• HOME
 • »
 • NEWS
 • »
 • explained
 • »
 • Explained | സ്ത്രീകളുടെ വിവാഹപ്രായം 21 വയസ്സായി ഉയർത്താനുള്ള കേന്ദ്ര നീക്കത്തിന് പിന്നിലെ കാരണമെന്ത്?

Explained | സ്ത്രീകളുടെ വിവാഹപ്രായം 21 വയസ്സായി ഉയർത്താനുള്ള കേന്ദ്ര നീക്കത്തിന് പിന്നിലെ കാരണമെന്ത്?

പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയർത്താനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം സമൂഹത്തിൽ വലിയ സ്വാധീനം സൃഷ്ടിക്കുമെന്നാണ് കരുതപ്പെടുന്നത്.

News18 Malayalam

News18 Malayalam

 • Share this:
  1978 മുതൽ സ്ത്രീകളുടെ നിയമപരമായ വിവാഹപ്രായം ഇന്ത്യയിൽ 18 വയസാണ്. പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയർത്താനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം സമൂഹത്തിൽ വലിയ സ്വാധീനം സൃഷ്ടിക്കുമെന്നാണ് കരുതപ്പെടുന്നത്.

  സ്ത്രീകളുടെ വിവാഹപ്രായം ഉയർത്താനുള്ള കേന്ദ്ര നീക്കത്തിന് പിന്നിലെ കാരണമെന്ത്?

  കഴിഞ്ഞ വർഷം സ്വാതന്ത്ര്യദിനാഘോഷ വേളയിൽ നടത്തിയ പ്രഭാഷണത്തിൽ സ്ത്രീശാക്തീകരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി വിശദമായി സംസാരിച്ചിരുന്നു. സ്ത്രീകൾ അവസരം ലഭിച്ചപ്പോഴെല്ലാം ഇന്ത്യയുടെ യശസ് ഉയർത്തിയിട്ടുണ്ടെന്നും രാജ്യത്തെ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വയം തൊഴിലിനും മറ്റു തൊഴിലവസരങ്ങൾക്കും തുല്യമായ അവസരം നൽകുക എന്നതാണ് ഇപ്പോഴത്തെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

  രാജ്യത്തെ പെൺമക്കളുടെയും സഹോദരിമാരുടെയും ആരോഗ്യത്തിന്റെ കാര്യത്തിൽ തന്റെ സർക്കാരിന് ആശങ്കയുണ്ടെന്നും പോഷകാഹാരക്കുറവിൽ നിന്ന് അവരെ സംരക്ഷിക്കണമെങ്കിൽ അവർ ശരിയായ പ്രായത്തിലാണ് വിവാഹം കഴിക്കുന്നതെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം പറയുകയുണ്ടായി. സ്ത്രീകളുടെ വിവാഹപ്രായം സംബന്ധിച്ച് പരിശോധിക്കാൻ ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും അവർ റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷം ഇക്കാര്യത്തിൽ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും അന്ന് അദ്ദേഹം വ്യക്‌തമാക്കി.

  സമത പാർട്ടിയുടെ മുൻ മേധാവി ജയ ജെയ്റ്റ്‌ലി നേതൃത്വം നൽകിയ, നീതി ആയോഗ് അംഗം ഡോ. വിനോദ് പോൾ അംഗമായിരുന്ന പാനൽ വിവാഹപ്രായം, മാതൃത്വത്തിന്റെ പ്രായം എന്നിവയ്ക്ക് ഗർഭാവസ്ഥയിലും കുഞ്ഞ് ജനിച്ചതിനു ശേഷവും അമ്മയുടെയും കുഞ്ഞിന്റെയും പോഷകാഹാര നിലയും ആരോഗ്യവുമായുള്ള ബന്ധം പരിശോധിച്ചു. കൂടാതെ ശിശുമരണനിരക്ക് (IMR), മാതൃമരണ നിരക്ക് (MMR), പ്രത്യുത്പാദന നിരക്ക് (TFR) തുടങ്ങിയ പ്രധാന സൂചികകളും വിശദമായ പഠനത്തിന് വിധേയമാക്കി. സ്ത്രീകൾക്കിടയിൽ ഉന്നത വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ സമർപ്പിക്കാനും പാനലിനോട് ആവശ്യപ്പെട്ടിരുന്നു.

