2004 മെയ് 30നാണ് പോണേക്കര ചേന്ദംകുളങ്ങര ക്ഷേത്രത്തിന് സമീപം കോശേരി ലെയ്നിൽ താമസിക്കുന്ന 72 വയസുള്ള വൃദ്ധയെയും, 60 വയസുകാരനായ സഹോദരപുത്രനെയും റിപ്പർ ജയാനന്ദൻ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ജയാനന്ദൻ്റെ കൊലപാതക പരമ്പരയിലെ ആദ്യ കേസുകളിലൊന്നു കൂടിയാണിത്. മറ്റ് കൊലപാതക കേസുകളിൽ ശിക്ഷിക്കപ്പെട്ട് തടവിൽ കഴിയുന്നതിനിടെ സഹതടവുകാരനോടാണ് ഇടപ്പള്ളിയിലെ ഇരട്ടക്കൊലപാതകം നടത്തിയതും താനാണെന്ന് ജയാനന്ദൻ വെളിപ്പെടുത്തിയത്. കരിക്ക് വിൽപ്പനക്കാരനായി ഈ വഴിയെല്ലാം വന്നിട്ടുള്ള ജയാനന്ദൻ മറ്റൊരു വീട്ടിൽ മോഷണത്തിന് ശ്രമിക്കുന്നതിനിടെ വീട്ടുടമ കാണുകയും, ഇവിടെ നിന്ന് ഓടി കൃത്യം നടന്ന വീടിനരികിൽ എത്തുകയുമായിരുന്നു.
advertisement
മൂത്രമൊഴിക്കാൻ പുറത്തിറങ്ങിയ വൃദ്ധയുടെ സഹോദര പുത്രന് പിന്നാലെയെത്തി അകത്ത് കടന്നാണ് ഇരുവരെയും തലയ്ക്കടിച്ചും, വെട്ടിയും കൊലപ്പെടുത്തിയത്. കൊലപാതകം നടത്താനെത്തിയ വഴിയും, ഒളിച്ചിരുന്ന സൺ ഷെയ്ഡ് ഭാഗവും, കൊലപ്പെടുത്തിയ വിധവും ക്രൈം ബ്രാഞ്ച് സംഘത്തിന് മുന്നിൽ റിപ്പർ ജയാനന്ദൻ വിശദീകരിച്ചു. അന്നത്തെ സാക്ഷികളെല്ലാം ജയാനന്ദനെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും, കൊലപ്പെടുത്തിയ സ്ത്രീകൾക്കെതിരെ ലൈംഗിക അതിക്രമങ്ങൾ നടത്തിയിരുന്നുവെന്നും ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി - വൈ ആർ റെസ്റ്റം പറഞ്ഞു. കൊലപാതകത്തിന് ശേഷം വീട്ടിലുണ്ടായിരുന്ന സ്വർണവും, വെള്ളിയും കവർന്നിരുന്നു. കൊല്ലപ്പെട്ട വൃദ്ധയുടെ അടുത്ത ബന്ധുക്കളാണിവിടെ ഇപ്പോൾ താമസം. പോണേക്കര ഇരട്ടക്കൊലക്കേസ് കൂടി വെളിപ്പെട്ടതോടെ ജയാനന്ദനെതിരെ തെളിഞ്ഞ കൊലപാതക കേസുകൾ പത്തായി.
സമാന കുറ്റകൃത്യങ്ങളിലെ പ്രതിയായ റിപ്പര്‍ ജയാനന്ദനിലേക്ക് അന്വേഷണം എത്തിയിരുന്നുവെങ്കിലും തെളിവുകൾ ഉണ്ടായിരുന്നില്ല . ജയിലിലെ സഹതടവുകാരനോടുള്ള തുറന്നു പറച്ചിലായിരുന്നു ജയാനന്ദന് വിനയായത്. പുത്തന്‍ വേലിക്കരയില്‍ സ്ത്രീയെ കൊലപ്പെടുത്തിയ കേസില്‍ ജയാനന്ദനെ വധശിക്ഷക്ക് വിധിച്ചിരുന്നു. ഈ കേസിൽ ശിക്ഷിക്കപ്പെട്ട് തിരുവനന്തപുരം സെൻട്രൽ ജയിലിൽ കഴിയുന്നതിനിടെയാണ് കൊച്ചി പോണേക്കര ഇരട്ടക്കൊല കേസിനെക്കുറിച്ച് റിപ്പർ ജയാനന്ദൻ സഹതടവുകാരനോട് മനസ്സുതുറന്നത്. ഇതോടെ വിവരം അന്വേഷണ ഉദ്യോഗസ്ഥരിലേക്കെത്തുകയും റിപ്പർ ജയാനന്ദൻ കുടുങ്ങുകയുമായിരുന്നു.
സംഭവം നടന്ന ദിവസം രാത്രി കൊല്ലപ്പെട്ടവരുടെ അയൽവാസിയായ സ്ത്രീ റിപ്പർ ജയാനന്ദനെ കണ്ടിരുന്നു. കൊലപാതകം നടന്നതിന് സമീപത്തെ വീട്ടില്‍ ജയാനന്ദന്‍ അന്ന് മോഷണശ്രമം നടത്തിയിരുന്നു. ഇതോടെ ക്രൈം ബ്രാഞ്ച് സംഘം കോടതിയുടെ മേൽനോട്ടത്തിൽ തിരിച്ചറിയൽ പരേഡ് നടത്തി. മജിസ്ട്രേറ്റിൻ്റെ സാന്നിദ്ധ്യത്തിൽ ഈ സ്ത്രീ റിപ്പർ ജയാനന്ദനെ തിരിച്ചറിയുകയും ചെയ്തു. ഇതാണ് അറസ്റ്റ് അടക്കമുള്ള കാര്യങ്ങളിലേക്ക് നയിച്ചത്. കേസിൽ ഡി.എൻ.എ. പ്രൊഫൈലിങ് അടക്കം നടത്തുന്നതിനുള്ള സാധ്യതയും പോലീസ് പരിശോധിക്കുന്നുണ്ട്.
ആറ് സംഭവങ്ങളിലായി എട്ടുപേരെയാണ് റിപ്പർ ജയാനന്ദൻ കൊലപ്പെടുത്തിയിട്ടുള്ളത്. 2003 മുതൽ 2006 വരെയുള്ള കാലയളവിലായിരുന്നു ഇതെല്ലാം. പുത്തൻവേലിക്കരയിൽ ഒരു സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ റിപ്പർ ജയാനന്ദന് വധശിക്ഷ വിധിച്ചിരുന്നു. ഇത് പിന്നീട് സുപ്രീംകോടതി ജീവപര്യന്തമാക്കി. കോളിളക്കം സൃഷ്ടിച്ച മാള ഇരട്ടക്കൊലക്കേസിലും പെരിഞ്ഞനം ഇരട്ടക്കൊല കേസിലും ജയാനന്ദനായിരുന്നു പ്രതി. കൊലക്കേസുകൾക്ക് പുറമേ നിരവധി കവർച്ചാക്കേസുകളും ഇയാളുടെ പേരിലുണ്ട്. ഇതിൽ പല കേസുകളിലും ജയാനന്ദൻ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.
