യുകെയുടെ നാഷണൽ ക്രൈം ഏജൻസി (എൻസിഎ) ഉൾപ്പെടെ 18 വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള നിയമ നിർവഹണ സംഘടനകളുടെ സഹായത്തോടെ എഫ്ബിഐയും ഡച്ച് പോലീസും ഏകോപിപ്പിച്ച നീക്കത്തിനൊടുവിലാണ് ചൊവ്വാഴ്ച രാത്രി ജെനസിസ് മാർക്കറ്റ് ഓഫ്‌ലൈനായതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.
Also read-67 കോടിയാളുകളുടെ രഹസ്യവിവരങ്ങൾ ചോർത്തി വിറ്റയാൾ; ആരാണ് വിനയ് ഭരദ്വാജ്?
ജെനസിസ് മാർക്കറ്റ്: ഹാക്കർമാരുടെ പ്രിയ ഇടം
വാർത്താ ഏജൻസികൾ പറയുന്നതനുസരിച്ച് ഐഡന്റിറ്റി മോഷണം, ransomware ആക്രമണങ്ങൾ എന്നിവ പോലുള്ള തട്ടിപ്പുകൾ നടത്തുന്നതിന് സിസ്റ്റങ്ങൾ ആക്‌സസ് ചെയ്യാൻ ഹാക്കർമാരെ സഹായിക്കാൻ ആവശ്യമായ എല്ലാ സൗകര്യങ്ങളും വിവരങ്ങളും ജെനസിസിലുണ്ട്. നൂറുകണക്കിന് ബാങ്കുകളുടെയും പേയ്‌മെന്റ് നെറ്റ്‌വർക്കുകളുടെയും മാത്രമല്ല വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളുടെ പോലും ലോഗിൻ വിവരങ്ങൾ പരസ്യപ്പെടുത്തിയിരിക്കുന്ന ഒരു ക്രിമിനൽ ഫോറമാണ് ജെനെസിസ്. മോഷ്‌ടിക്കപ്പെട്ട വിവരങ്ങൾ എങ്ങനെ വാങ്ങാമെന്നും തട്ടിപ്പിനായി അത് എങ്ങനെ ഉപയോഗിക്കാമെന്നും ഉപയോക്താക്കൾക്ക് ഘട്ടം ഘട്ടമായുള്ള നിർദ്ദേശങ്ങൾ പോലും അതിൽ നൽകിയിട്ടുണ്ട്. വിവരങ്ങളുടെ തരം അനുസരിച്ച്, വിലകൾ 1 ഡോളർ (82 രൂപ) മുതൽ നൂറുകണക്കിന് ഡോളർ വരെയാണ്.
advertisement
ഡാറ്റകൾ ആദായവിലയ്ക്ക്
ഒരുകൂട്ടം ഡാറ്റയുടെ അല്ലെങ്കിൽ ഒരു പ്രത്യക വിഭാഗം ഡാറ്റകളുടെ ഗ്രൂപ്പിനെ ബോട്ട് എന്നാണ് സാധാരണ വിശേഷിപ്പിക്കാറുള്ളത്. അത്തരത്തിലുള്ള ഒരു ബോട്ട് ജെനെസിസിൽ നിന്ന് വാങ്ങിക്കുമ്പോൾ വാങ്ങുന്ന ആളിന് വിരലടയാളങ്ങൾ, കുക്കികൾ, സംരക്ഷിക്കപ്പെട്ടിരുന്ന ലോഗിൻ വിവരങ്ങൾ, ഓട്ടോഫിൽ ഫോം ഡാറ്റകൾ എന്നിങ്ങനെ എല്ലാ ഡാറ്റകളിലേക്കും ആക്‌സസ് ലഭിക്കും. ഈ വിവരങ്ങൾ എല്ലാം തന്നെ തത്സമയം ശേഖരിക്കപ്പെട്ടതാണ്. അതുകൊണ്ട് തന്നെ അതിലേതിന്റെയെങ്കിലും പാസ്‌വേഡുകളിൽ എന്തെങ്കിലും മാറ്റം വരുത്തിയാൽ അത് വാങ്ങുന്നവരെ ഉടനടി അറിയിക്കാനുള്ള സംവിധാനവും ജെനെസിസിൽ ഉണ്ട്. ഏറ്റവും ചെലവേറിയ ചില ബോട്ടിൽ ഓൺലൈൻ ബാങ്കിംഗ് അക്കൗണ്ടുകൾ അടങ്ങിയ സാമ്പത്തിക വിവരങ്ങളും അടങ്ങിയിരിക്കും. ഈ പ്രത്യേക ബോട്ടുകൾ വാങ്ങുന്ന കുറ്റവാളികൾക്ക് മോഷ്ടിച്ച ഡാറ്റ മാത്രമല്ല അത് ഉപയോഗിക്കുന്നതിനുള്ള മാർഗങ്ങളും നൽകിയിട്ടുണ്ടാകും.
