സംസ്ഥാനത്തെ മുഴുവൻ സ്ത്രീകൾക്കും ജൂൺ 11 മുതൽ ‘സേവാ സിന്ധു’ സർക്കാർ പോർട്ടലിൽ കാർഡിനായി അപേക്ഷിക്കാമെന്നും മൂന്ന് മാസത്തിനുള്ളിൽ സ്മാർട്ട് കാർഡ് നൽകുമെന്നും സർക്കാർ അറിയിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിർദ്ദേശപ്രകാരം ചുമതലയുള്ള മന്ത്രിമാരും എംഎൽഎമാരും സംസ്ഥാനത്തുടനീളമുള്ള അവരവരുടെ ജില്ലകളിലും മണ്ഡലങ്ങളിലും പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. ഈ സൗജന്യ ബസ് സർവീസ് പ്രതിദിനം 41.8 ലക്ഷത്തിലധികം സ്ത്രീ യാത്രക്കാർക്ക് പ്രയോജനം ചെയ്യുമെന്നും സംസ്ഥാന ഖജനാവിന് പ്രതിവർഷം 4,051.56 കോടി രൂപയുടെ ചെലവ് വരുമെന്നും ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
advertisement
അമേരിക്കയിൽ ഏകദേശം 53% ഉം ചൈനയിൽ 54% ഉം ഓസ്‌ട്രേലിയയിൽ 57%ഉം ഇന്തോനേഷ്യയിൽ 57%ഉം ആണ് സ്ത്രീകളുടെ പങ്കാളിത്തമെങ്കിൽ ബംഗ്ലാദേശിൽ ഇത് 30%ഉം ഇന്ത്യയിൽ ഇത് വെറും 24%ഉം ആണെന്ന് വികസിത രാജ്യങ്ങളിലെയും ഇന്ത്യയിലെയും സ്ത്രീകളുടെ പങ്കാളിത്തം താരതമ്യം ചെയ്തുകൊണ്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. 2014 ന് ശേഷമാണ് നിരക്ക് രാജ്യത്ത് 30% ൽ നിന്ന് 24% ആയി കുറഞ്ഞത്. കൂടുതൽ സ്ത്രീ പങ്കാളിത്തമുള്ള രാജ്യങ്ങൾ കൂടുതൽ വികസിക്കുമെന്നും സ്ത്രീകൾ ശാക്തീകരിക്കപ്പെടുമ്പോൾ സമൂഹത്തിലെ സാമ്പത്തികവും സാമൂഹികവുമായ അസമത്വങ്ങൾ ക്രമേണ ഇല്ലാതാക്കാൻ കഴിയുമെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.
ബിജെപി ഒരു ദൗത്യവും കാഴ്ചപ്പാടും ഇല്ലാത്ത പാർട്ടിയാണെന്നും അവർ ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുകയാണെന്നും എന്നാൽ സംസ്ഥാനത്തെ ജനങ്ങൾ അവർക്ക് അക്കങ്ങളുടെ രൂപത്തിൽ ഉത്തരം നൽകിയെന്നും ഉപമുഖ്യമന്ത്രി ഡി. കെ ശിവകുമാർ പറഞ്ഞു. ‘ഞങ്ങളുടെ ലക്ഷ്യം വികസനമാണെന്നും ജനങ്ങളുടെ ക്ഷേമത്തിനായി ഞങ്ങൾ തുടർന്നും പ്രവർത്തിക്കും’. സംസ്ഥാന സർക്കാരിന്റെ ഉറപ്പുകളെക്കുറിച്ച് ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കിയതിന് ബിജെപിക്കെതിരെ ആഞ്ഞടിച്ച് കൊണ്ട് ശിവകുമാർ പ്രതികരിച്ചു.
എന്താണ് ‘ശക്തി’ പദ്ധതി ?
ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിലുള്ള വിവേചനങ്ങൾ ഏതുമില്ലാതെ സംസ്ഥാനത്തെ പെൺകുട്ടികൾ ഉൾപ്പെടെ എല്ലാ സ്ത്രീകൾക്കും സൗജന്യ ബസ് യാത്ര വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണ് ‘ശക്തി’. ട്രാൻസ്‌ജെൻഡർ വിഭാഗങ്ങളെയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (BMTC) ഒഴികെ ബാക്കിയുള്ള മൂന്ന് സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനുകളിൽ ( KSRTC, NWKRTC, KKRTC) 50 ശതമാനം സീറ്റുകൾ പുരുഷന്മാർക്കായി സംവരണം ചെയ്യും.
സർക്കാർ ഉടമസ്ഥതയിലുള്ള നാല് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനുകളിലായി (KSRTC, BMTC, NWKRTC, KKRTC) നിലവിലുള്ള 18,609 ബസുകളിൽ, സിറ്റി ട്രാൻസ്പോർട്ട്, ഓർഡിനറി, എക്സ്പ്രസ് ബസുകളിൽ ഉൾപ്പെടെ സ്ത്രീകൾക്ക് ഈ സൗജന്യ യാത്രാസേവനം ലഭിക്കും.
ആശയക്കുഴപ്പം ഒഴിവാക്കാനായി പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള ബസുകളിൽ ‘സ്ത്രീകൾക്ക് സൗജന്യ യാത്ര’ എന്ന പോസ്റ്ററുകളും ഒട്ടിക്കും. പദ്ധതി അനുസരിച്ച് സ്ത്രീകൾക്ക് ബസുകളിൽ സംസ്ഥാനത്തിനകത്ത് 20 കിലോമീറ്റർ വരെ സൗജന്യമായി യാത്ര ചെയ്യാം.