2017 നവംബര്‍ 15ന് രാത്രി ദിലീപിന്റെ ആലുവയിലെ വീട്ടില്‍ വെച്ച് ഗൂഢാലോചന നടത്തിയെന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. അന്വേഷണ ഉദ്യോഗസ്ഥരായ എസ്.പി. കെ.എസ്. സുദര്‍ശന്‍, ഡിവൈഎസ്പി ബൈജു പൌലോസ് തുടങ്ങിയവരെ അപായപ്പെടുത്താന്‍ ദിലീപിന്റെ നേതൃത്വത്തില്‍ ശ്രമിച്ചെന്നാണ് കേസ്.
കേസിൽ മൊത്തം ആറു പ്രതികളാണ് ഉള്ളത്. ദീലീപ്, അനുജൻ അനൂപ്, ബന്ധുക്കളായ സൂരജ്, അപ്പു, ദിലീപിന്‍റെ സുഹൃത്തായ ബൈജു ചെങ്ങമനാട് പിന്നെ ഇനിയും തിരച്ചറിഞ്ഞിട്ടില്ലാത്ത മറ്റൊരാളും പ്രതി പട്ടികയിലുണ്ട്. ഇയാളാണ് ദിലീപിന്റെ വീട്ടിൽ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ എത്തിച്ചതെന്നാണ് കരുതുന്നത്. ഗൂഢാലോചന നടത്തിയതിന് തെളിവായി ബാലചന്ദ്രകുമാറിന്റെ കൈവശം ഉണ്ടായിരുന്ന ഓഡിയോ ക്ലിപ്പുകളും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്.
advertisement
തിരുവനന്തപുരം ക്രൈംബ്രാഞ്ച് യൂണിറ്റാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പുതിയ കേസില്‍ ദിലീപിനെ ഉടന്‍ ചോദ്യം ചെയ്യും. ക്രൈം ബ്രാഞ്ച് ചുമതലപ്പെടുത്തുന്ന പുതിയ അന്വേഷണ സംഘമായിരിക്കും ഗൂഢാലോചന കേസ് അന്വേഷിക്കുക.
നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം സത്യസന്ധമായി നടക്കുമെന്നും കോടതി നിർദ്ദേശം അനുസരിച്ച് കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകും എന്നും ക്രൈംബ്രാഞ്ച് മേധാവി എസ്. ശ്രീജിത്ത് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. വെളിപ്പെടുത്തലുകൾ എല്ലാം അന്വേഷണ പരിധിയിലുണ്ടെന്നും പ്രത്യേക അന്വേഷണ സംഘത്തിന്റെ ഉന്നതതല യോഗത്തിനു ശേഷം അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കിയതിൻ്റെ തൊട്ടടുത്ത ദിവസമാണ് ദിലീപിനെതിരെ കേസെടുത്തത്.
നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം സംബന്ധിച്ച കാര്യങ്ങൾ തീരുമാനിക്കാനായി ക്രൈംബ്രാഞ്ച് മേധാവി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിൽ ഇന്നലെ നടന്ന യോഗം മണിക്കൂറുകൾ നീണ്ടു നിന്നിരുന്നു.
പ്രധാനമായും സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ ദിലീപ്, പൾസർ സുനി എന്നിവരെ വീണ്ടും ചോദ്യം ചെയ്യുന്നതടക്കമുള്ള വിഷയങ്ങളാണ് പ്രത്യേക സംഘം പരിശോധിച്ചത്. പ്രതികൾക്ക് ഉടൻ നോട്ടീസ് അയയ്ക്കാനും നീക്കമുണ്ട്. വെളിപ്പെടുത്തലുകളെല്ലാം അന്വേഷണ പരിധിയിലുണ്ടെന്ന് തുടരന്വേഷണ സംഘത്തിന് മേൽനോട്ടം വഹിക്കുന്ന ക്രൈംബ്രാഞ്ച് മേധാവി വ്യക്തമാക്കി കഴിഞ്ഞു.
വരുന്ന ബുധനാഴ്ച്ച സംവിധായകൻ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്താനിരിക്കെയാണ് അന്വേഷണ കാര്യങ്ങൾ തീരുമാനിക്കാനായി ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തിരക്കിട്ട ചർച്ചകൾ നടന്നത്. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന്‍റെ കൈവശമുണ്ടെന്നും ഇത് കാണാൻ ദിലീപ് ക്ഷണിച്ചുവെന്നതടക്കമുള്ള ആരോപണങ്ങളാണ് ബാലചന്ദ്രകുമാർ ഉന്നയിച്ചിട്ടുള്ളത്. ഈ മാസം 20ന് മുമ്പ് തുടരന്വേഷണ റിപ്പോര്‍ട്ട് കൈമാറാനാണ് വിചാരണക്കോടതിയുടെ നിർദ്ദേശം.