പൊതുവിവരങ്ങൾക്ക് ഭീഷണിയാകുന്ന ജെനെസിസ്
മോഷ്ടിക്കപ്പെട്ട ഉപഭോക്തൃ ഡാറ്റയുടെ വർദ്ധിച്ചുവരുന്ന ഡിമാൻഡ് നിറവേറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായി ആയിരിക്കാം കഴിഞ്ഞ ഫെബ്രുവരിയിൽ ഈ ഫോറത്തിലേക്ക് ഡാറ്റ വിൽപ്പനക്കാരെ “സജീവമായി റിക്രൂട്ട് ചെയ്യാൻ” ജെനെസിസ് മാർക്കറ്റ് തുടക്കം കുറിച്ചത് എന്ന് യുഎസ് സൈബർ സുരക്ഷാ കമ്പനിയായ ട്രെല്ലിക്‌സിനെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. രണ്ട് ദശലക്ഷം ആളുകളുടെ വ്യക്തിഗത ക്രെഡൻഷ്യലുകൾ ഉൾപ്പെടെ മൊത്തം 80 ദശലക്ഷം ഡാറ്റ സെറ്റുകൾ ഇവിടെ വിൽപ്പനയ്‌ക്കുണ്ടായിരുന്നു.
ഇരകളുടെ ഗാഡ്‌ജെറ്റുകളിൽ നിന്നുള്ള വിവരങ്ങൾ, ഡിജിറ്റൽ വിരലടയാളങ്ങൾ, ഓൺലൈൻ ബാങ്കിംഗ്, Facebook, Amazon, PayPal, Netflix അക്കൗണ്ട് വിവരങ്ങളും “ബോട്ടുകൾ” എന്നറിയപ്പെടുന്ന ഡാറ്റ ഗ്രൂപ്പിൽ ഉണ്ടായിരുന്നു.
“ഓപ്പറേഷൻ കുക്കി മോൺസ്റ്റർ”
ചൊവ്വാഴ്ച, എഫ്ബിഐയും എൻസിഎയും മറ്റ് ഏജൻസികളും സംയുക്തമായി നിരവധി റെയ്ഡുകൾ നടത്തുകയും സൈറ്റ് ഉപയോക്താക്കളായ 19 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ലോകമെമ്പാടും 119 പേരെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു, കൂടാതെ 97 നോക്ക് ആൻജഡ് ടോക്ക് (knock-and-talk) ഓപ്പറേഷനുകൾക്ക് പുറമേ 208 ലധികം പ്രോപ്പർട്ടികളെക്കുറിച്ചും അന്വേഷണം നടത്തി.
“ഓപ്പറേഷൻ കുക്കി മോൺസ്റ്റർ” എന്നാണ് ഈ ഓപ്പറേഷന് എഫ്‌ബിഐ പേരിട്ടത്. ആയിരക്കണക്കിന് ബ്രിട്ടീഷുകാർ ജെനെസിസ് വഴിയുള്ള ഡാറ്റ ചോർത്തലിനും സൈബർ ആക്രമണത്തിനും ഇരയായതായി എൻസിഎ കരുതുന്നു. കോടിക്കണക്കിന് ഡോളറിന്റെ നഷ്ടമാണ് ഇതിലൂടെ ഉണ്ടായിട്ടുള്ളത്. എഫ്‌ബിഐയുടെ 56 ഫീൽഡ് ഓഫീസുകളിൽ 45 എണ്ണവും ഈ ഓപ്പറേഷനിൽ പങ്കെടുത്തതായി അറ്റോർണി ജനറൽ മെറിക് ഗാർലൻഡ് പറഞ്ഞു.