ന്യൂയോര്‍ക്ക്: ട്വിറ്റര്‍ ലോഗോയിലും മാറ്റം വരുത്തി ഇലോണ്‍ മസ്ക്. നിലവിലെ ലോഗോയായ നീല പക്ഷിയ്ക്ക് പകരം ഡോഗ് കോയിന് ക്രിപ്റ്റോ കറന്‍സി ചിഹ്നമായ നായയെയാണ് മസ്ക് പ്രതിഷ്ഠിച്ചിരിക്കുന്നത്. ഷിബ ഇനു എന്ന വര്‍ഗത്തില്‍പ്പെട്ട നായയാണ് ലോഗോയിലുള്ളത്. പുതിയ മാറ്റത്തോടെ ഡോഗ് കോയിന് ക്രിപ്റ്റോയുടെ മൂല്യം കുതിച്ചുയര്‍ന്നിട്ടുണ്ട്. കുറഞ്ഞ സമയത്തിനുള്ളില്‍ ഡോഗ് കോയിനിന്റെ മൂല്യം 30 ശതമാനമാണ് ഉയര്‍ന്നത്. ഇതിനുമുമ്പും ഡോഗ് കോയിന്റെ ഇന്റര്‍നെറ്റ് പ്രശസ്തിയില്‍ മസ്ക് നോട്ടമിട്ടിരുന്നു. ഡോഗ് കോയിന് പിന്തുണയ്ക്കാന്‍ പിരമിഡ് സ്കീം കൊണ്ടുവന്നെന്ന പേരില്‍ മസ്കിനെതിരെ പരാതിയും ഉയര്‍ന്നിരുന്നു.
എന്താണ് ഡോഗ് കോയിന്?
ബിറ്റ് കോയിന് പോലെയുള്ള ഒരു ക്രിപ്റ്റോ കറന്‍സിയാണ് ഡോഗ് കോയിന്.ബില്ലി മാര്‍കസ്, ജാക്സണ് പാല്‍മര്‍, എന്നി സോഫ്റ്റ് വെയര്‍ പ്രോഗാമാര്മാരാണ് ഈ ഡോഗ് കോയിന് കണ്ടെത്തിയത്. പിന്നീട് വളരെ ജനപ്രീതിയാര്ന്നയൊന്നായി ഡോഗ് കോയിന് മാറുകയായിരുന്നു. 2021ന്റെ തുടക്കത്തില്‍ ഒരു സെന്റില്‍ താഴെ മാത്രമായിരുന്ന ഡോഗ് കോയിന്റെ മൂല്യം 2021 മെയ് മാസത്തോടെ 0.68 ഡോളറിലെത്തിയിരുന്നു. തന്റെ പ്രിയപ്പെട്ട ക്രിപ്റ്റോ കറന്‍സിയെന്ന് ഇലോണ്‍ മസ്ക് പറഞ്ഞതോടെയാണ് ഡോഗ് കോയിന്റെ മൂല്യം കുതിച്ചുയരാന്‍ തുടങ്ങിയത്.
2021 ലെ മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ മികച്ച അഞ്ച് ക്രിപ്റ്റോകളില്‍ ഒരു സ്ഥാനം നേടാനും ഡോഗ് കോയിനായി. വിപണി മൂല്യപ്രകാരം മികച്ച 20 ക്രിപ്റ്റോ കറന്‍സികളില്‍ ഡോഗ് കോയിന് തുടരുന്നുണ്ടെങ്കിലും അതിന്റെ മൂല്യം ക്രമേണ കുറഞ്ഞ് വരുന്നതായി രേഖപ്പെടുത്തിയിരുന്നു. 2022 മാര്‍ച്ചില്‍ മൂല്യം ഏകദേശം 0.11 ഡോളറായി കുറഞ്ഞിരുന്നു.
എങ്ങനെയാണ് ഡോഗ് കോയിന് പ്രവര്‍ത്തിക്കുന്നത്?
ബ്ലോക്ക് ചെയിന്‍ ടെക്നോളജി അനുസരിച്ചാണ് ഡോഗ് കോയിന് പ്രവര്‍ത്തിക്കുന്നത്. ബ്ലോക്ക് ചെയിന്‍ നെറ്റ് വര്‍ക്കിലെ എല്ലാ കൈമാറ്റങ്ങളും സുരക്ഷിതമാക്കാൻ ക്രിപ്റ്റോഗ്രാഫിയും ഡോഗ് കോയിന് ഉപയോഗിക്കുന്നുണ്ട്. പ്രൂഫ് ഓഫ് വര്‍ക്ക് എന്ന തത്വവും ഡോഗ് കോയിന് മൈനിംഗില്‍ ഉപയോഗിക്കുന്നു. ഡോഗ് കോയിൻ ക്രിപ്റ്റോ കറന്‍സി എക്സേഞ്ചുകളില്‍ വില്ക്കുകയോ സ്വന്തം വാലറ്റില്‍ സൂക്ഷിക്കുകയോ ചെയ്യാം.
ഡോഗ് കോയിനുമായി ബന്ധപ്പെട്ട് മസ്കിനെതിരെയുള്ള കേസ് എന്താണ്?
ക്രിപ്റ്റോ കറന്‍സിയായ ഡോഗ് കോയിനെ പിന്തുണയ്ക്കുന്നതിനായി ഒരു പിരമിഡ് സ്കീം നടത്തുന്നുവെന്നാരോപിച്ച് ഡോഗ് കോയിന് നിക്ഷേപകന് ഇലോണ്‍ മസ്കിനെതിരെ പരാതി നല്‍കിയിരുന്നു. 258 ബില്യണ്‍ ഡോളര്‍ ചുമത്തിയാണ് കേസെടുത്തത്.
ടെസ്ല ഇങ്ക്, സ്പേസ് എക്സ് തുടങ്ങിയ മസ്കിന്റെ സ്ഥാപനങ്ങള്‍ ഡോഗ് കോയിനെ പ്രോത്സാഹിപ്പിക്കുന്നതിനും അതിന്റെ വില വര്‍ധിപ്പിക്കുന്നതിനുമായി പദ്ധതിയിട്ടുവെന്നാണ് വാദിയായ കീത്ത് ജോണ്സണ് പറയുന്നത്. അതേസമയം കേസ് തള്ളണമെന്ന് യുഎസ് ജഡ്ജിയോട് മസ്ക് അഭ്യര്‍ത്ഥിച്ചതിന് തൊട്ടുപിന്നാലെയാണ് ട്വിറ്റര്‍ ലോഗോയില്‍ മാറ്റം വരുത്തിയത്.
— Elon Musk (@elonmusk) April 3, 2023
കഴിഞ്ഞ വര്‍ഷമാണ് ടെസ്ല ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ ഡോഗ് കോയിന് ഉപയോഗിക്കണമെന്ന് മസ്ക് പറഞ്ഞതായി ദി ഗാര്ഡിയന് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം ട്വിറ്റര്‍ ലോഗോ മാറ്റിയതിന് ശേഷം ഡോഗ് കോയിന്റെ മൂല്യം 0.079 ഡോളറില്‍ നിന്ന് 0.094 ഡോളറായി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ നവംബറിന് ശേഷമുള്ള ഏറ്റവും വലിയ ഉയര്‍ച്ചയാണിത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.