വയോജനങ്ങളുടെ മാനസികാരോഗ്യത്തിന് മുൻഗണന നൽകിക്കൊണ്ട് മെമ്മറി ക്ലിനിക്കുകൾ സ്ഥാപിക്കും. കൂടാതെ, ടെലിമെഡിസിൻ സംവിധാനങ്ങളും ദേഹത്ത് ധരിക്കാവുന്ന ആരോഗ്യ നിരീക്ഷണ ഉപകരണങ്ങളും (Wearable devices) കുറഞ്ഞ ചെലവിൽ ലഭ്യമാക്കും. വയോജനങ്ങൾക്കായി പ്രത്യേക ഡിജിറ്റൽ സാക്ഷരതാ പദ്ധതിയും നടപ്പിലാക്കും.
സാമൂഹ്യക്ഷേമ പെൻഷനുകൾ എല്ലാവരിലും എത്തിക്കുന്നതിനൊപ്പം, അനൗപചാരിക മേഖലയിലെ തൊഴിലാളികൾക്കായി പ്രത്യേക ഇൻഷുറൻസ് പദ്ധതികളും കൊണ്ടുവരും. വയോധികരുടെ സാമ്പത്തിക ഭദ്രതയ്ക്കായി 'റിവേഴ്‌സ് മോർട്ട് ഗേജ്' പദ്ധതിയും വിഭാവനം ചെയ്യുന്നു. മുതിർന്ന പൗരന്മാർക്ക് ആവശ്യമായ സേവനങ്ങൾ ഇനി വീട്ടുപടിക്കൽ ലഭ്യമാക്കും.
advertisement
വയോജനങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയാൻ കർശന നടപടികൾ സ്വീകരിക്കും. പരാതികൾ അതിവേഗം തീർപ്പാക്കാൻ ഏകജാലക സംവിധാനവും ഫാസ്റ്റ് ട്രാക്ക് കോടതികളും സ്ഥാപിക്കും. വാർദ്ധക്യകാല പഠനങ്ങൾക്കായി (Gerontology) പ്രത്യേക 'മികവിന്റെ കേന്ദ്രം' ആരംഭിക്കാനും നയത്തിൽ വ്യവസ്ഥയുണ്ട്.
മുതിർന്നവരുടെ അനുഭവസമ്പത്ത് യുവതലമുറയ്ക്ക് പകർന്നു നൽകാൻ ഇന്റേൺഷിപ്പ് സൗകര്യങ്ങൾ ഒരുക്കും. പ്രവാസി മലയാളി മാതാപിതാക്കളുടെ ക്ഷേമത്തിന് പ്രത്യേക പരിഗണന നൽകും. വീടുകളും പൊതുഗതാഗത സംവിധാനങ്ങളും മുതിർന്നവർക്ക് പ്രയാസമില്ലാതെ ഉപയോഗിക്കാവുന്ന രീതിയിൽ (Age-friendly design) മാറ്റിയെടുക്കും.
മറ്റ് പ്രധാന നിർദേശം:
- വയോജനങ്ങളെ പരിചരിക്കുന്നവർക്ക് പ്രത്യേക പരിശീലനവും സർട്ടിഫിക്കേഷനും നൽകും.
- വാമൊഴി ചരിത്രങ്ങളും പരമ്പരാഗത അറിവുകളും വയോജനങ്ങളിലൂടെ സംരക്ഷിക്കും.
- വയോജന പരിപാലനത്തിൽ ആഗോളതലത്തിലെ മികച്ച മാതൃകകൾ കേരളത്തിൽ നടപ്പിലാക്കും.
- ശാരീരികക്ഷമതയും രോഗപ്രതിരോധവും ഉറപ്പാക്കാൻ പ്രത്യേക ആരോഗ്യ പരിപാടികൾ സംഘടിപ്പിക്കും.
