1) എന്താണ് പ്രതിരോധ ശേഷി അഥവാ ഇമ്യൂണിറ്റി ?
രോഗബാധയെ ചെറുക്കുന്നതിനുള്ള ശരീരത്തിലെ പ്രതിരോധ സംവിധാനമാണ് ഇമ്യൂണിറ്റി എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. കൂടുതൽ ലളിതമായി പറഞ്ഞാൽ, പുറമേ നിന്നുള്ളതാണ് എന്ന് ശരീരം മനസിലാക്കുന്ന എന്തിനെയും (ആന്റിജൻ) നേരിടുന്നതിനുള്ള ശക്തിയെയാണ് രോഗ പ്രതിരോധ ശേഷി എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. സഹജമായതും(Innate) നേടിയെടുക്കുന്നതുമായ (Acquired) രണ്ട് തരം പ്രതിരോധ ശേഷികളാണ് നമ്മുക്ക് ഉള്ളത്. ജനിക്കുമ്പോൾ തന്നെ ലഭിക്കുന്ന പ്രതിരോധ ശേഷിയാണ് സഹജമായത് എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
advertisement
ബാഹ്യമായ ഉത്തേജനങ്ങൾ കൊണ്ട് കാലകാലങ്ങളിൽ ഉണ്ടാകുന്നതാണ് നേടിയെടുക്കുന്ന പ്രതിരോധ ശേഷി. കൊറോണ വൈറസ് നമ്മുടെ ശരീരത്തിൽ പ്രവേശിക്കുമ്പോൾ ആന്റിജനായാണ് ശരീരം കണക്കാക്കുന്നത്. നമ്മുടെ പ്രതിരോധ ശേഷി ഇതിനെ നേരിടുന്നു. അതേ സമയം തന്നെ ഇതിന്റെ ഘടന മനസിലാക്കി സമാനമായ ആന്റിജൻ വീണ്ടും ശരീരത്തിൽ പ്രവേശിക്കുകയാണെങ്കിൽ നേരിടുന്നതിനുള്ള പ്രതിരോധ ശേഷി ഉണ്ടാക്കി എടുക്കുകയും ചെയ്യുന്നു. എന്നാൽ പ്രതിരോധ ശേഷി കുറഞ്ഞ ആളുകളിൽ ഈ രീതിയിൽ പ്രതിരോധ ശേഷി വികസിപ്പിച്ചെടുക്കാനുള്ള കഴിവ് കുറവായിരിക്കും.
2) ആരാണ് രോഗ പ്രതിരോധ ശേഷി കുറഞ്ഞവർ
ശരീത്തിൽ പ്രവേശിക്കുന്ന ആന്റിജനെ ഫലപ്രദമായി നേരിടുന്നതിനുള്ള പ്രതിരോധ ശേഷി ഇല്ലാത്തവരാണ് ഇത്തരക്കാർ. പോഷകാഹാര കുറവുള്ള വ്യക്തികൾ ( പ്രധാനമായി സാമൂഹികമായും സാമ്പത്തികമായും പിന്നിൽ നിൽക്കുന്നവരിൽ കാണുന്നു) , എച്ച്ഐവി എയ്ഡ്സ് പോലുള്ള രോഗങ്ങൾ ഉള്ളവർ, മൈക്രോ ബാക്ടീരിയൽ ഇൻഫെക്ഷൻ കാരണം ക്ഷയം ബാധിച്ചവർ, അനിയന്ത്രിതമായ പ്രമേഹമുള്ളവർ, പുകവലി കാരണമുള്ള ശ്വസന സംബന്ധമായ രോഗം ഉള്ളവർ, ക്യാൻസർ ചികിത്സക്കായി പ്രതിരോധ ശേഷി നിയന്ത്രിക്കുന്ന മരുന്ന് കഴിക്കുന്നവർ, അവയവ മാറ്റ ശസ്ത്രക്രിയ കഴിഞ്ഞവർ എന്നിവരെല്ലാം രോഗപ്രതിരോധ ശേഷി കുറഞ്ഞവരായാണ് കണക്കാക്കുന്നത്.
