ഈ രണ്ടു ചോദ്യങ്ങള്‍ക്കും ഉത്തരമുണ്ട് പുസ്തകത്തിലെ(Justice for the Judge: An Autobiography) ഒരു പേജില്‍ മാത്രം വിവരിക്കുന്ന ശബരിമല വിധിയെക്കുറിച്ചുള്ള കുറിപ്പില്‍.
'ഹിന്ദു മതത്തിലെ മാത്രമല്ല മറ്റു വിഭാഗങ്ങളിലേയും നിരവധി ആരാധനാലയങ്ങളിൽ സ്ത്രീ പ്രവേശനം തേടിയുള്ള കേസുകൾ സുപ്രീം കോടതിയുടെ മുൻപിലുണ്ട്. സ്ത്രീകൾക്കു തുല്യത ആവശ്യപ്പെട്ട് നിരവധി ആചാരങ്ങൾ ചോദ്യം ചെയ്യുന്ന ഹർജികളുമുണ്ട്. ശബരിമല വിധി വന്നതോടെ ആ കേസുകളൊക്കെ വാദമില്ലാതെ തീർപ്പാകും എന്ന സ്ഥിതി വന്നു. ശബരിമല കേസിലെ വിധി മറ്റു കേസുകളെ സ്വാധീനിക്കാൻ പാടില്ല. അത് ഒഴിവാക്കേണ്ടതാണ് എന്ന തീരുമാനത്തിലാണ് കേസുകൾ എല്ലാം ഒറ്റ ബെഞ്ചിലേക്കു മാറ്റിയത്. മറ്റു വിശ്വാസികൾക്കു പറയാനുള്ളതു ശബരിമല വിധിയുടെ പേരിൽ തഴയപ്പെടാൻ പാടില്ല എന്നതായിരുന്നു ആ തീരുമാനത്തിന്റെ കാരണം.'
advertisement
Also Read-Black Innova | മുഖ്യമന്ത്രിയുടെ യാത്ര കറുത്ത ഇന്നോവയിലേക്ക് മാറ്റുന്നത് എന്ത് കൊണ്ട്?
ഇതാണ് കേസ് വിശാലബഞ്ചിലേക്കു വിട്ടതിന് ജസ്റ്റിസ് ഗൊഗോയി നൽകുന്ന വിശദീകരണം. അപ്പോൾ പഴയ വിധി നിലനിൽക്കുമോ? 'ശബരിമലയിലെ ഭൂരിപക്ഷ വിധി നിലനിർത്തിക്കൊണ്ടുതന്നെ വിശാലമായി കേൾക്കാം എന്നാണ് എ എം ഖാൻവിൽക്കർ നിർദേശിച്ചത്. ഖാൻവിലക്കർ മുൻപു വിധിപറഞ്ഞ അഞ്ചംഗ ബെഞ്ചിലെ അംഗമാണ്. ഖാൻവിൽക്കറുടെ തീരുമാനത്തോട് ചീഫ് ജസ്റ്റിസ് എന്ന നിലയിൽ യോജിച്ചു. മാത്രമല്ല ജസ്റ്റിസ് ഇന്ദു മൽഹോത്രയും ആ നിലപാടിന് ഒപ്പമായിരുന്നു. അതോടെയാണ് ശബരിമലയിലെ പുനഃപരിശോധനാ ഹർജികൾക്കൊപ്പം മറ്റു കേസുകളും വിശാലമായ ഭരണഘടനാ ബെഞ്ചിന് വിട്ടത്. സ്ത്രീകൾക്കു പ്രവേശനം അനുവദിച്ചുള്ള വിധിയിൽ ഒരു സംശയവും കോടതി രേഖപ്പെടുത്തിയിട്ടില്ല.'
ആ വിധി ഇപ്പോഴും നിലനിൽക്കുന്നു എന്നു ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് പറയുമ്പോൾ ശബരിമലയിൽ സ്ത്രീ പ്രവേശനം വിലക്കി വിധിയൊന്നും നിലവിലില്ല എന്നുകൂടിയാണ് അർത്ഥമെന്നു മാത്രമേ വ്യാഖ്യാനിച്ച് എടുക്കാൻ കഴിയൂ. അതുപക്ഷേ, വിധിയിൽ മാത്രമല്ല പുസ്തകത്തിലും തെളിച്ചു പറയുന്നില്ല. ആ ഒരു സംശയത്തിന്റെ പുക പുസ്തകത്തിൽ എമ്പാടും നിറഞ്ഞുനിൽക്കുന്നുമുണ്ട്.
