വിഷ്ണുപ്രിയയുമായി കഴിഞ്ഞ അഞ്ചുവർഷമായി പ്രണയത്തിലായിരുന്നുവെന്നും എന്നാൽ കഴിഞ്ഞ മൂന്നു മാസമായി തന്നെ പൂർണമായും അവഗണിച്ചിരുന്നതായും ശ്യാംജിത്ത് പറഞ്ഞു. ഇതിൽ പ്രകോപിതനായാണ് വിഷ്ണുപ്രിയയെ കൊലപ്പെടുത്താൻ തീരുമാനിച്ചത്.
മൂന്നുദിവസം മുമ്പാണ് കൊല നടത്താൻ തീരുമാനിച്ചത്. ഇതിൻപ്രകാരം കത്തിയും ചുറ്റികയും വാങ്ങി. സംഭവദിവസം വൈകിട്ട് നാടുവിടാനായിരുന്നു പദ്ധതിയെന്നും പൊലീസിനോട് പ്രതി സമ്മതിച്ചു.വിഷ്ണുപ്രിയയുടെ ശരീരത്തിൽ ആഴത്തിലുള്ള 18 മുറിവുകള്‍ ഉണ്ടെന്ന് പോലീസ് ഇന്‍ക്വസ്റ്റില്‍ പറയുന്നു.
advertisement
കൂത്തുപറമ്പിലെ ഒരു കടയിൽ നിന്ന് വാങ്ങിയ ചുറ്റികയുമായാണ് വിഷ്ണുപ്രിയയുടെ വീട്ടിൽ എത്തിയതെന്നും പ്രതി ശ്യാംജിത്ത് മൊഴി നൽകി. അടിയേറ്റ് ബോധരഹിതയായപ്പോൾ കഴുത്തറുത്ത് കൊല്ലുകയായിരുന്നുവെന്ന് പ്രതി വ്യക്തമാക്കി. കൊലപ്പെടുത്തണം എന്ന് ഉദ്ദേശത്തോടെയാണ് പ്രതി പെൺകുട്ടിയുടെ വീട്ടിലേക്ക് എത്തിയത്.
പാനൂർ നൂക്ലിയസ് ആശുപത്രിയിലെ ഫാർമസി ജീവനക്കാരിയായിരുന്നു വിഷ്ണുപ്രിയ. പെൺകുട്ടിയുടെ അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങായിരുന്നു ഇന്നലെ. തറവാട്ട് വീട്ടിൽ നിന്ന് വസ്ത്രം മാറാനും മറ്റുമായി വീട്ടിലെത്തിയ വിഷ്ണുപ്രിയ തിരിച്ചു വരാതായതോടെ കുടുംബാംഗങ്ങൾ അന്വേഷിച്ച് വരികയായിരുന്നു. ഈ സമയത്താണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.