  "ഇന്ത്യ കൂടുതൽ പുരോഗമിക്കുന്നതിന് അനുസരിച്ച് സ്ത്രീകൾക്ക് ഉന്നത വിദ്യാഭ്യാസത്തിനും തൊഴിൽ നേടുന്നതിനും പുതിയ അവസരങ്ങൾ തുറക്കുന്നു" എന്ന് കഴിഞ്ഞ വർഷത്തെ ബജറ്റ് പ്രസംഗത്തിനിടെ കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ പറഞ്ഞിരുന്നു.

  സ്ത്രീകളുടെ വിവാഹപ്രായം സംബന്ധിച്ച് പഠനം നടത്തിയ സമിതി ശുപാർശ ചെയ്തത് എന്താണ്?

  ആരോഗ്യം, നിയമം, വനിതാ ശിശുവികസനം എന്നീ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥർ കൂടി ഉൾപ്പെട്ട ടാസ്ക് ഫോഴ്‌സിന്റെ നിലപാട് ആദ്യമായി ഗർഭം ധരിക്കുമ്പോൾ ഒരു സ്ത്രീയ്ക്ക് കുറഞ്ഞത് 21 വയസ് പ്രായമുണ്ടാകണം എന്നതായിരുന്നു എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

  ജനസംഖ്യാ നിയന്ത്രണമല്ല ഈ ശുപാർശയുടെ പിന്നിലെ കാരണമെന്നും മറിച്ച് സ്ത്രീ ശാക്തീകരണമാണെന്നും ജെയ്റ്റ്‌ലി പറഞ്ഞതായി ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, നിയമം കൃത്യമായി നടപ്പാകണമെങ്കിൽ സ്ത്രീകൾക്ക് വിദ്യാഭ്യാസവും ഉപജീവനമാർഗവും നേടാനുള്ള സാഹചര്യം വർദ്ധിക്കേണ്ടതുണ്ടെന്ന് സമിതി ഊന്നിപ്പറഞ്ഞു. ഇന്ത്യയിലെ പ്രത്യുത്പാദന നിരക്ക് കുറഞ്ഞു വരികയാണെന്നും ഇപ്പോൾ ജനസംഖ്യാ വളർച്ച ഇന്ത്യയിൽ സ്ഫോടനാത്മകമായ നിലയെ അഭിമുഖീകരിക്കുന്നില്ലെന്ന് ഏറ്റവും പുതിയ വിവരങ്ങൾ കാണിക്കുന്നതായും അവർ പറഞ്ഞു.

  സ്ത്രീകളുടെ വിവാഹപ്രായം എങ്ങനെയാണ് പ്രാബല്യത്തിൽ വരുത്തുക?

  സ്ത്രീകളുടെ കുറഞ്ഞ വിവാഹപ്രായം മാറ്റാനുള്ള നിർദ്ദേശം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച സ്ഥിതിക്ക് ഇനി ശൈശവ വിവാഹം നിരോധിക്കാൻ നിയമം 2006, സ്പെഷ്യൽ മാരേജ് ആക്റ്റ്, ഹിന്ദു മാരേജ് ആക്റ്റ് 1955 എന്നീ നിയമങ്ങളിലെ പ്രസക്തമായ ഭാഗങ്ങളിൽ ഭേദഗതി ആവശ്യപ്പെട്ടുകൊണ്ട് ഒരു ബിൽ പാർലമെന്റിൽ അവതരിപ്പിക്കേണ്ടതുണ്ട്.

  വിവിധ സമുദായങ്ങൾക്ക് ബാധകമായ വ്യക്തിനിയമങ്ങൾ നമ്മുടെ രാജ്യത്ത് നിലനിൽക്കുന്നുണ്ട്. അതിനാൽ വിവാഹപ്രായം സാർവ്വത്രികമാക്കുന്നത് അത്തരം നിയമങ്ങളെ ബാധിക്കുമെന്ന് പൊതുവെ കണക്കാക്കപ്പെടുന്നുണ്ട്.

  ഇത്തരമൊരു നീക്കം കൊണ്ട് എന്തെങ്കിലും പ്രശ്നങ്ങൾ ഉയർന്നു വരുമോ?