ദീപക് മിശ്രയെ എതിർത്ത് ഒരു സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഒരു മറയുമില്ലാതെ മുൻഗാമിയെ വിമർശിക്കുന്ന പുസ്തകം. അങ്ങനെയും വിളിക്കാം 'ജസ്റ്റിസ് ഫോർ ദ ജഡ്ജ്' എന്ന ഈ ആത്മകഥയെ. ദീപക് മിശ്രയ്ക്ക് എതിരായ ആ വാർത്താ സമ്മേളനം ഏറെ നാടകീയമായാണ് ഗൊഗോയി അവതരിപ്പിക്കുന്നത്.
2018 ജനുവരി 12, വെള്ളിയാഴ്ച. ബ്രിജ് ഗോപാൽ ഹരികിഷൻ ലോയ എന്ന ബി എച്ച് ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസ്. സൊറാബുദ്ദീൻ ഷേഖ് കേസിൽ വാദം കേൾക്കുന്നതിനിടെയാണ് ലോയയുടെ മരണം. ഇപ്പോഴത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വരെ ആരോപണ വിധേയനായ കേസാണ്. ആ കേസിലെ പൊതു താൽപര്യഹർജി അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര സീനിയോറിറ്റിയിൽ പത്താമത്തെ ജഡ്ജിയായ അരുൺ മിശ്രയ്ക്കു വിട്ടു. 'കേസുകൾ സീനിയോരിറ്റി അനുസരിച്ചു കൈമാറണം എന്ന ചട്ടം എല്ലാം ലംഘിച്ചാണ് അതു ചെയ്തത്. ഏതു പൊതുതാൽപര്യ ഹർജി വന്നാലും അതു സ്വന്തം ബെഞ്ചിൽ വേണം എന്ന് ജസ്റ്റിസ് ദീപക് മിശ്ര വാശിപിടിച്ചിരുന്നു. ലോയയുടെ മരണം പോലെ പ്രധാനപ്പെട്ട ഒരു കേസ് സീനിയോരിറ്റി മറികടന്ന് പത്താമത്തെ ജഡ്ജിക്കു വിട്ടു.
'രാവിലെ ആദ്യം വിളിച്ചത് ജസ്റ്റിസ് മദൻ ലോകൂർ ആണ്. പിന്നാലെ ജസ്റ്റിസ് കുര്യൻ ജോസഫും ജസ്റ്റിസ് ചെലമേശ്വറും. കോടതി തുടങ്ങും മുൻപ് ജസ്റ്റിസ് ചെലമേശ്വറിന്റെ മുറിയിൽ നാലുപേരും ഒത്തുകൂടി. ദീപക് മിശ്രയെ കണ്ട് പ്രതിഷേധം അറിയിക്കാൻ തീരുമാനിച്ചു. 'ദീപക് മിശ്ര പൊട്ടിത്തെറിച്ചു. തീരുമാനം മാറ്റുന്ന പ്രശ്‌നമില്ലെന്ന് ആവർത്തിച്ചു. ജസ്റ്റിസ് ചെലമേശ്വർ ആ മുറിയിൽ നിന്ന് ഇറങ്ങിപ്പോയി. ചെയ്യുന്നതു ശരിയല്ലെന്ന് ചീഫ് ജസ്റ്റിസിനെ ബോധ്യപ്പെടുത്താൻ ഞാൻ ശ്രമിച്ചു. അതു പരാജയപ്പെട്ടു. ജസ്റ്റിസ് മദൻലോകൂറിനും കുര്യൻ ജോസഫിനും ഒപ്പം അവിടെ നിന്ന് ഇറങ്ങി. 'ജസ്റ്റിസ് ചെലമേശ്വർ പറഞ്ഞു: വിവരം മാധ്യമങ്ങളെ അറിയിക്കണം എന്ന്. 12 മണിക്കാണ് അവിടെ എത്തിയത്. മാധ്യമങ്ങളുടേയും ഒ ബി വാനുകളുടേയും വൻ പട. ഏതാനും മാധ്യമപ്രവർത്തകരോട് വിശദീകരിക്കുന്നു എന്നു മാത്രമേ കരുതിയുള്ളു. ഇത്രവലിയ സമ്മേളനമാണെന്ന് കരുതിയില്ല. ഊരിപ്പോരാൻ കഴിഞ്ഞില്ല. അന്ന് പരിഭ്രമം തോന്നിയെങ്കിലും ചെയ്തതിൽ ഒരു തെറ്റും ഇല്ല എന്നാണ് വിശ്വസിക്കുന്നത്.
