കൊളത്തൂർ കുറുപ്പത്താലിൽ വാടക മുറിയിൽ വ്യാജ ടെലഫോൺ എക്സ്ചേഞ്ച് സംവിധാനം ഒരുക്കിയ തയ്യിൽ ഹുസൈനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോൾ ആണ് തട്ടിപ്പിൻ്റെ കൂടുതൽ വിവരങ്ങൾ പോലീസിന് ലഭിച്ചത്. കൊളത്തൂരിന് പുറമെ പുലാമന്തോൾ, കട്ടുപ്പാറ, ആമയൂർ എന്നിവിടങ്ങളിൽ ആയിരുന്നു സമാന്തര എക്സ്ചേഞ്ച് ഒരുക്കിയിരുന്നത്. മൊബൈൽ ടവറുകൾക്ക് അടുത്ത് റൂം വാടകക്ക് എടുത്ത് അവിടെ സംവിധാനങ്ങൾ സജ്ജമാക്കുക ആയിരുന്നു ഇയാള്.
സിം ബോക്സ്, റൂട്ടർ, സിം കാർഡുകൾ, ബാറ്ററി, ഇൻവർട്ടർ തുടങ്ങിയവ ഈ റൂമുകളിൽ നിന്നും പോലീസ് പിടിച്ചെടുത്തു. ടവറുകൾക്ക് അടുത്ത് എടുക്കുന്ന മുറികളിൽ ഇവ എല്ലാം സജ്ജമാക്കി വെച്ചാൽ പിന്നീടുള്ള പ്രവർത്തനം നിയന്ത്രിക്കുന്നത് വിദേശത്ത് നിന്നുള്ള സംഘം ആണ് എന്നും പോലീസ്. നാട്ടിലെ മൊബൈൽ സേവന ദാതാക്കൾ അറിയാതെ വിദേശത്ത് നിന്നുള്ള ഫോൺ വിളികൾ ഇതിലൂടെ നടത്താൻ സാധിക്കും . മൊബൈൽ കമ്പനികൾക്കും സർക്കാരിനും ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം മാത്രമല്ല ഇത് കൊണ്ടുള്ള പ്രശ്നം. ഈ ഫോൺ വിളികൾ കണ്ടെത്താൻ കഴിയില്ല എന്നത് കൊണ്ട് സുരക്ഷ ഭീഷണിയും ഉയർത്തുന്നുണ്ട് സമാന്തര എക്സ്ചെഞ്ചുകൾ എന്നും പോലീസ് പറയുന്നു.
advertisement
read also: ദുൽഖർ സൽമാൻ മുതൽ ദേവ് മോഹൻ വരെ; ടോളിവുഡിൽ പ്രവർത്തിച്ച മലയാള താരങ്ങൾ
" വലിയ സുരക്ഷ ഭീഷണി ആണ് ഈ സമാന്തര സംവിധാനങ്ങൾ. ഇത് മുഖേന ഉള്ള വിളികൾ ഒന്നും എവിടെയും രേഖപ്പെടുത്തില്ല. അത് കൊണ്ട് തന്നെ കണ്ടെത്താനും കഴിയില്ല. ദേശീയ സുരക്ഷ ഏജൻസികൾ വരെ ഇത്തരം വ്യാജ എക്സ്ചേഞ്ച് സംഭവങ്ങൾ അതീവ ഗൗരവമായി ആണ് എടുക്കുന്നത് "
see also: സമൂഹമാധ്യമങ്ങളിൽ അപമാനിച്ചെന്നാരോപിച്ച് കൊല്ലത്ത് യുവാവിന് ക്രൂര മർദനം
" ഹുസ്സൈൻ നാലിടത്ത് ആണ് വ്യാജ ടെലഫോൺ എക്സ്ചേഞ്ചുകൾ ഒരുക്കിയിരുന്നത്. കൊളത്തൂരിലും പുലാമന്തോളിലും കട്ടുപ്പാറയിലും പിന്നെ പട്ടാമ്പിക്ക് അടുത്ത് ആമയൂരിലും. ഇവിടെ ഈ സംവിധാനങ്ങൾ പ്രവർത്തിച്ചിരുന്നത് നിയന്ത്രിച്ചിരുന്നത് വിദേശത്ത് ഉള്ളവരാണ്. ഹുസ്സൈൻ ഇവിടെ ഈ സംവിധാനങ്ങൾ നിർദേശങ്ങൾക്ക് അനുസരിച്ച് ഒരുക്കുക ആണ് ചെയ്തിരുന്നത്. " കൊളത്തൂർ സി ഐ സുനിൽ പുളിക്കൽ പറഞ്ഞു.
128 സിം കാർഡുകൾ ആണ് ഓരോ സിം ബോക്‌സിലും ഉള്ളത്. അത്തരത്തിൽ നാല് സിം ബോക്സ്, റൂട്ടർ, ഇൻവെർട്ടർ, ബാറ്ററി തുടങ്ങിയവ ഈ കേന്ദ്രങ്ങളിൽ നിന്ന് കണ്ടെടുത്തു.സിമ്മുകൾ ഉത്തരേന്ത്യയിൽ ഉള്ളവരുടെ പേരിൽ എടുത്തത് ആണ് എന്നും പോലീസ് പറഞ്ഞു. ഹുസൈന് പിറകിൽ ഉള്ള സംഘത്തെ പറ്റി അനേഷണം നടത്തും. വിദേശത്ത് നിന്ന് ആണ് ഇത്തരം സംവിധാനങ്ങൾ നിയന്ത്രിക്കുന്നത് എന്നത് പോലീസിന് വെല്ലുവിളി ആണ്. മൊബൈൽ ടവറുകൾക്ക് അടുത്ത മുറികൾ വാടകക്ക് കൊടുക്കുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം എന്നും പോലീസ്. " എല്ലായിടത്തും മൊബൈൽ ടവറുകളോട് ചേർന്ന് ആണ് ഇവരുടെ എക്സ്ചേഞ്ച് നിർമാണം. റൂം വാടകക്ക് കൊടുക്കുന്നവർ ഇത്തരം നിയമ വിരുദ്ധ പ്രവർത്തനങ്ങൾ അവിടെ നടക്കുന്നില്ല എന്ന് ഉറപ്പാക്കണം. " പോലീസ് മുന്നറിയിപ്പ് നൽകുന്നു.