മോഷ്ടിച്ച അടയ്ക്ക വിൽക്കാനെത്തിയപ്പോൾ പ്രതികളെ കണ്ട് വ്യാപാരിക്ക് സംശയം തോന്നി. പണം വാങ്ങാൻ പിന്നീട് വരാൻ പറഞ്ഞു. പണത്തിനായി പിന്നീട് വന്നത് പൊലീസ് വലയത്തിലേക്കായിരുന്നു. കഴിഞ്ഞ ഞായറാഴ്ച പെരുമുക്കിലെ അടയ്ക്ക വ്യാപാര സ്ഥാപനത്തിൽനിന്ന് 17 ചാക്ക് അടയ്ക്ക മോഷണം പോയിരുന്നു. മോഷണ വിവരം അടയ്ക്കാ വ്യാപാരികളുടെ ഗ്രൂപ്പിലൂടെ ജില്ലയിലെ വിവിധ പ്രദേശങ്ങളിലേക്ക് അറിയിച്ചു. ഇതിനിടെ വ്യാപാരികൾ പോലീസിൽ പരാതി നൽകിയിരുന്നു. മോഷ്ടാക്കളുടെ വാഹനത്തെക്കുറിച്ച് വിവരം ലഭിച്ച പൊലീസ് അതുമായി അന്വേഷണം നടത്തുന്നതനിടെയാണ് പ്രതികൾ വലയിലായത്.
advertisement
മലപ്പുറം മുണ്ടുപറമ്പിൽ വിൽപ്പനയ്ക്ക് എത്തിയപ്പോൾ സംശയം തോന്നിയ കച്ചവടക്കാരൻ പണത്തിനായി പിന്നീട് വരാൻ ആവശ്യപ്പെടുകയും പൊലീസിനെ വിവരം നൽകുകയുമായിരുന്നു. ഉടൻ പോലീസെത്തി ഇവരെ പിടികൂടുകയും തൊണ്ടിമുതൽ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. തുടർന്ന് അടയ്ക്ക മോഷണം നടന്ന പെരുമുക്കിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്തു. സംഭവത്തിൽ ഒരാൾ കൂടി പിടിയിലാകാനുണ്ടെന്നാണ് സൂചന. പ്രതികളെ പൊന്നാനി കോടതിയിൽ ഹാജരാക്കി.