3) ഇത്തരക്കരിൽ രോഗം ബാധിക്കാൻ കൂടുതൽ സാധ്യതയുണ്ടോ?
അതെ, ആൻ്റിജനെതിരെയുള്ള രോഗ പ്രതിരോധ ശേഷിയുടെ പ്രവർത്തനം കുറവായതിനാൽ തന്നെ കോറോണ പോലുള്ള പോലുള്ള രോഗം ഇവരിൽ ബാധിക്കാൻ സാധ്യത ഏറെയാണ്.
4) ഇത്തരക്കാർ വാക്സിൻ സ്വീകരിക്കേണ്ടതുണ്ടോ?
പ്രതിരോധ ശേഷി കുറവായ ഇവരിൽ കോവിഡ് ബാധിക്കാനുള്ള സാധ്യത കൂടുതലായതിനാൽ തീർച്ചയായും ഇവർ വാക്സിൻ സ്വീകരിക്കണം.
5) രോഗ പ്രതിരോധ ശേഷി കൂടിയ ആളുകളിൽ എത്ര കണ്ട് വാക്സിൻ ഫലപ്രഥമാണോ അതേ രീതിയിൽ പ്രതിരോധ ശേഷി കുറഞ്ഞവരിലും വാക്സിൻ ഫലപ്രദമാകുമോ?
വൈറസിന്റെ സമാന ഘടനയിലുള്ള ആൻ്റിജനാണ് വാക്സിൻ എന്ന് പറയുന്നത്. എന്നാൽ ഇവ രോഗം പരത്തില്ല. ഇത് ശരീരത്തിലെ പ്രതിരോധ ശേഷിയെ ഉത്തേജിപ്പിച്ച് രോഗം പടർത്തുന്ന ആൻ്റിജനെതിരെ സ്വാഭാവികമായ പ്രതിരോധ ശേഷി സൃഷ്ടിക്കുന്നു. എന്നാൽ പ്രതിരോധ ശേഷി കുറഞ്ഞ ആളുകളിൽ പ്രതിരോധ ശേഷി കൂടുതലുള്ള ആളുകളിലേതിന് സമാനമായി പ്രതിരോധ ശേഷി സൃഷ്ടിക്കപ്പെടില്ല .
6) വാക്സിൻ സ്വീകരിച്ചതിന് ശേഷം അല്ലെങ്കിൽ രോഗം വന്നതിന് ശേഷം എത്ര കണ്ട് രോഗപ്രതിരോധ ശേഷി വർദ്ധിച്ചു എന്നറിയാൻ എന്തെങ്കിലും തരത്തിലുള്ള ടെസ്റ്റുകൾ ഉണ്ടോ?
ഉണ്ട്, ലബോറട്ടറി ടെസ്റ്റിലൂടെ രോഗം വന്നതിന് ശേഷം അല്ലെങ്കിൽ വാക്സിൻ സ്വീകരിച്ചതിന് ശേഷം ശരീരത്തിൽ ഉണ്ടാക്കിയ ആൻ്റിബോഡികൾ എത്രയാണെന്ന് മനസിലാക്കാനാകും.
7) ടെസ്റ്റിലൂടെ മനസിലാക്കിയ ആൻ്റിബോഡികളുടെ എണ്ണം ആവശ്യമായ അളവിൽ ഉള്ളതാണോ എന്ന് എങ്ങനെ ഉറപ്പിക്കാം?
