2002 മുതലുള്ള സെബാസ്റ്റ്യനെ കുറിച്ച് ആണ് അന്വേഷണസംഘം വിശദമായി പരിശോധിച്ചത്. അന്വേഷണത്തിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ.2012 ന് ശേഷം സെബാസ്റ്റ്യൻ ബാങ്ക് വഴിയുള്ള പണം ഇടപാടുകൾ അവസാനിപ്പിച്ചതായി അന്വേഷണത്തിൽ വ്യക്തമായി.സെബാസ്റ്റ്യൻ പണം കൊണ്ടു നടന്നിരുന്നത് ബിഗ് ഷോപ്പറിൽ. സെബാസ്റ്റ്യന് ബ്ലേഡ് ഇടപാടുകളും ഉണ്ടായിരുന്നതായി കണ്ടെത്തി.
ദുരൂഹമായ കേസുകൾ ഉണ്ടായത് കൃത്യമായ ഇടവേളകളിൽ ആണെന്നും അന്വേഷണസംഘം ചൂണ്ടിക്കാട്ടുന്നു.ഓരോ കേസുകളും തമ്മിൽ ആറു വർഷത്തെ കൃത്യമായ ഇടവേള. ഓരോ കൃത്യത്തിന്റെയും തെളിവ് നശിപ്പിക്കാൻ വേണ്ടിയാണ് ഇടവേള എന്ന് സൂചനയുണ്ട്. ഓരോ കേസുകൾ തമ്മിലും പരസ്പരബന്ധം ഉണ്ടെന്നും കണ്ടെത്തി.
advertisement
സെബാസ്റ്റ്യൻ അതിബുദ്ധിമാനായ ക്രിമിനൽ എന്ന് അന്വേഷണസംഘം നടത്തിയ പരിശോധനയിൽ വ്യക്തമായി.ആളുകളെ നിമിഷനേരം കൊണ്ട് പഠിക്കാൻ സമർത്ഥനാണ് പ്രതി.അന്വേഷണ ഉദ്യോഗസ്ഥരെ വരെ കൃത്യമായി പഠിച്ചശേഷം ചോദ്യങ്ങളിൽ നിന്ന് വഴുതി മാറുന്നതാണ് രീതി. ആകർഷണീയമായ സംസാരരീതി കൊണ്ടു തന്നെ വളരെ വേഗം ആളുകളുടെ വിശ്വാസ്യത നേടുമെന്നും പോലീസ് സംഘത്തിന് ബോധ്യമായിട്ടുണ്ട്.
സെബാസ്റ്റ്യൻ ഇമോഷണൽ ആകുന്നത് മകനെ ഓർത്ത് മാത്രമാണെന്ന് ഉദ്യോഗസ്ഥർക്ക് ചോദ്യം ചെയ്യലിൽ വ്യക്തമായി. കാണാതായ ആളുകൾ ജീവിച്ചിരിപ്പുണ്ട് എന്ന് വരുത്തിതീർക്കാൻ ശ്രമിച്ചതാണ് സെബാസ്റ്റിന് വിനയായത്. ജൈനമ്മയെ കാണാതായ ശേഷം ഫോണിൽ നിന്നുണ്ടായ മിസ് കോളുകൾ നിർണായക വഴിതിരിവ് ആയി. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഈരാറ്റുപേട്ടയിലെ കടയിൽ നിന്നും ഫോൺ ചാർജ് ചെയ്യുന്ന സിസിടിവി ദൃശ്യങ്ങൾ ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിച്ചത്.കേസിൽ നിർണായകമാകുന്ന ഡിഎൻഎ പരിശോധന ഫലം ഈയാഴ്ച തന്നെ ഉണ്ടാകും എന്ന് പ്രതീക്ഷയിലാണ് പോലീസ്.