വാർത്താസമ്മേളനത്തിൽ ഏറ്റവും വിവാദമായ ആ പരാമർശം നടത്താനിടയായ സാഹചര്യവും രഞ്ജൻ ഗൊഗോയി വിവരിക്കുന്നുണ്ട്. മാധ്യമപ്രവർത്തകരല്ല അഭിഭാഷക ഇന്ദിരാ ജയ്‌സിങ് ആണ് ചോദ്യം ചോദിച്ചത്. 'ജസ്റ്റിസ് ലോയ കേസുമായി ബന്ധപ്പെട്ടാണോ ചിഫ് ജസ്റ്റിസിനെ കണ്ടത് എന്നായിരുന്നു ചോദ്യം. ഉത്തരം പറയാതെ ആ ചോദ്യം ഒഴിവാക്കാമായിരുന്നു. അല്ലെങ്കിൽ മറ്റെന്തെങ്കിലും പറഞ്ഞു മാറാമായിരുന്നു. പക്ഷേ, അതു ചെയ്തില്ല. 'അതെ' എന്നു മറുപടി പറഞ്ഞു. ആ 'അതെ' വലിയ വാർത്തയായി. അതോടെ സർക്കാർ എന്നെ നിയമിക്കില്ലെന്ന് എല്ലാവരും പറഞ്ഞു.'
തടയാൻ കഴിയാത്ത നിയമനം
അടുത്ത ചീഫ് ജസ്റ്റിസ് ആകേണ്ട രഞ്ജൻ ഗൊഗോയിക്കു മുൻപിൽ വാതിലുകൾ അടഞ്ഞു എന്നായിരുന്നു പ്രചാരണം. 'സുപ്രീം കോടതി നിയമനങ്ങളെക്കുറിച്ച് അറിയാത്തവരാണ് അതു പറയുന്നത്. ചീഫ് ജസ്റ്റിസ് കൊടുക്കുന്ന പേര് അംഗീകരിക്കുകയല്ലാതെ സർക്കാരിന് മറ്റൊരു വഴിയുമില്ല. ചട്ടം അനുസരിച്ച് അങ്ങനെയാണ്. അതുപോലെ സ്ഥാനമൊഴിയുന്ന ചീഫ് ജസ്റ്റിസിനും ഈ പേര് പറയാതിരിക്കാൻ കഴിയില്ല. അതീവ ഗുരുതരമായ ആരോപണങ്ങൾ ഒന്നുമില്ലെങ്കിൽ സീനിയോരിറ്റി പട്ടികയിൽ ഉള്ള ആദ്യത്തെ ആളെ ശുപാർശ ചെയ്യണം. അതിൽ ഒരു മാറ്റത്തിനും സാധ്യതയില്ല.'
ജസ്റ്റിസ് ദീപക് മിശ്ര കാലാവധി കഴിയുന്നതിന് കൃത്യം ഒരു മാസം മുൻപ് രാവിലെ ചേംബറിൽ എത്തി. 'കേന്ദ്ര സർക്കാരിന് നൽകിയ നിയമന ശുപാർശയുടെ പകർപ്പ് കൈമാറി. അതു പ്രതീക്ഷിച്ച് ഇരുന്ന ഞാൻ ചോക്‌ളേറ്റ് വാങ്ങി വച്ചിരുന്നു. ഞങ്ങൾ രണ്ടുപേരും ചോക്‌ളേറ്റ് കഴിച്ചു. പിന്നെ ഒന്നിച്ചു കാപ്പിയും കുടിച്ചു. പക്ഷേ, നിയമന ശുപാർശ കൈമാറിയ വിവരം ദീപക് മിശ്ര സഹ ജഡ്ജിമാരോട് പറഞ്ഞില്ല. മാധ്യമങ്ങളിൽ വരുന്നതുവരെ അവരാരും അത് അറിഞ്ഞതുമില്ല.'
'ആ രീതി തെറ്റിച്ചാണ് ഞാൻ ഇറങ്ങിയത്. ജസ്റ്റിസ് ബോബ്‌ഡേയ്ക്ക് നിയമന ഉത്തരവ് നൽകിയ ശേഷം എല്ലാവരേയും വിളിച്ച് അന്നുതന്നെ വിവരം അറിയിച്ചു. കേക്കും മുറിച്ചു.'
