TRENDING:

'സവര്‍ക്കര്‍ ബ്രിട്ടീഷ് സര്‍ക്കാരിന് നിരവധി മാപ്പപേക്ഷകള്‍ അയച്ചു'; പരാമര്‍ശത്തിലുറച്ച് രാഹുല്‍ ഗാന്ധി

Last Updated:

ബ്രിട്ടീഷ് ഭരണകൂടത്തോടുള്ള ഭയമാണ് സവര്‍ക്കറെ കൊണ്ട് ഇതെല്ലാം ചെയ്യിച്ചതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഹിന്ദുത്വ സൈദ്ധാന്തികന്‍ വിനായക് ദാമോദര്‍ സവര്‍ക്കിനെതിരെ (Vinayak Damodar Savarkar) രൂക്ഷമായ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി(rahul gandhi) രംഗത്ത്. സ്വാതന്ത്ര്യ സമരങ്ങളില്‍ പങ്കെടുത്ത സവര്‍ക്കര്‍ തടവിലായിരുന്നപ്പോള്‍ ബ്രിട്ടീഷ് സര്‍ക്കാരിന് മാപ്പപേക്ഷ എഴുതി നല്‍കിയാണ് മോചിതനായതെന്നും അതിന്റെ ഭാഗമായുള്ള പെന്‍ഷന്‍ വരെ കൈപ്പറ്റിയയാളാണ് അദ്ദേഹമെന്നും രാഹുല്‍ പറഞ്ഞു. ബ്രിട്ടീഷ് ഭരണകൂടത്തോടുള്ള ഭയമാണ് സവര്‍ക്കറെ കൊണ്ട് ഇതെല്ലാം ചെയ്യിച്ചതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
advertisement

മറ്റൊരു തരത്തില്‍ ബ്രിട്ടീഷ് സര്‍ക്കാരിനെ സഹായിക്കുന്ന നടപടിയാണ് സവര്‍ക്കര്‍ മുന്നോട്ട് വെച്ചത്. ഇതിനെ സാധൂകരിക്കുന്ന തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും രാഹുല്‍ പറഞ്ഞു.

Also Read-'സ്വാതന്ത്രസമര സേനാനിയായ മുത്തച്ഛനെ അപമാനിച്ചു'; രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്ന് സവര്‍ക്കറുടെ കൊച്ചുമകന്‍

ഇതാദ്യമായല്ല സവര്‍ക്കറുടെ നിലപാടും അദ്ദേഹത്തിന്റെ കത്തുകളും വിവാദത്തിലാകുന്നത്. ഇതിനുമുമ്പും സമാനരീതിയിലുള്ള വിമര്‍ശനങ്ങള്‍ രാഹുല്‍ ഉള്‍പ്പടെയുള്ള ദേശീയ നേതാക്കള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ അതിന്റെ ചരിത്രമെന്ന് നമുക്ക് ഒന്ന് പരിശോധിക്കാം.

എന്താണ് രാഹുല്‍ ഗാന്ധി പറഞ്ഞത് ?

advertisement

'ഇത് നോക്കൂ. എനിക്ക് ഏറ്റവും പ്രധാനപ്പെട്ട രേഖയാണ്. ബ്രിട്ടീഷുകാര്‍ക്കുള്ള സവര്‍ക്കറുടെ കത്ത് ഉള്‍ക്കൊള്ളുന്ന രേഖയാണിത്. അതില്‍ 'സര്‍, നിങ്ങളുടെ ഏറ്റവും അനുസരണയുള്ള സേവകന്‍ വി ഡി സവര്‍ക്കര്‍', എന്ന സംബോധനയോടെയാണ് കത്ത് ആരംഭിക്കുന്നത്. രാഹുല്‍ ചൂണ്ടിക്കാട്ടി. വ്യാഴാഴ്ച മഹാരാഷ്ട്രയിലെ അലോകയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ വെച്ചാണ് രാഹുലിന്റെ ഈ വിമര്‍ശനം.

ഞാന്‍ നിങ്ങളുടെ സേവകന്‍ ആകാന്‍ ആഗ്രഹിക്കുന്നുവെന്നാണ് സവര്‍ക്കര്‍ കത്തില്‍ എഴുതിയിരിക്കുന്നതെന്നും അതിലൂടെ ബ്രിട്ടീഷ് സര്‍ക്കാരിന്റെ അടിച്ചമര്‍ത്തല്‍ നയങ്ങളെ പിന്താങ്ങുകയായിരുന്നു സവര്‍ക്കര്‍ ചെയ്തതെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. അങ്ങനെയുള്ള ഒരാള്‍ എങ്ങനെ സ്വാതന്ത്ര്യസമര പോരാളികളുടെ കൂട്ടത്തില്‍പ്പെടുമെന്നും അദ്ദേഹം ചോദിച്ചു.

advertisement

സവര്‍ക്കര്‍ അയച്ച മാപ്പപേക്ഷ എന്തായിരുന്നു?

