കവർച്ച ശ്രദ്ധയിൽപ്പെട്ടയുടൻ ആർഡിഒ മാധവിക്കുട്ടിയുടെ നേതൃത്വത്തിൽ മുൻകാല സീനിയർ സൂപ്രണ്ടുമാരെ വിളിച്ച് വിവരങ്ങൾ ശേഖരിച്ചിരുന്നു. ഇക്കൂട്ടത്തിൽ ആർഡിഒ മുമ്പാകെയെത്തിയ ശ്രീകണ്ഠൻനായരുടെ ബാങ്ക് അക്കൗണ്ടും ഫോൺനമ്പരും ശേഖരിച്ചു. എവിടെയെങ്കിലും സ്വർണം പണയം വച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി. എന്നാൽ ശ്രീകണ്ഠൻനായർ 2020ൽ കളക്ടറേറ്റിൽ ജോലിചെയ്യവേ ബാങ്ക് ഒഫ് ഇന്ത്യയിലെ അക്കൗണ്ടിൽ രണ്ടരലക്ഷം രൂപയാണ് സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ നിന്നെത്തിയത്. ഇക്കാര്യം കണ്ടെത്തിയ മാധവിക്കുട്ടിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ധനകാര്യ സ്ഥാപനത്തിലേക്ക് അന്വേഷണം വ്യാപിപ്പിച്ചപ്പോൾ ആഭരണങ്ങൾ പണയപ്പെടുത്തിയ കാര്യം മറന്നുപോയതാണെന്ന് കള്ളംപറഞ്ഞ ശ്രീകണ്ഠൻനായർ പണയംവച്ചെന്ന് പറയുന്നത് നാണക്കേടായതിനാൽ പറയാതിരുന്നതാണെന്നും മൊഴി മാറ്റി.
advertisement
സംശയ നിഴലിലായതോടെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലേക്ക് അന്വേഷണം നീണ്ടു. ട്രഷറിയിൽ ഇൻവെന്ററി ലിസ്റ്റ് തയ്യാറാക്കി സൂക്ഷിച്ചിരുന്ന തൊണ്ടികൾ അതേപടി അവിടെ പണയപ്പെടുത്തിയിട്ടുള്ളതായി കണ്ടെത്തി. അവകാശികളില്ലാതെ ആർഡിഒ ഓഫീസ് ലോക്കറിൽ സൂക്ഷിച്ചിരുന്ന മാലയുടെ കുരിശുൾപ്പെടെ ധനകാര്യസ്ഥാപനത്തിൽ നിന്ന് ലഭിച്ചു. സ്ഥാപനത്തിന്റെ ക്യാമറയിൽ ഉരുപ്പടികൾ പണയപ്പെടുത്തുമ്പോഴെടുത്ത ശ്രീകണ്ഠൻനായരുടെ ഫോട്ടോയും ധനകാര്യ സ്ഥാപനത്തിൽ നിന്നുള്ള വീഡിയോയും നിർണായക തെളിവുകളായി.
Also Read- കഞ്ചാവിന്‍റെ നിലവാരം സ്വയം ഉപയോഗിച്ച് നോക്കും; വില്‍പ്പനയ്ക്ക് രഹസ്യ കോഡ്, പള്‍സര്‍ ജംഷീദ് പിടിയില്‍
പൊലീസ് നടത്തിയ അന്വേഷണത്തിൽ സൈബർ പൊലീസ് ശ്രീകണ്ഠൻനായരുടെ ഫോണിലേക്ക് വന്ന എസ്എംഎസ് സന്ദേശങ്ങളും വിളികളും കണ്ടെത്തി. കൂടിയ തുകയ്ക്ക് പണയപ്പെടുത്തിയ ആഭരണങ്ങൾ തിരിച്ചെടുക്കാൻ ആവശ്യപ്പെട്ടും ലേലം ചെയ്യുമെന്ന് അറിയിച്ചുമുള്ള എസ്എംഎസുകളിൽ നിന്നാണ് കൂടുതൽ പണയപ്പണ്ടങ്ങളെപ്പറ്റി വിവരം ലഭിച്ചത്. ഫോൺകാൾ വിശദാംശങ്ങളാണ് തൊണ്ടി മുതലുകൾ വിറ്റഴിച്ച ജുവലറികളിലേക്ക് അന്വേഷണമെത്തിച്ചത്. വ്യക്തമായ തെളിവുകൾ സഹിതം പ്രതി പിടിയിലായതോടെ വരും ദിവസങ്ങളിൽ തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് കരുതുന്നത്. ശ്രീകണ്ഠൻ നായർക്ക് ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നതടക്കമുള്ള വിഷയങ്ങളിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