ടെസ്റ്റുകൾ ലഭ്യമാണെങ്കിലും രോഗബാധയിൽ നിന്നും രക്ഷ നേടാനുള്ള അല്ലെങ്കിൽ പുതിയ വേരിയൻ്റുകളിൽ നിന്നും രക്ഷ നേടാൻ എത്ര ആൻ്റിബോഡിയാണ് ആവശ്യം എന്നതിനെക്കുറിച്ച് അറിവില്ല. വ്യക്തിക്ക് രോഗം ബാധിച്ചിട്ടുണ്ടോ അല്ലെങ്കിൽ വാക്സിൻ സ്വീകരിച്ചിട്ടുണ്ടോ എന്ന കാര്യം മനസിലാക്കാൻ മാത്രമേ ടെസ്റ്റ് ഉപയോഗിക്കാനാകൂ.
8) ശരീരത്തിൽ ഒരു തരത്തിലുള്ള ആൻ്റിബോഡിയും ഇല്ലാത്തവർ രോഗബാധയേൽക്കാൻ കൂടുതൽ സാധ്യതയുള്ളവരാണോ?
ആന്റിബോഡി ഉണ്ടെന്നോ ഇല്ലെന്നോ എന്നത് രോഗബാധ തടയും എന്ന് ഉറപ്പ് നൽകുന്നില്ല. ധാരാളം ആൻ്റിബോഡി ഉള്ളവർക്കും രോഗം വരാൻ സാധ്യതയുണ്ട് അത്പോലെ തന്നെ ആൻ്റിബോഡി ഒട്ടും ഇല്ലാത്തവർ രോഗത്തെ പ്രതിരോധിക്കുകയും ചെയ്യാം. ഇക്കാര്യത്തിൽ ഉറപ്പിച്ച് പറയാൻ തക്ക ടെസ്റ്റുകൾ ഇനിയും നടക്കേണ്ടതുണ്ട്.
9) അങ്ങനെ എങ്കിൽ എന്താണ് വാക്സിന്റെ ഉപയോഗം?
ധാരാളം ആളുകളെ കോവിഡ് ബാധിക്കുന്നതിൽ നിന്നും തടയാൻ വാക്സിന് കഴിഞ്ഞിട്ടുണ്ട്. വാക്സിൻ സ്വീരിച്ച ശേഷം കോവിഡ് വന്ന ആളുകളിലും ചെറിയ രീതിയിലാണ് രോഗം ബാധിച്ചത്. വാക്സിൻ സ്വീകരിക്കാത്തവരേക്കാൾ കോവിഡിനെ അതിജീവിക്കാനുള്ള കഴിവ് വാക്സിൻ സ്വീകരിച്ചവരിൽ ഉണ്ടായിരിക്കും.
10) ആരാണ് വാക്സിൻ സ്വീകരിക്കേണ്ടത്? രോഗപ്രതിരോധ ശേഷി കുറഞ്ഞവരോ അതോ രോഗപ്രതിരോധ ശേഷി കൂടിയവരോ?
പ്രതിരോധശേഷി കൂടിയവരോ കുറഞ്ഞവരോ ആകട്ടെ എല്ലാവരും വാക്സിൻ സ്വീകരിക്കണം. രോഗ പ്രതിരോധശേഷി കൂടിയ കൂടുതൽ പേർക്ക് വാക്സിനേഷൻ നൽകുന്നതോടെ രോഗപ്രതിരോധ ശേഷി കുറഞ്ഞവർക്ക് രോഗം വരാനുള്ള സാധ്യത കുറയും. രോഗപ്രതിരോധ ശേഷി കുറഞ്ഞ കൂടുതൽ പേർക്ക് വാക്സിൻ ലഭിക്കുന്നതോടെ ഇവർക്ക് രോഗം ബാധിച്ചാൽ മരണപ്പെടാനുള്ള സാധ്യതയും കുറയും. വാക്സിനേഷന് ശേഷം ആൻ്റിബോഡി ഉണ്ടാകുമോ ഇല്ലയോ എന്നൊന്നും കണക്കാക്കാതെ എല്ലവരും വാക്സിൻ എടുക്കാൻ മുന്നോട്ട് വരണം. കൂടുതൽ ജനങ്ങളിൽ വാക്സിൻ എത്തിയാൽ കോഡ് വ്യാപനവും മരണവും കുറക്കാനുമാകും.