ബ്രിട്ടീഷ് മജിസ്‌ട്രേറ്റ് എഎംടി ജാക്‌സണിന്റെ വധവുമായി ബന്ധപ്പെട്ടാണ് വിഡി സവര്‍ക്കറെയും അദ്ദേഹത്തിന്റെ സഹോദരന്‍ ഗണേഷ് സവര്‍ക്കറെയും അറസ്റ്റ് ചെയ്ത് സെല്ലുലാര്‍ ജയിലിലേക്ക് മാറ്റുന്നത്. കാലാപാനി എന്നറിയപ്പെടുന്ന ആന്‍ഡമാനിലെ സെല്ലുലാര്‍ ജയിലില്‍ ഇരുവരും പത്ത് വര്‍ഷത്തോളം കിടന്നിരുന്നു. 1911നും 1920നും ഇടയിലായിരുന്നു ശിക്ഷാകാലം. ഈ സമയത്താണ് സവര്‍ക്കര്‍ ശിക്ഷയില്‍ നിന്ന് ഇളവ് ലഭിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാരിന് മാപ്പപേക്ഷകള്‍ തുടരെ അയച്ചത്. ഏഴ് തവണയാണ് ഇദ്ദേഹം കത്ത് അയച്ചത്. ബ്രിട്ടീഷ് സര്‍ക്കാരിനോട് മാപ്പ് ഇരക്കുന്ന ഇദ്ദേഹത്തിന്റെ കത്തുകള്‍ പില്‍കാലത്ത് നിശിതമായി വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. അങ്ങനെയുള്ളരാളെ എന്തിനാണ് വിശുദ്ധനായി പ്രഖ്യാപിക്കുന്നതെന്നും നിരവധിപേര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.

advertisement

Also Read-വി ഡി സവർക്കർക്കെതിരായ പരാമർശം; രാഹുൽ ഗാന്ധിക്കെതിരെ മഹാരാഷ്ട്ര പൊലീസ് കേസെടുത്തു

ചരിത്രകാരന്‍മാരും വിദഗ്ധരും പറയുന്നത് എന്താണ്?

ഈ വിവാദത്തില്‍ കൃത്യമായ ഒരു നിലപാട് എടുക്കാന്‍ ചരിത്രകാരന്‍മാര്‍ക്ക് കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം.

' ഈ രണ്ട് ആരോപണങ്ങളും അസത്യമാണ്. ദയാഹര്‍ജിക്കായി സവര്‍ക്കര്‍ അപേക്ഷകള്‍ എഴുതിയിട്ടില്ല എന്നാണ് 'സവര്‍ക്കര്‍: ദി ട്രൂ സ്റ്റോറി ഓഫ് ഹിന്ദുത്വയുടെ രചയിതാവ് വൈഭവ് പുരന്ദരെ 2019 ല്‍ ബിബിസിയോട് പറഞ്ഞത്. ജയിലിലെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മാത്രമാണ് സവര്‍ക്കര്‍ ബ്രിട്ടീഷ് സര്‍ക്കാരിന് കത്ത് എഴുതിയതെന്നും അദ്ദേഹം പറഞ്ഞു.

advertisement

അതേസമയം സവര്‍ക്കറുടെ രണ്ട് ഭാഗങ്ങളുള്ള ജീവചരിത്രമായ Echoes from a Forgotten Past, 1883-1924 and A Contested Legacy, 1924-1966, എഴുതിയ വിക്രം സമ്പത്ത് പറയുന്നത് ഇതേ കാര്യം തന്നെയാണ്. സവര്‍ക്കര്‍ മാപ്പപേക്ഷ അല്ല എഴുതിയത്. ജയിലിലെ ശോചനീയാവസ്ഥയ്‌ക്കെതിരെയുള്ള പ്രതിഷേധമായിരുന്നു ആ കത്തുകള്‍ എന്നാണ് ഇദ്ദേഹത്തിന്റെയും വാദം.

