പത്താംക്ലാസ് വിദ്യാഭ്യാസവും, കളരി മർമ ഗുരുകുലത്തിന്റെ സർട്ടിഫിക്കറ്റും; സർജറി അടക്കം ചികിത്സ നടത്തി വന്ന വ്യാജ വനിത ഡോക്ടർ അറസ്റ്റിൽ
- Published by:Asha Sulfiker
- news18-malayalam
Last Updated:
പത്താംക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള സോഫിയുടെ പക്കൽ മരുന്ന് നൽകാൻ തമിഴ്നാട്ടിലെ ഒരു സ്ഥാപനത്തിൽ നിന്നുള്ള സർട്ടിഫിക്കറ്റും ഇന്ത്യൻ മാർഷൽ ആർട്സ് അക്കാദമിയുടെ കളരി മർമ ഗുരുകുലത്തിന്റെ സർട്ടിഫിക്കറ്റുമാണ് ഉണ്ടായിരുന്നത്.
തിരുവനന്തപുരം: സോഷ്യല്‍ മീഡിയ വഴി പ്രചാരണം നടത്തി ചികിത്സ നടത്തി വന്നിരുന്ന വ്യാജ വനിത ഡോക്ടർ അറസ്റ്റിൽ. പെരിങ്ങമ്മല കൊല്ലായിൽ ഡീസന്റ് മുക്കിനു സമീപം ഹിസാന മൻസിലിൽ സോഫി മോൾ (43) ആണ് അറസ്റ്റിലായത്. ഡീസന്റ് മുക്കിൽ ചികിത്സ നടത്തവെ പാലോട് പൊലീസ് ആണ് ഇവരെ പിടികൂടിയത്. കേരളത്തിലെ വിവിധയിടങ്ങളിൽ ക്യാംപ് ചെയ്തായിരുന്നു ഇവരുടെ തട്ടിപ്പ്.
മാറാരോഗങ്ങൾ അടക്കം മാറ്റുമെന്ന് ഉറപ്പുമായി 'വൈദ്യ ഫിയ റാവുത്തർ തലശ്ശേരി' എന്ന ഫെയ്സ്ബുക് അക്കൗണ്ട് വഴിയായിരുന്നു ചികിത്സയ്ക്കു പ്രചാരണം നൽകുന്നത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ക്യാംപ് ചെയ്താണ് രോഗികളെ നോക്കുന്നത്. പൊലീസ് അറസ്റ്റ് ചെയ്യുന്നതിനായെത്തുമ്പോഴും നിരവധി ആളുകൾ ഇവരുടെ ചികിത്സാ കേന്ദ്രത്തിലുണ്ടായിരുന്നു. പെരിങ്ങമ്മല സ്വദേശിയാണ് സോഫി മോൾ. എന്നാൽ കുറച്ച് വർഷങ്ങളായി കാസർകോട് നീലേശ്വരം മടിക്കൈ ആണ് താമസം. നേരത്തെ ഭർത്താവിനൊപ്പം ചികിത്സ നടത്തിയിരുന്ന ഇവർ അയാളുമായി പിണങ്ങി ഇപ്പോൾ ഒറ്റയ്ക്കായിരുന്ന ചികിത്സ നടത്തി വന്നിരുന്നത്.മലപ്പുറം, കൊണ്ടോട്ടി, തലശ്ശേരി കോട്ടയം തുടങ്ങിയ പലയിടങ്ങളിലും ഇവർ ക്യാംപ് നടത്തിയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
advertisement
പത്താംക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള സോഫിയുടെ പക്കൽ മരുന്ന് നൽകാൻ തമിഴ്നാട്ടിലെ ഒരു സ്ഥാപനത്തിൽ നിന്നുള്ള സർട്ടിഫിക്കറ്റും ഇന്ത്യൻ മാർഷൽ ആർട്സ് അക്കാദമിയുടെ കളരി മർമ ഗുരുകുലത്തിന്റെ സർട്ടിഫിക്കറ്റുമാണ് ഉണ്ടായിരുന്നത്. ഇതിന്‍റെ പിൻബലത്തിലാണ് ഇവർ സർജറി അടക്കമുള്ള ചികിത്സ നടത്തി വന്നത്. അമിത ഫീസും ഈടാക്കിയിരുന്നു.
ഫേസ്ബുക്കിലെ പരസ്യം കണ്ട് പൊലീസ് ഇടപെട്ട് നടത്തിയ അന്വേഷണത്തിലാണ് വ്യാജ ഡോക്ടർ കുടുങ്ങിയത്. ചികിത്സ പ്രചാരണം ശ്രദ്ധയിൽപ്പെട്ട തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി പി.കെ. മധു അന്വേഷണത്തിന് നിർദേശിച്ചു. തുടർന്ന് നെടുമങ്ങാട് ഡിവൈഎസ്പി ജെ. ഉമേഷ്, പാലോട് ഇൻസ്പെക്ടർ സി.കെ. മനോജ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് വ്യാജഡോക്ടറെ തിരിച്ചറിഞ്ഞത്. ഇവരിൽ നിന്ന് ഡോ. സോഫിമോൾ എന്ന തിരിച്ചറിയൽ കാർഡും പിടിച്ചെടുത്തിട്ടുണ്ട്.
advertisement
കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്.
Location :
First Published :
March 13, 2021 10:17 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പത്താംക്ലാസ് വിദ്യാഭ്യാസവും, കളരി മർമ ഗുരുകുലത്തിന്റെ സർട്ടിഫിക്കറ്റും; സർജറി അടക്കം ചികിത്സ നടത്തി വന്ന വ്യാജ വനിത ഡോക്ടർ അറസ്റ്റിൽ