ജോസ് വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് ശ്രീരാജ് ഇയാളുടെ വീട്ടിലെത്തിയത്. പുറത്ത് നിന്ന് വീട്ടമ്മയോട് വെള്ളം ആവശ്യപ്പെട്ടു. വെള്ളം നൽകി ഇവർ തിരികെ അകത്തേക്ക് കയറുന്നതിനിടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ഇയാൾ, കളിത്തോക്ക് കാട്ടി വീട്ടമ്മയെ ഭീഷണിപ്പെടുത്തുകയായിരുന്നു. വായിൽ തുണി തിരുകി കയ്യും കാലും കെട്ടിയ ശേഷം വലിച്ചിഴച്ച് അടുത്ത മുറിയിൽ എത്തിക്കുകയായിരുന്നു. ഇതിനിടെ ഇവരുടെ കഴുത്തിൽ കിടന്ന ആറുപവന്‍റെ മാലയും ഊരിവാങ്ങിയിരുന്നു. ഇതിനൊപ്പം അലമാരിയിൽ സൂക്ഷിച്ചിരുന്ന 19 പവന്‍റെ ആഭരണങ്ങളും മോഷ്ടിച്ചാണ് കടന്നു കളഞ്ഞത്.
advertisement
ഒറ്റപ്പെട്ട സ്ഥലത്തുള്ള വീടായതിനാൽ മോഷ്ടാവ് വാഹനം ഉപയോഗിക്കാതെ വന്നതിനാലും കേസന്വേഷണം കനത്ത വെല്ലുവിളിയായിരുന്നു. അതുപോലെ തന്നെ ശ്രീരാജ് മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ല. പരിസരപ്രദേശങ്ങളിൽ സിസിറ്റിവി ക്യാമറകള്‍ ഇല്ലാതിരുന്നത് പ്രതിയെ കണ്ടെത്താൻ തടസം സൃഷ്ടിച്ചിരുന്നു.
തെളിവുകൾ കുറവായിരുന്ന കേസിൽ ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ ഡിവൈഎസ്പി എം.അനിൽകുമാർ, എസ്എച്ച്ഒ ജസ്റ്റിൻ ജോൺ എന്നിവരുടെനേതൃത്വത്തിൽ രണ്ട് ടീമായാണ് അന്വേഷണം ആരംഭിച്ചത്. സംഭവസ്ഥലത്തു നിന്നും രണ്ടു കിലോമീറ്റർ ചുറ്റളവിലുള്ള സിസിറ്റിവി ദൃശ്യങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കി. നാന്നൂറിലേറെപ്പേരെയാണ് ചോദ്യം ചെയ്തത്. മോഷ്ടാവ് കോട്ടയത്തു നിന്നും അയർക്കുന്നത്തേക്ക് ബസിൽ ആണ് എത്തിയതെന്ന സൂചന ലഭിച്ചതിനെ തുടർന്ന് അന്വേഷണം ആ വഴിക്കായി.
കോട്ടയത്ത് നൂറിലധികം സിസിറ്റിവി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചു. സംശയമുള്ള ആളുകളുടെ ഫോണ്‍ നമ്പറുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ശ്രീരാജിലേക്കെത്തിച്ചത്. എസ്എച്ച്ഒ ജസ്റ്റിൻ ജോണിന്റെ നേതൃത്വത്തിൽ തമിഴ്നാട് അതിർത്തിയിലെ ലോഡ്ജിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. സ്പെഷൽ ബ്രാഞ്ച് ഇൻസ്പെക്ടർമാരായ ടി.ശ്രീജിത്ത്, ടി.റെനീഷ്, എസ്ഐമാരായ കെ.എച്ച്.നാസർ, ഷിബുക്കുട്ടൻ, അസി. എസ്ഐ കെ.ആർ.അരുൺകുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ ശ്യാം എസ്.നായർ, കെ.ആർ.ബൈജു, ഗ്രിഗോറിയസ്, ശ്രാവൺ രമേഷ്, ടി.ജെ.സജീവ്, തോമസ് സ്റ്റാൻലി, കിരൺ, ചിത്രാംബിക എന്നിവർ ഉൾപ്പെട്ടതായിരുന്നു അന്വേഷണ സംഘം.
Also Read-കേക്ക് മുറിച്ച് കാളയുടെ പിറന്നാൾ ആഘോഷിച്ചു; വീഡിയോ വൈറലായതിന് പിന്നാലെ അറസ്റ്റും
അമയന്നൂരിലെ ഒരു ക്ഷേത്രത്തിൽ പൂജാരി ആയിരുന്നു ശ്രീരാജ് നമ്പൂതിരി. ആഢംബര ജീവിതം നയിക്കുന്നതിനായാണ് പ്രതി മോഷണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇവിടെ വച്ച് പരിചയപ്പെട്ട ഒരു യുവതിയെ വിവാഹം കഴിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു.
അയര്‍ക്കുന്നത്തെ മോഷണം
ആഢംബര ജീവിതം നയിക്കുന്നതിനായി മോഷണം തെരഞ്ഞെടുത്ത ഇയാൾ ഒറ്റപ്പെട്ട വീടുകളാണ് പ്രധാനമായും ലക്ഷ്യം വച്ചത്. ഇതിനായി ഓണ്‍ലൈൻ വഴി ഒരു കളിത്തോക്കും വാങ്ങി. മോഷണത്തിനായി പുറപ്പെട്ടപ്പോൾ തന്നെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് വയ്ക്കുകയും ചെയ്തിരുന്നു. അയർക്കുന്നത്ത് മോഷണം നടത്തിയ ശേഷം ധരിച്ചിരുന്ന ഷർട്ടും കയ്യുറകളും വീട്ടിൽ നിന്നെടുത്ത മൊബൈല്‍ ഫോണും വഴിയിൽ ഉപേക്ഷിച്ചു. പിന്നീട് പഴനി, ചിദംബരം, തക്കല തുടങ്ങിയ സ്ഥലങ്ങളിൽ കറങ്ങി നടക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.
മറ്റ് കേസുകള്‍
ട്രെയിനിൽ യാത്രക്കാരന്റെ പണവും ക്യാമറയും മോഷ്ടിച്ചതിനു കൊല്ലം റെയിൽവേ സ്റ്റേഷനിലും അടുത്ത വീട്ടിൽ നിന്നു പണം മോഷ്ടിച്ച സംഭവത്തിൽ കുമളി പൊലീസ് സ്റ്റേഷനിലും ശ്രീരാജിനെതിരെ കേസുണ്ട്.