മലപ്പുറത്ത് ഇന്ന് റിപ്പോർട്ട് ചെയ്ത മറ്റൊരു സംഭവത്തിൽ ഉറങ്ങിക്കിടന്ന ഭാര്യയെയും മകനെയും വെട്ടി പരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ. മലപ്പുറം വള്ളിക്കുന്ന് കൂട്ടുമുച്ചി സ്വദേശി പാറോല്‍ പ്രിയേഷിനെ (43) ആണ് തേഞ്ഞിപ്പലം പൊലീസ് കസ്റ്റഡിയിലെടുത്തത്. തേഞ്ഞിപ്പലം ചെനക്കലങ്ങാടി ആയുര്‍വേദ ആശുപത്രിക്ക് സമീപം വാടകക്ക് താമസിക്കുന്ന എടപ്പരുത്തി സിന്ധു (42), മകന്‍ അഭിരാം (ആറ്) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇതില്‍ ദേഹമാസകലം വെട്ടേറ്റ സിന്ധുവിന്റെ നില ഗുരുതരമായി തുടരുകയാണ്. ഒരു ചെവി അറ്റുതൂങ്ങിയ നിലയിലാണ് സിന്ധുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
advertisement
വെള്ളിയാഴ്ച രാത്രി 12ന് ശേഷമാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യ സിന്ധുവിനെയാണ് പ്രിയേഷ് ആദ്യം വെട്ടിയത്. ദേഹമാസകലം വെട്ടേറ്റ സിന്ധുവിന്‍റെ നിലവിളി കേട്ടാണ് മകൻ ഉണർന്നത്. ഇതോടെ പ്രിയേഷ് മകനു നേരെ തിരിഞ്ഞു. കൈയിൽ വെട്ടേറ്റ അഭിരാം കുതറിമാറി ഓടി രക്ഷപെടുകയായിരുന്നു. അഭിരാം ഓടി സമീപമുള്ള മുരളിയുടെ വീട്ടിലെത്തി ഉറക്കെ നിലവിളിക്കുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് എത്തിയ പ്രദേശവാസികള്‍ ചേര്‍ന്നാണ് പ്രിയേഷിനെ കീഴ്പ്പെടുത്തിയത്. ഇയാളെ പിന്നീട് തേഞ്ഞിപ്പലം പൊലീസിന് കൈമാറുകയായിരുന്നു.
Also Read- ചിറയിൻകീഴിൽ യുവാവിനെ വെട്ടേറ്റ് കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി
നാട്ടുകാർ ഓടിയെത്തി, പ്രിയേഷിനെ കീഴ്‌പ്പെടുത്തിഴേക്കും ദേഹമാസകലം വെട്ടേറ്റ് അവശ നിലയിലായിരുന്നു സിന്ധു. ഇവരുടെ ശരീരത്തിലാകമാനം ഏഴിടത്ത് വെട്ടേറ്റു. ഒരു ചെവി വെട്ടേറ്റ് തൂങ്ങിയ നിലയിലാണ്. ഓടിക്കൂടിയ അയല്‍വാസികളാണ് ഇരുവരെയും ചേളാരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. സിന്ധുവിന്‍റെ പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അഭിരാമിന്‍റെ പരിക്ക് ഗുരുതരമല്ല. കുട്ടിയുടെ കൈയ്ക്കാണ് പരിക്ക് ഏറ്റത്. ചെവി അറ്റുതൂങ്ങിയതിനാൽ സിന്ധുവിനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും. ഇവരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് ഡോക്ടർമാർ അറിയിച്ചു.
ദമ്പതികള്‍ തമ്മില്‍ ഏറെ കാലമായി കുടുംബ വഴക്ക് നിലനിന്നിരുന്നു, ഇതാണ് അക്രമത്തില്‍ കലാശിച്ചതെന്നാന്ന് റിപ്പോര്‍ട്ട്. തേഞ്ഞിപ്പലം സ്റ്റേഷൻ ഹൌസ് ഓഫീസർ എസ്. അഷ്റഫും സംഘവുമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. വിവിധ ഭാഗങ്ങളിലായി ഏഴോളം വെട്ടുകളാണ് സിന്ധുവിന്‍റെ ശരീരത്തിലുള്ളതെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ പരപ്പനങ്ങാടി ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തു. സയന്‍റിഫിക് വിദഗ്ധരും സംഭവ സ്ഥലത്തെത്തി തെളിവെടുത്തു.
Also Read-സ്വകാര്യതയിലുള്ള കടന്നുകയറ്റം; ഭർത്താവിന്‍റെ ഫോൺ പരിശോധിച്ച യുവതിക്ക് ഒരു ലക്ഷം രൂപയോളം പിഴ
പരിശോധനയില്‍ പ്രിയേഷിന്‍റെ സ്കൂട്ടറില്‍നിന്ന് പുതിയ വെട്ടുകത്തിയും കണ്ടെത്തിയിട്ടുണ്ട്. കുടുംബ വഴക്കാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. വള്ളിക്കുന്ന് കൊടക്കാട് താമസിക്കുന്നതിനിടെ ഇവര്‍ തമ്മിലുണ്ടായ കുടുംബവഴക്ക് പരപ്പനങ്ങാടി പൊലീസ് ഇടപെട്ട് പറഞ്ഞ് തീര്‍ത്തിരുന്നു. സംഭവത്തിന് ഇപ്പോഴുണ്ടായ കാരണമെന്താണെന്ന് പൊലീസ് അന്വേഷിച്ച് വരികയാണെന്ന് തേഞ്ഞിപ്പലം പൊലീസ് അറിയിച്ചു. മലപ്പുറം പെരുവള്ളൂര്‍ കൂമണ്ണ പറച്ചിനപ്പുറയ പരേതനായ എടപ്പരുത്തി രാമന്‍കുട്ടിയുടെ മകളാണ് സിന്ധു.
