അല്‍ഖ്വയ്ദ ബന്ധമുള്ള സംഘത്തിന്റെ പ്രവര്‍ത്തനം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടെന്നാണ് ദേശീയ അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. അന്വേഷണത്തില്‍ പത്ത് പേരെയാണ് തിരിച്ചറിഞ്ഞത്. ഇതില്‍ മൂന്നു പേര്‍ കേരളത്തില്‍ നിന്ന് പിടിയിലായവരാണ്. കൊച്ചിയില്‍ എന്‍ ഐ എ അറസ്റ്റ് ചെയ്ത മുര്‍ഷിദ് ഹസനാണ് സംഘത്തെ നിയന്ത്രിച്ചിരുന്നതെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഫോടനം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടു. ഇതിനായി പണം സ്വരൂപിക്കാനും ശ്രമം നടത്തി. കൂടുതല്‍ ആളുകളെ സംഘത്തിലേയ്ക്ക് റിക്രൂട്ട് ചെയ്യാന്‍ ശ്രമം നടന്നതായും എന്‍.ഐ.എ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തിനെതിരായ യുദ്ധമാണ് ഇവര്‍ നടത്തിയതെന്നും ട്രാന്‍സിറ്റ് റിമാന്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
advertisement
കേരളത്തില്‍ നിന്ന് പിടിയിലായവര്‍ക്ക് ധനസമാഹരണമായിരുന്നു പ്രധാന ചുമതലയെന്നാണ് എന്‍.ഐ.എയുടെ നിഗമനം. അതുകൊണ്ട് തന്നെ ഏതെങ്കിലും സംഘടനകളില്‍ നിന്നോ വ്യക്തികളില്‍ നിന്നോ ഇവര്‍ക്ക് സാമ്പത്തിക സഹായം കിട്ടിയിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. മറ്റ് ഏതെങ്കിലും സംഘടനകളില്‍ ഇവര്‍ പ്രവര്‍ത്തിച്ചിരുന്നോയെന്നും അന്വേഷിക്കും. ഇവരോടൊപ്പം പ്രവര്‍ത്തിച്ചിരുന്നവരെയും ജോലി ചെയ്യുന്നവരെയും നിരീക്ഷിയ്ക്കുന്നുണ്ട്.
അല്‍ഖ്വയ്ദ തീവ്രവാദികളെ അറസ്റ്റ് ചെയ്തത് ഗൗരവത്തോടെയാണ് സംസ്ഥാന സര്‍ക്കാരും കാണുന്നത്. പെരുമ്പാവൂരിലടക്കം അതിഥി തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന സ്ഥലങ്ങളില്‍ പൊലീസ് പരിശോധന നടത്തുന്നുണ്ട്.