നാലുദിവസം മുൻപ്, കൃത്യമായി പറഞ്ഞാൽ ഇക്കഴിഞ്ഞ ജൂലൈ 16 നാണ് ജോലി തേടി സൂര്യ ഒമാനിൽ പോയത്. കണ്ണൂർ സ്വദേശിയായ പരിചയക്കാരൻ നൗഫലായിരുന്നു ഒമാനിലുണ്ടായിരുന്ന ബന്ധം. നാലാംദിവസം സൂര്യ നാട്ടിലേക്ക് മടങ്ങി. ഈ സമയത്ത് നൗഫൽ കയ്യിലൊരു ബാഗ് കൊടുത്തുവിട്ടു. കരിപ്പൂരിൽ നിന്ന് അത് സ്വീകരിക്കാൻ ആളെത്തുമെന്നായിരുന്നു പറഞ്ഞത്. പക്ഷേ, കാത്തിരുന്നവരിൽ പൊലീസും ഉണ്ടാകുമെന്ന് സൂര്യ സ്വപ്നത്തിൽ പോലും കരുതിയില്ല.
ഇതാനും വായിക്കുക: കരിപ്പൂരിൽ ഒരുകിലോ MDMAയുമായി ഒമാനിൽനിന്നെത്തിയ യുവതി അറസ്റ്റിൽ; സ്വീകരിക്കാനെത്തിയ 3 പേരും പിടിയിൽ
advertisement
പരപ്പനങ്ങാടി മൂന്നിയൂർ സ്വദേശികളായ മുഹമ്മദ് റാഫി, അലി അക്ബര്‍, ഷഫീഖ് എന്നിവരാണ് വിമാനത്താവളത്തിന് പുറത്ത് രണ്ട് കാറുകളിലായി സൂര്യയെ കാത്ത് നിന്നത്. സൂര്യയുടെ കൈയിൽ നിന്നും എംഡിഎംഎ വാങ്ങുക, സൂര്യയെ കോഴിക്കോട് റയിൽവെ സ്റ്റേഷനിൽ എത്തിക്കുകയുമായിരുന്നു ഇവരുടെ ലക്ഷ്യം. എന്നാൽ ഇവരുടെ വാഹനം കണ്ട് കരിപ്പൂർ പൊലീസിന് തോന്നിയ സംശയമാണ് നിർണായക അറസ്റ്റിലേക്ക് എത്തിച്ചത്.
മിഠായി കവറിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്. സൂര്യയുടെ ബാഗിനകത്തായിരുന്ന ഈ ലഹരിമരുന്ന് വിമാനത്താവളത്തിലെ പരിശോധനയെ വിജയകരമായി മറികടന്നു. എന്നാൽ പുറത്ത് കാത്തുനിന്നവരെ നിരീക്ഷിച്ചുകൊണ്ടിരുന്ന പൊലീസിന് സംശയങ്ങൾ ബലപ്പെട്ടത് സൂര്യ എത്തിയപ്പോഴാണ്. അധികം വൈകാതെ നാലുപേരും അറസ്റ്റിലായി.
കരിപ്പൂരിലെ പൊലീസ് എയ്‌ഡ് പോസ്റ്റിൽ ഏറെ നേരം പ്രതികളെ ചോദ്യം ചെയ്തു. അന്തർദേശീയ ലഹരി കടത്ത് സംഘത്തിലേക്ക് വിരൽ ചൂണ്ടുന്ന നിർണായക അറസ്റ്റാണ് സൂര്യയിലൂടെ ഇന്ന് കരിപ്പൂർ പൊലീസ് നടത്തിയത്. മയക്കുമരുന്ന് കേരളത്തിലേക്ക് കൊണ്ടുവന്നത് ആര്‍ക്കുവേണ്ടി, എവിടെ കൈമാറാനായിരുന്നു നിര്‍ദേശം തുടങ്ങിയ വിശദാംശങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്. നാലു പേരെയും ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് അറിയിച്ചു.

