ആധുനിക കാലഘട്ടത്തിൽ ബഹിരാകാശ പര്യവേക്ഷണവും ഉപയോഗങ്ങളും ക്രമീകരിക്കാനും നയിക്കാനുമായി രൂപകല്പന ചെയ്ടിട്ടുള്ള നിർദ്ദേശക തത്വങ്ങളാണ് ആർട്ടെമിസ് അക്കോർഡ്‌സ് എന്ന് നാസ പറയുന്നു. അമേരിക്കയാണ് അക്കോർഡ്‌സിന്റെ നേതൃസ്ഥാനത്ത്. ആർട്ടെമിസ് പദ്ധതിയ്ക്കു കീഴിൽ, 2025ഓടെ മനുഷ്യരെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള ലക്ഷ്യത്തോടെയാണ് അക്കോർഡ്‌സ് പ്രവർത്തിക്കുന്നത്. അതിലുപരി, ചന്ദ്രനിലെ പര്യവേക്ഷണങ്ങളും മനുഷ്യസാന്നിധ്യവും കൂടുതൽ വ്യാപിപ്പിക്കാനും, ചൊവ്വയിലേക്കും അതിനപ്പുറത്തേക്കും എത്തിക്കാനും ആർട്ടെമിസ് അക്കോർഡ്‌സ് ലക്ഷ്യം വയ്ക്കുന്നുണ്ട്.
2023 മെയ് വരെയുള്ള കണക്ക് പ്രകാരം, ആർട്ടെമിസ് അക്കോർഡ്‌സിൽ ഒപ്പുവച്ചിരിക്കുന്ന രാജ്യങ്ങളുടെ എണ്ണം 25 ആണ്. അമേരിക്ക, യുകെ, ജപ്പാൻ, ഇറ്റലി, കാനഡ, ബ്രസീൽ, ഓസ്‌ട്രേലിയ, ബഹ്‌റൈൻ, കൊളംബിയ, ചെക്ക് റിപ്പബ്ലിക്ക്, ഫ്രാൻസ്, ഇസ്രായേൽ, ലക്‌സംബർഗ്, മെക്‌സിക്കോ, ന്യൂസിലന്റ്, സ്‌പെയിൻ, നൈജീരിയ, പോളണ്ട്, ദി റിപ്പബ്ലിക്ക് ഓഫ് കൊറിയ, റുവാണ്ട, സൗദി അറേബ്യ, സിംഗപ്പൂർ, യുക്രൈൻ, യുഎഇ എന്നിങ്ങനെ വിവിധ രാജ്യങ്ങളാണ് ആർട്ടെമിസ് അക്കോർഡ്‌സിന്റെ ഭാഗമായിട്ടുള്ളത്.
advertisement
ഉടമ്പടിയിൽ ഒപ്പുവച്ചിട്ടുള്ള രാജ്യങ്ങൾക്കിടയിൽ ബഹിരാകാശ പര്യവേക്ഷണവുമായി ബന്ധപ്പെട്ട് സഹകരണം ഉറപ്പാക്കാനും അത്തരം വിഷയങ്ങൾ നിയന്ത്രിക്കാനുമായി ആർട്ടെമിസ് അക്കോർഡ്‌സ് ചില പ്രധാന തത്വങ്ങൾ മുന്നോട്ടുവയ്ക്കുന്നുണ്ട്. അവയാണ് താഴെ പറയുന്നത്.
1. സമാധാനപരമായ ലക്ഷ്യങ്ങൾ: അക്കോർഡ്‌സിൽ പങ്കാളികളായ രാജ്യങ്ങളെല്ലാം ബഹിരാകാശ ദൗത്യങ്ങൾ പരിപൂർണമായും സമാധാനപരമായ ലക്ഷ്യങ്ങൾക്കായി മാത്രമേ ആസൂത്രണം ചെയ്യാവൂ. ബാധകമായ അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചിരിക്കുകയും വേണം.
2. സുതാര്യത: പങ്കാളികളായ രാജ്യങ്ങൾ, അവരുടെ ദേശീയ ബഹിരാകാശ നയങ്ങളിലും പര്യവേക്ഷണ പദ്ധതികളിലും സുതാര്യത സൂക്ഷിക്കണം. പൊതുജനങ്ങളുമായും അന്താരാഷ്ട്ര ശാസ്ത്ര സമൂഹവുമായും ശാസ്ത്രീയ വിവരങ്ങൾ പങ്കുവയ്ക്കാനും ഇവർ ബാധ്യസ്ഥരാണ്.
3. അടിയന്തിര സഹായം: ബഹികാരാശത്തു വച്ച് സഹായം ആവശ്യമുള്ള യാത്രികർക്കും വിദഗ്ധർക്കും അത് ലഭ്യമാക്കുക.
4. ബഹിരാകാശ പേടകങ്ങളുടെ രജിസ്‌ട്രേഷൻ: രജിസ്‌ട്രേഷൻ കൺവെൻഷൻ പ്രകാരം ബഹിരാകാശ പേടകങ്ങളെ കൃത്യമായി രേഖപ്പെടുത്തേണ്ടതിന്റെ ആവശ്യകത അക്കോർഡ്‌സ് തിരിച്ചറിയുന്നുണ്ട്.
5. ചരിത്രവും പാരമ്പര്യം സംരക്ഷിക്കുക: ചരിത്രത്തിൽ അതീവ പ്രാധാന്യമുള്ള ലാൻഡിംഗ് സൈറ്റുകൾ, പേടകങ്ങൾ, വസ്തുക്കൾ, ബഹിരാകാശത്തെ മനുഷ്യന്റെ ഇടപെടലിന്റെ തെളിവുകൾ, എന്നിവ സംരക്ഷിക്കാൻ രാജ്യങ്ങളെ പ്രോത്സാഹിപ്പിക്കും.
6. ബഹിരാകാശ വിഭവങ്ങൾ: ബഹിരാകാശ വിഭവങ്ങളുടെ ശേഖരണവും ഉപയോഗവും ഔട്ടർ സ്‌പേസ് ട്രീറ്റി പ്രകാരമായിരിക്കും. ശേഖരിച്ച വസ്തുക്കൾക്കു മേലുള്ള രാജ്യങ്ങളുടെ ഉടമസ്ഥാവകാശം അംഗീകരിക്കില്ല.
7. സംഘർഷം ഒഴിവാക്കുക: ചാന്ദ്രദൗത്യങ്ങൾ നടത്തുന്ന രാജ്യങ്ങൾ മറ്റു രാജ്യങ്ങളുടെ പ്രവർത്തികൾ തടസ്സപ്പെടുത്താതിരിക്കാൻ സേഫ്റ്റി സോണുകൾ സ്ഥാപിക്കണം.
8. അവശിഷ്ടങ്ങൾ: ഓരോ ദൗത്യത്തിനൊടുവിലും ബഹിരാകാശ പേടകങ്ങളെ കൃത്യമായി ഒഴിവാക്കാനും സുരക്ഷിതമായി നശിപ്പിക്കാനും രാജ്യങ്ങൾ ബാധ്യസ്ഥരാണ്.