'എല്ലാ രാഷ്ട്രീയ നേതാക്കളും സമാനരീതിയിലുള്ള പരാതി നല്‍കിയിട്ടുണ്ട്. ബരീന്ദ്രകുമാര്‍ ഘോഷ് സചീന്ദ്ര നാഥ സന്ന്യാല്‍ , തുടങ്ങി നിരവധിപേരാണ് ഇതുപോലെയുള്ള പരാതി കത്തുകള്‍ ബ്രിട്ടീഷ് സര്‍ക്കാരിന് അയച്ചത്. എന്നാല്‍ അവയൊന്നും ദയാഹര്‍ജിയായി കണക്കാക്കുന്നില്ല. ഒരു ജാമ്യപേക്ഷ സമര്‍പ്പിച്ചാല്‍ അതെങ്ങനെ മാപ്പപേക്ഷയായി മാറുമെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല', വിക്രം സമ്പത്ത് പറയുന്നു.

വിവാദത്തിലെ ബിജെപി നിലപാട്

സവര്‍ക്കറുടെ കത്തുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉടലെടുത്തത് ഇക്കഴിഞ്ഞ ഒക്ടോബറിലാണ്. അതിന് തുടക്കമിട്ടത് പ്രതിരോധ മന്ത്രിയായ രാജ്‌നാഥ് സിംഗാണ്. മഹാത്മ ഗാന്ധി പറഞ്ഞിട്ടാണ് സവര്‍ക്കര്‍ ബ്രിട്ടീഷ് സര്‍ക്കാരിന് മാപ്പപേക്ഷ നല്‍കിയത് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

' സെല്ലുലാര്‍ ജയിലില്‍ നിന്നുള്ള മോചനത്തിന് വേണ്ടി സവര്‍ക്കര്‍ നിരവധി മാപ്പപേക്ഷകള്‍ ബ്രിട്ടീഷ് സര്‍ക്കാരിന് അയച്ചുവെന്ന ഒരു പച്ചക്കള്ളം ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. സവര്‍ക്കര്‍ ഒരിക്കലും അത്തരം കത്തുകള്‍ അയക്കാന്‍ മുതിര്‍ന്നിട്ടില്ല. പിന്നീട് രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരമാണ് സവര്‍ക്കര്‍ ദയാഹര്‍ജി സമര്‍പ്പിച്ചത്. സ്വാതന്ത്ര്യസമരം കൂടുതല്‍ ശക്തമാക്കാന്‍ സവര്‍ക്കറിനെകൊണ്ട് ആകുമെന്നും അതിനാല്‍ അദ്ദേഹം മോചിപ്പിക്കപ്പെടണമെന്നും ഗാന്ധിജി പറഞ്ഞതനുസരിച്ചാണ് സവര്‍ക്കര്‍ മാപ്പപേക്ഷ നല്‍കിയത്,' എന്നായിരുന്നു രാജ്‌നാഥ് സിംഗിന്റെ പ്രസ്താവന.

സത്യത്തില്‍ ഗാന്ധിജി ഇക്കാര്യത്തില്‍ ഇടപെട്ടിരുന്നോ?

ഗാന്ധിജിയും സവര്‍ക്കരും വ്യത്യസ്ത രാഷ്ട്രീയ നിലപാടുകള്‍ ഉള്ളവരായിരുന്നുവെന്നും സവര്‍ക്കറുടെ സഹോദരനാണ് അദ്ദേഹത്തിന്റെ മോചനത്തിനായി ശ്രമിക്കണമെന്ന് ആവശ്യപ്പെട്ട് ഗാന്ധിജിയെ സമീപിച്ചത്. ഇങ്ങനെയാണ് വിക്രം സമ്പത്ത് തന്റെ പുസ്തകത്തില്‍ പറയുന്നത്. തുടര്‍ന്ന് രാഷ്ട്രീയ പ്രവര്‍ത്തനത്തിനിടെ സംഭവിച്ച പിഴവാണ് ശിക്ഷയ്ക്ക് കാരണമെന്ന രീതിയില്‍ ഒരു പരാതി ബ്രിട്ടീഷ് സര്‍ക്കാരിന് മേല്‍ നല്‍കൂവെന്ന് സവര്‍ക്കറുടെ സഹോദരെ ഉപദേശിച്ചതും ഗാന്ധിജി തന്നെയാണെന്നാണ് വിക്രം സമ്പത്ത് പറയുന്നത്.