ചൗകിദാർ ചോർ ഹേ
ചൗകി ദാർ ചോർ ഹേ.... എന്നു സുപ്രീം കോടതി പറഞ്ഞതായി പ്രസംഗിച്ച രാഹുൽ ഗാന്ധി മാപ്പു പറഞ്ഞോ? രാഹുൽ ഗാന്ധിയുടെ മാപ്പ് ആവർത്തിച്ചു ചോദിച്ചു വാങ്ങിയെന്നാണ് ജസ്റ്റിസ് രഞജൻ ഗൊഗോയി എഴുതുന്നത്. റാഫേൽ കേസിൽ നരേന്ദ്ര മോദി കുറ്റക്കാരനാണെന്ന് സുപ്രീംകോടതി പറഞ്ഞതായാണ് രാഹുൽ ഗാന്ധി പ്രസംഗിച്ചത്. അതിൽ കോടതി അലക്ഷ്യത്തിനു കേസ് എടുത്തു. രാഹുൽ ഗാന്ധി 20 പേജുള്ളസത്യവാങ് മൂലം നൽകി. അതിൽ ഒരിടത്തും മാപ്പ് പറയുന്നില്ല. അതോടെ രാഹുലിന്റെ അഭിഭാഷകൻ അഭിഷേക് മനു സിങ്‌വിയോട് മാപ്പ് പറയുന്നുണ്ടോ എന്നു ചോദിച്ചു. വിശദീകരണങ്ങളിലൊന്നും മാപ്പ് പറയുന്നതായി സിങ്‌വി പറഞ്ഞില്ല. മാപ്പു പറയാതെ കേസ് തീരില്ലെന്നു തീർത്തു പറഞ്ഞു. അങ്ങിനെയാണ് രാഹുൽ ഗാന്ധി മാപ്പപേക്ഷ എഴുതി നൽകിയത്.
ഹൈക്കോടതി മുതൽ സുപ്രീംകോടതി വരെ ജഡ്ജിയായിരുന്ന കാലമെല്ലാം കോൺഗ്രസ് കാരനാണ് എന്ന ആരോപണം നേരിടേണ്ടി വന്നിട്ടുണ്ട്. അത് പിതാവ് കേശവ് ചന്ദ്ര ഗൊഗോയി കോൺഗ്രസുകാരൻ ആയിരുന്നതു കൊണ്ടാണ്. രാജീവ് ഗാന്ധിക്കും സോണിയയ്ക്കുമൊപ്പം കേശവ് ചന്ദ്ര നിൽക്കുന്ന ചിത്രവുമുണ്ട് പുസ്തകത്തിൽ. ആ പുസ്തകത്തിലെ ഇതിനിടെ ഏറ്റവും വിവാദമായ ചിത്രം അയോധ്യ കേസിലെ വിധി കഴിഞ്ഞുള്ളതാണ്. വിധി പറഞ്ഞ അഞ്ചു ജഡ്ജിമാരും താജ് മാൻസിങ്ങിൽ 2019 നവംബർ ഒൻപതിന് ഇരിക്കുന്ന ചിത്രമാണത്. സെലിബ്രേറ്റിങ് അയോധ്യ വെർഡിക്ട് എന്നാണ് അടിക്കുറുപ്പ്.
ഒരു വിധി ജഡ്ജിമാർ ആഘോഷിക്കുന്നു എന്നു പറയുന്നതു പോലുള്ള പൊരുത്തക്കേടുകൾ നിരവധിയുണ്ട് ഗൊഗോയിയുടെ ജീവിതത്തിൽ. അതെല്ലാം ഈ പുസ്തകത്തിലെ ഓരോ അധ്യായത്തിലും പുറത്തുവരുന്നുമുണ്ട്. അയോധ്യയും ശബരിമലയും മുതലുള്ള കേസുകളുടെ കാര്യത്തിലെ വിശദീകരണങ്ങളിലും ഇങ്ങനെ ഉത്തരം കിട്ടാത്ത നിരവധി കാര്യങ്ങളുണ്ട്. സ്വന്തം കേസിൽ വാദിയും വിധികർത്താവും നീ തന്നെ എന്ന് ഷേക്‌സ്പിയറുടെ പ്രശസ്തമായ വാചകമുണ്ട്. തനിക്കെതിരായ സ്ത്രീപീഡന പരാതിയിൽ സ്വയം വിധി പറഞ്ഞതു മാത്രമല്ല, ഈ പുസ്തകത്തിൽ വിശദീകരിക്കുന്നത്. ഇതുവരെ എഴുതിയ വിധികളെ എല്ലാം ന്യായീകരിക്കാനുള്ള ശ്രമം കൂടിയാണ് ആത്മകഥ.
എഴുതിക്കഴിഞ്ഞ വിധിയെക്കുറിച്ച് പിന്നെ മിണ്ടില്ല എന്നായിരുന്നു യവന കാലം മുതലുള്ള ന്യായാധിപ രീതി. ആ പതിവ് ലംഘിച്ച് വിധികൾക്കു മേൽ അന്തിമ വിധി കൂടി എഴുതുകയാണ് ഈ പുസ്തകം. പതിവെല്ലാം തെറ്റിച്ച് വിരമിച്ച ചീഫ് ജസ്റ്റിസ് എന്തിന് രാജ്യസഭാ എംപിയായി എന്ന ചോദ്യത്തിനും പുസ്തകം വിധി പറയുന്നില്ല.