2018 ഒക്ടോബർ 20 മുതൽ 2020 ജനുവരി 14 വരെയുള്ള കാലയളവിൽ പാലക്കാടുള്ള ന്യൂ ഭാരത് ബയോ ടെക്നോളി എന്ന കമ്പനിയിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പലപ്പോഴായി 30.75 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. കുമ്മനം ഉൾപ്പടെ 9 പേർക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. കുമ്മനം മിസോറാം ഗവർണറായിരുന്നപ്പോഴാണ് സംഭവം നടന്നതെന്നാണ് പരാതിയിൽ പറയുന്നത്. പാലക്കാട് കൊല്ലങ്കോട് സ്വദേശി വിജയൻ, ഭാര്യ കൃഷ്ണവേണി, മക്കളായ ഡാലിയ, റാണിയ, സാനിയ എന്നിവരാണ് മറ്റു പ്രതികൾ.
advertisement
Also Read- കുമ്മനം രാജശേഖരൻ പത്മനാഭസ്വാമി ക്ഷേത്ര ഭരണസമിതിയിലെ കേന്ദ്ര സര്‍ക്കാർ പ്രതിനിധി
മിസോറം ഗവർണറായിരുന്നപ്പോൾ പി എ ആയിരുന്ന പ്രവീൺ ബി പിള്ള ഇടനിലക്കാരനായി പാലക്കാട് സ്ഥാപനം തുടങ്ങാൻ പണം വാങ്ങി വഞ്ചിച്ചെന്നാണ് കേസ്. 30.75 ലക്ഷം രൂപ വാങ്ങിയെന്നും പരാതി ഉന്നയിച്ചതോടെ പിന്നീട് ബിജെപി എൻആർഐ സെൽ മുൻ കൺവീനർ എൻ ഹരികുമാരൻനായർ ഇടപെട്ട് 6.25 ലക്ഷം രൂപ മടക്കി നൽകിയെന്നും പരാതിയിൽ പറയുന്നു. കുമ്മനത്തിന്റെ സാന്നിധ്യത്തിൽ പ്രവീണിനെ കണ്ടെന്നും മികച്ച സംരംഭമാണെന്ന് കുമ്മനം അഭിപ്രായപ്പെട്ടെന്നും പരാതിയിൽ പറയുന്നതിനാലാണ് പ്രതിചേർത്തതെന്ന് പൊലീസ് പറയുന്നു.
പണം കൈപ്പറ്റിയ ശേഷം പാർട്ണർഷിപ്പ് നടപടികളിലേക്ക് നീങ്ങിയില്ലെന്നും മാസങ്ങളോളം കാത്തിരുന്നെങ്കിലും നടപടികളൊന്നുമായില്ലെന്നും പരാതിയിൽ പറയുന്നു. പല തവണ കുമ്മനത്തെ കണ്ടെങ്കിലും കാര്യമുണ്ടായില്ല. പ്രവീണിന്റെ വിവാഹ ദിവസം പതിനായിരം രൂപ കുമ്മനം തന്റെ പക്കൽ നിന്നും വായ്‌പ വാങ്ങിയെന്നും പരാതിയിൽ പറയുന്നു.
സംഭവത്തിൽ ആറന്മുള പൊലീസ് എഫ്ഐആർ ഇട്ട് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഐ.പി.സി 406,420, 34 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പണം തിരിമറി, വിശ്വാസ വഞ്ചന എന്നീ വകുപ്പുകളിലാണ് കേസെടുത്തത്.