അതേസമയം രാഷ്ട്രീയ എതിരാളികള്‍ പറയുന്നതുപോലെ മാപ്പപേക്ഷ നിരന്തരമായി എഴുതിയ ഒരു ഭീരു ആയിരുന്നില്ല സവര്‍ക്കര്‍ എന്നാണ് ചരിത്രകാരനായ പുരന്ദരെ പറയുന്നത്. 'ഒരു രാഷ്ട്രീയ തടവുകാരന്‍ എന്ന നിലയില്‍ തന്റെ മോചനത്തിനായി ഹര്‍ജികള്‍ മാത്രമാണ് അദ്ദേഹം സമര്‍പ്പിച്ചത്. അതിന് അദ്ദേഹത്തിന് അവകാശമുണ്ട്. അല്ലാതെ നിരന്തരം മാപ്പപേക്ഷ നടത്തിയ ഒരു ഭീരുവായിരുന്നില്ല സവര്‍ക്കര്‍,' പുരന്ദരെ പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് എതിരെ പ്രതിഷേധം

ശിവസേന നേതാവ് ഉദ്ദവ് താക്കറെ രാഹുലിന്റെ പരാമര്‍ശത്തെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് രംഗത്തത്തെത്തിയിരുന്നു. ഒരിക്കലും രാഹുലിന്റെ പരാമര്‍ശത്തെ അംഗീകരിക്കില്ലെന്നും തങ്ങള്‍ സവര്‍ക്കറെ അത്യധികം ബഹുമാനിക്കുന്നുവെന്നുമാണ് ഉദ്ദവ് പറഞ്ഞത്.

അതേസമയം രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് പിന്തുണ നല്‍കിയ പാര്‍ട്ടിയാണ് ശിവസേന. രാജ്യത്തെ സ്വാതന്ത്ര്യത്തെ സംരക്ഷിക്കാന്‍ വേണ്ടിയായിരുന്നു അതെന്നും ഉദ്ദവ് പറഞ്ഞു.

എന്നാല്‍ രാഹുലിന്റെ പരാമര്‍ശത്തെ നിയമപരമായി നേരിടാൻ ഒരുങ്ങുകയാണ് സവര്‍ക്കറുടെ ചെറുമകന്‍ രണജിത്ത് സവര്‍ക്കറും ശിവസേന നേതാവ് രാഹുല്‍ ഷെവാലെയും. രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ് ഇരുവരും.

'ഇതാദ്യമായല്ല രാഹുല്‍ സവര്‍ക്കറിനെ അപമാനിക്കുന്ന തരത്തില്‍ പ്രസ്താവനകള്‍ പുറത്തിറക്കുന്നത്. ഇത്തവണ നിയമപരമായി തന്നെ നേരിടും. കുറച്ചു നാളുകളായി കോണ്‍ഗ്രസ് പാര്‍ട്ടിയും സവര്‍ക്കറെ അപമാനിക്കുന്ന രീതിയിലുള്ള പല വിമര്‍ശനങ്ങളും നടത്തുന്നുണ്ട്. അതിനാലാണ് രാഹുലിനെതിരെ പരാതി നല്‍കിയത്'. രണജിത്ത് പറഞ്ഞു.

'ശരദ് പവാറിനെതിരെ മോശം പരാമര്‍ശം നടത്തിയ ഒരു സ്ത്രീയെ ഒരുമാസം ജയിലിലിട്ടുണ്ട്. പവാറിനെക്കാളും മഹാനായ നേതാവാണ് സവര്‍ക്കര്‍. അതുകൊണ്ട് ഇത്തരം പ്രസ്താവനകള്‍ നടത്തുന്ന കോണ്‍ഗ്രസ് നേതാക്കളെയും ജയിലില്‍ അടയ്ക്കണം,' രണജിത്ത് ഇന്ത്യാ ടുഡെയോട് പറഞ്ഞു.

സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയ്ക്കും രാഹുല്‍ ഗാന്ധിയ്ക്കുമെതിരെ കേസെടുത്തിരിക്കുകയാണ് പൊലീസ്. നേരത്തെ സവര്‍ക്കറെ വഞ്ചകന്‍ എന്ന് ഇരുവരും പരാമര്‍ശിച്ചിട്ടുണ്ടെന്നും രണജിത്ത് നല്‍കിയ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് പരാതിയില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് മുംബൈ കോടതി പൊലീസിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Explained/
'സവര്‍ക്കര്‍ ബ്രിട്ടീഷ് സര്‍ക്കാരിന് നിരവധി മാപ്പപേക്ഷകള്‍ അയച്ചു'; പരാമര്‍ശത്തിലുറച്ച് രാഹുല്‍ ഗാന്ധി
Open in App
Home
Video
Impact Shorts
Web Stories