  നിലവിലുള്ള നിയമം വ്യാപകമായി ലംഘിക്കപ്പെടുമ്പോൾ സ്ത്രീകളുടെ വിവാഹപ്രായം ഉയർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് വനിതാ സംഘടനകളും അവകാശ പ്രവർത്തകരും ചർച്ച ചെയ്യുന്നത്. വിവാഹ പ്രായം ഉയർത്തുന്നത് വഴി വരുമാനം മെച്ചപ്പെടുത്താനും പെൺകുട്ടികൾക്ക് കൂടുതൽ വിദ്യാഭ്യാസം നേടാനുമുള്ള അവസരമാണ് ലഭിക്കുക.

  ഇക്കാര്യത്തെക്കുറിച്ചുള്ള ഒരു ലേഖനത്തിൽ ഓക്സ്ഫാം ഇന്ത്യ എഴുതിയിരിക്കുന്നത് സ്ത്രീകളുടെ വിവാഹപ്രായം ഉയർത്താനുള്ള നീക്കം നേരത്തെ വിവാഹം കഴിച്ച ധാരാളം സ്ത്രീകളെ ക്രിമിനൽ കുറ്റക്കാരാക്കുകയാണ് ചെയ്യുന്നതെന്നും ഇത് വിപരീത ഫലമുണ്ടാക്കുമെന്നുമാണ്. കൂടാതെ തൊഴിൽ വിപണിയിൽ സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനും അവരുടെ ശാരീരിക ക്ഷേമം ഉറപ്പാക്കുന്നതിനും വിദ്യാഭ്യാസത്തിലും ദരിദ്ര കുടുംബങ്ങളുടെ വരുമാനം വർധിപ്പിക്കുന്നതിലും കൂടുതൽ നിക്ഷേപം നടത്തേണ്ടി വരുമെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

  ഇന്ത്യയിൽ നേരത്തെയുള്ള വിവാഹങ്ങൾ കുറഞ്ഞു വരുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. 2005-06 കാലഘട്ടത്തിൽ 47 ശതമാനം സ്ത്രീകളും 18 വയസ്സിന് മുമ്പ് വിവാഹിതരായപ്പോൾ 2019-20ൽ ഇത് 23 ശതമാനമായി കുറഞ്ഞുവെന്ന് ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. ലോകത്തിൽ ഏറ്റവും കൂടുതൽ പ്രായപൂർത്തിയാകാത്ത വധുക്കൾ ഉള്ള രാജ്യമായി ഇന്ത്യ തുടരുന്നത് നിലവിലുള്ള നിയമങ്ങൾ പാലിക്കാത്തതിനാലാണ്. 2018ൽ പിസിഎംഎ നിയമപ്രകാരം 501 കേസുകൾ മാത്രമാണ് രജിസ്റ്റർ ചെയ്തതെന്നും ഓക്സ്ഫാം ഇന്ത്യ പറയുന്നു.

  വിവാഹപ്രായം ഉയർത്തുന്നത് സ്വന്തം ജീവിതത്തിലും വ്യക്തിപരമായ തിരഞ്ഞെടുപ്പുകളിലുമുള്ള സ്ത്രീകളുടെ അവകാശങ്ങളെ ബാധിക്കും എന്നതാണ് ഈ തീരുമാനം സംബന്ധിച്ച് ഉന്നയിക്കപ്പെടുന്ന മറ്റൊരു പ്രശ്നം. ഇഷ്ടമുള്ള പങ്കാളിയെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന, പ്രായം കുറഞ്ഞ ആളുകൾക്കെതിരെ അവരുടെ മാതാപിതാക്കൾക്കോ ബന്ധുക്കൾക്കോ പിസിഎം ആക്റ്റ് പ്രകാരം കേസ് കൊടുക്കാൻ കഴിയും. ചില പരമ്പരാഗത, സാമൂഹിക ആചാരങ്ങൾക്ക് സമൂഹത്തിൽ ആഴത്തിൽ സ്വാധീനമുള്ളത് മൂലം ഈ നിയമം വ്യാപകമായി ലംഘിക്കപ്പെടുന്നു എന്നത് മറ്റൊരു യാഥാർഥ്യം.
  Published by:Karthika M
  First published: