സ്വന്തമായി സെല്ലുകളില്ലാത്ത വൈറസ് ശരീരത്തിലെ ആതിഥേയ സെല്ലിനെ ആശ്രയിച്ചാണ് വളർച്ച പ്രാപിക്കുന്നത്. വാക്സിൻ ശരീരത്തിലെ വൈറസിനെ കണ്ടെത്തി നശിപ്പിക്കുന്നതിനും വ്യാപനം കുറക്കുന്നതിനും ആവശ്യമായ രാസവസ്തുക്കൾ ഉത്പാദിപ്പിക്കുന്നു. ഇന്ത്യയിൽ കോവാക്സിൻ, കോവിഷീൽഡ് എന്നിങ്ങനെ രണ്ട് വാക്സിനുകൾ ലഭ്യമാണ്. വാക്സിനുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങൾ ഞാൻ ഇവിടെ അഭിസംബോധന ചെയ്യാം.
വാക്സിൻ കുത്തിവയ്പ് നിർബന്ധമാണോ?
ചികിത്സയോ വാക്സിനേഷനോ ഒരിക്കലും നിർബന്ധമല്ല. ഇത് പൂർണ്ണമായും സ്വീകരിക്കുന്നയാളുടെ തീരുമാനമാണ്. എന്നാൽ, വൈറസിനെതിരെ പോരാടുന്നതിന് വാക്സിൻ സഹായിക്കും. കൂടുതൽ ആളുകൾ വാക്സിൻ കുത്തിവയ്ക്കുന്നത് വൈറസ് വ്യാപനം കുറയ്ക്കുന്നതിനും സഹായിക്കും.
advertisement
ആരെല്ലാം വാക്സിൻ എടുക്കണം?
18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും വാക്സിൻ എടുക്കാം. 2 മുതൽ 18 വയസ്സ് വരെ പ്രായമുള്ളവരിലും പരീക്ഷണങ്ങൾ നടക്കുന്നതിനാൽ ഇവർക്കും വാക്സിൻ ഉടൻ ലഭ്യമാകും. ഗർഭിണികൾക്കും മുലയൂട്ടുന്ന സ്ത്രീകൾക്കും വാക്സിനുകൾ സുരക്ഷിതമാണോ എന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. പ്രമേഹം, രക്തസമ്മർദ്ദം, അർബുദം, ഹൃദ്രോഗം, വൃക്കരോഗം, കരൾ രോഗം, തൈറോയ്ഡ് രോഗം, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ എന്നിവർക്ക് രോഗ സാധ്യത കൂടുതലായതിനാൽ വാക്സിൻ എടുക്കണം. വാക്സിനേഷൻ സ്വീകരിക്കുന്ന സ്ഥലത്ത് കഴിക്കുന്ന മരുന്നുകളെക്കുറിച്ചും ഇവർ അറിയിക്കണം.
ആരെല്ലാം വാക്സിൻ എടുക്കരുത്?
വാക്സിൻ സ്വീകരിക്കുമ്പോൾ ഏതെങ്കിലും മരുന്നിനോ വാക്‌സിനോ അലർജിയുണ്ടെങ്കിൽ വാക്സിനേഷൻ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകരെ അറിയിക്കണം. ആദ്യ ഡോസ് വാക്സിനിൽ അലർജിയുള്ള വ്യക്തി രണ്ടാമത്തെ ഡോസ് എടുക്കരുത്. പനി, ചുമ, ജലദോഷം തുടങ്ങിയ പ്രശ്നമുള്ളവർ രോഗലക്ഷണം മാറുന്നതു വരെ വാക്സിനേഷൻ സ്വീകരിക്കരുത്. ത്രോംബോസൈറ്റോപീനിയ (പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയൽ), ആൻറിഓകോഗുലന്റ് (രക്തം നേർത്തതാവുക) പോലുള്ള രക്ത സംബന്ധമായ അസുഖമുള്ളവർ കഴിക്കുന്ന മരുന്നിനെക്കുറിച്ച് വാക്സിനേഷൻ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകരെ അറിയിക്കണം.
ഏത് വാക്സിനാണ് മികച്ചത്?
രണ്ട് വാക്സിനുകളുടെയും കാര്യക്ഷമതയും സുരക്ഷയും സമാനമാണ്.
വ്യത്യസ്തമായ രണ്ടു ഡോസ് വാക്സിനുകൾ സ്വീകരിക്കാമോ?
പാടില്ല. രണ്ട് വ്യത്യസ്ത വാക്സിനുകൾ സ്വീകരിക്കരുത്.
Also Read കോവിഡ് പ്രതിരോധം; മുഖ്യമന്ത്രി അഭിനന്ദിച്ച 'ചെല്ലാനം മോഡൽ' കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കും
രണ്ട് ഡോസ് വാക്സിനും എടുക്കേണ്ടത് ആവശ്യമാണോ?
തീർച്ചയായും. ഒറ്റ ഡോസ് എടുത്തവരെ അപേക്ഷിച്ച് രണ്ടു ഡോസ് വാക്സിൻ എടുത്തവർക്ക് അണുബാധക്കുള്ള സാധ്യത കുറവാണ്.
രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള എത്രയാണ്?
കോവിഷീൽഡ് - 12 ആഴ്ച മുതൽ 16 ആഴ്ച വരെ, കോവാക്സിൻ - 28 ദിവസം
വാക്സിൻ സ്വീകരിച്ച ശേഷം ശരീരത്തിൽ എന്ത് മാറ്റങ്ങൾ സംഭവിക്കുന്നു?
വാക്സിൻ കൊറോണ വൈറസുമായി പ്രതിരോധിക്കുന്നതിന് ആവശ്യമായ ആന്റിബോഡികൾ ഉത്പാദിപ്പിക്കും. ഈ ആന്റിബോഡികളുടെ സാന്ദ്രത രണ്ടാമത്തെ ഡോസിന് ശേഷം കൂടുതലാവുന്നതിനാൽ അണുബാധക്കുള്ള സാധ്യത കുറവാണ്. അണുബാധ ഉണ്ടായാലും അത് ചെറിയ തോതിലായിരിക്കും.
ചിലർക്ക് തലവേദന, വിശപ്പ് കുറയുക, തലകറക്കം, ഓക്കാനം, ഛർദ്ദി, അടിവയറ്റിലെ വേദന, ചൊറിച്ചിൽ, തിണർപ്പ്, ശരീരവേദന, ക്ഷീണം, പനി തുടങ്ങിയ പാർശ്വഫലങ്ങൾ അനുഭവപ്പെടാം. ഈ പ്രശ്നങ്ങൾ പാരസെറ്റമോൾ പോലുള്ള മരുന്നുകൾ കഴിക്കുന്നതിലൂടെ പരിഹരിക്കാം.
Also Read 'വിവാഹച്ചെലവ് വെട്ടിക്കുറച്ചു, നൽകിയത് വെറും 14 ലക്ഷം രൂപ മാത്രം'; മാതാപിതാക്കൾക്കെതിരെ യുവതി
പൂർണ്ണമായ വാക്സിനേഷന് ശേഷം മാസ്ക് ധരിക്കേണ്ടതുണ്ടോ?
അതെ. ഒരു വാക്സിനും വൈറസിനെതിരെ 100 ശതമാനം സംരക്ഷണം നൽകുന്നില്ല. അതിനാൽ മാസ്ക്, സാമൂഹിക അകലം, വ്യക്തി ശുചിത്വം തുടങ്ങിയ എല്ലാ മുൻകരുതലുകളും വാക്സിനേഷനു ശേഷവും തുടരണം.
പുകവലിക്കാർക്കും മദ്യപാനികൾക്കും വാക്സിൻ എടുക്കുന്നതിൽ പ്രശ്നമുണ്ടോ?
ഇല്ല. പുകവലിക്കാർക്കും മദ്യപാനികൾക്കും വാക്സിനുകൾ എടുക്കാം. അതിൽ എന്തെങ്കിലും അപകടസാധ്യതയുള്ളതായി കണ്ടെത്തിയിട്ടില്ല. എന്നാൽ പുകവലി, മദ്യം എന്നിവ രോഗപ്രതിരോധ ശേഷിയെ കുറയ്ക്കുന്നതിനാൽ അത് നിർത്തുന്നതാണ് ഉചിതമായത്. പുകവലിയും മദ്യവും ആരോഗ്യത്തിനും ഹാനികരമായതിനാൽ ഒഴിവാക്കുന്നതാണ് നല്ലത്.
(മൗലാന ആസാദ് മെഡിക്കൽ കോളേജിലെ ഫാർമക്കോളജി വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകൻ)