തന്റെ ജീവൻ അപകടത്തിലാണെന്ന് തിരിച്ചറിഞ്ഞതോടെ, കാമുകനൊപ്പം പോകണമെന്ന ഭാര്യയുടെ ആവശ്യം അംഗീകരിച്ച് അവരെ യാത്രയാക്കിയതെന്നാണ് യുവാവ് പറയുന്നത്. ഭാര്യയ്ക്ക് മറ്റൊരാളുമായുള്ള ബന്ധച്ചിന്റെ പേരിൽ വീട്ടിൽ നിരന്തരം വഴക്കുണ്ടാകാറുണ്ടായിരുന്നു. വഴക്കിനിടയിൽ "നിന്നെ നീല ഡ്രമ്മിലാക്കും" എന്ന് ഭാര്യ പലപ്പോഴും ഭീഷണിപ്പെടുത്തിയിരുന്നതായും ഇയാൾ പറയുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഭാര്യ കാമുകനുമായി സംസാരിക്കവെ രാജ്കുമാർ ഫോൺ പിടിച്ചുവാങ്ങി പരിശോധിച്ചപ്പോഴാണ് സംഗതി ഗൗരവമാണെന്ന് ബോധ്യപ്പെട്ടത്.
ഫോണിലെ ഗാലറിയിൽ തന്റെ ചിത്രത്തിന് താഴെ "നീല ഡ്രമ്മും സിമന്റും" എന്ന് അടയാളപ്പെടുത്തിയിരിക്കുന്നത് രാജ്കുമാർ കണ്ടു. കൂടാതെ, കൊലപാതകങ്ങളെക്കുറിച്ചുള്ള ചില ഫേസ്ബുക്ക് പോസ്റ്റുകൾ "സിമന്റ് ഔർ ഡ്രം" എന്ന അടിക്കുറിപ്പോടെ സേവ് ചെയ്തിട്ടുമുണ്ടായിരുന്നു. ഇത് തന്നെ അപായപ്പെടുത്താനുള്ള കൃത്യമായ ഗൂഢാലോചനയാണെന്ന് രാജ്കുമാർ ഉറപ്പിച്ചു.
advertisement
ഭാര്യ തന്നെയും സഹോദരങ്ങളെയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതോടെ രാജ്കുമാർ പോലീസിൽ പരാതി നൽകി. തുടർന്ന് നടന്ന പോലീസ് മധ്യസ്ഥ ചർച്ചയിൽ തനിക്ക് കാമുകനൊപ്പം ജീവിക്കാനാണ് താല്പര്യമെന്ന് ഭാര്യ വ്യക്തമാക്കി. തന്റെയും കുടുംബത്തിന്റെയും ജീവൻ രക്ഷിക്കാൻ മറ്റൊരു വഴിയുമില്ലെന്ന് കണ്ടതോടെ, ഭാര്യയുടെ കാമുകനെ നേരിട്ട് കാണാൻ ആവശ്യപ്പെട്ട രാജ്കുമാർ അവരെ അയാൾക്കൊപ്പം പോകാൻ അനുവദിക്കുകയായിരുന്നു. ഇവർക്ക് ആറുമാസം പ്രായമായ ഒരു കുഞ്ഞുണ്ട്.
എന്താണ് ഈ 'നീല ഡ്രമ്മും സിമന്റും'?
ഈ വാക്കുകൾക്ക് പിന്നിൽ ഭീതിദമായ ഒരു കൊലപാതക കഥയുണ്ട്. 2025 മാർച്ചിൽ മീററ്റിലെ ബ്രഹ്മപുരിയിൽ നടന്ന സൗരഭ് രജ്പുത് എന്ന യുവാവിന്റെ കൊലപാതകത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. സൗരഭിനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയ ശേഷം മൃതദേഹം 15 കഷണങ്ങളാക്കി മുറിച്ചു. തുടർന്ന് തെളിവ് നശിപ്പിക്കാനായി ഈ ഭാഗങ്ങൾ നീല പ്ലാസ്റ്റിക് ഡ്രമ്മിലിട്ട് സിമന്റ് നിറച്ച് കോൺക്രീറ്റ് ചെയ്യുകയായിരുന്നു. സമാനമായ രീതിയിൽ തന്നെയും വകവരുത്താനാണ് ഭാര്യ പദ്ധതിയിട്ടതെന്ന് രാജ്കുമാർ ഭയപ്പെടുന്നു.
