഇവർ സഹായിച്ചിരുന്നതായാണ് വിവരം. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. റൂറൽ ജില്ലാ പോലീസ് മേധാവിയും ജില്ലാ മെഡിക്കൽ ഓഫീസറും അടിയന്തരമായി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി. ഗീത ഉത്തരവിട്ടു.
