സ്തനാർബുദം ബാധിച്ച സ്ത്രീകളുടെ എണ്ണം ശരിക്കും ഉയർന്ന നിരക്കിൽ നിലനിൽക്കുന്നത് കാരണം ഈ വാക്ക് കേൾക്കുമ്പോൾ സ്ത്രീകളുമായി ബന്ധപ്പെട്ട കാര്യമെന്നു മാത്രമേ നമ്മുടെ ചിന്തയിൽ വരാറുള്ളൂ. സ്തനാർബുദം എന്നത് പലപ്പോഴും സ്ത്രീകളുമായി ബന്ധപ്പെട്ടിരിക്കുന്ന കാര്യമായിട്ടു മാത്രമേ നാം കണ്ടിരുന്നുള്ളൂ. എന്നാൽ, പുരുഷന്മാരിലും സ്തനാർബുദം ഉണ്ടാകുന്നുണ്ടെന്നും അതിനെക്കുറിച്ചുള്ള അവബോധത്തിന്റെ അഭാവം ഉയർന്ന തോതിൽ നിലനിൽക്കുന്നുവെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പുരുഷന്മാരിലെ സ്തനാർബുദത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് എച്ച് സി ജി ആശുപത്രികളിലെ സീനിയർ മെഡിക്കൽ ഗൈനക്കോളജിസ്റ്റ് ഡോ. രാധേശ്യം നായിക് ഉത്തരം നൽകുന്നു.
advertisement
പുരുഷന്മാരിലും സ്തനാർബുദം വരുമോ?
ഉവ്വ്, സ്ത്രീകളെപ്പോലെ പുരുഷന്മാരും സ്തനാർബുദത്തിന് ഇരയാകാറുണ്ട്. സ്ത്രീകളുമായി താരതമ്യപ്പെടുത്തുമ്പോൾ പുരുഷന്മാരിൽ വളരെ ചെറിയ അളവിൽ സ്തനകല (ബ്രെസ്റ്റ് ടിഷ്യു) കളുണ്ട്. എന്നാൽ മറ്റേതൊരു അവയവത്തിലും എന്ന പോലെ അവിടെയും കാൻസര്‍ വരാം.
പുരുഷന്മാരിൽ സ്തനാർബുദം എത്രത്തോളം സാധാരണമാണ്?
സ്തനാർബുദത്തിന്റെ എല്ലാ കേസുകളും എടുത്താല്‍ 1% പുരുഷന്മാരിലേ ഇതു സംഭവിക്കുന്നുള്ളൂ. പക്ഷേ, ഈ 1% പേർക്ക് പോലും ഗുരുതരമായ ചികിത്സ നടത്തേണ്ടത് ആവശ്യമാണ്. അല്ലെങ്കിൽ ജീവൻ അപകടത്തിലായേക്കാം.
പരിശോധിക്കേണ്ട ലക്ഷണങ്ങൾ എന്തൊക്കെയാണ്?
സ്തനഭാഗത്തെ (ബ്രസ്റ്റ് റീജിയണ്‍) മുഴകള്‍, അസാധാരണമായ വളർച്ച, അൾസർ, ദുർഗന്ധം എന്നിവയാണ് പുരുഷന്മാരിലുണ്ടാകുന്ന സ്തനാർബുദത്തിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങൾ. ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയുന്നത് വളരെ നല്ലതാണ്.
പുരുഷന്മാരില്‍ വരുന്ന സ്തനാർബുദം പാരമ്പര്യമായി ഉണ്ടാകുന്നതാണോ?
പാരമ്പര്യം ഘടകമല്ലെങ്കിലും കുടുംബത്തില്‍ ആര്‍ക്കെങ്കിലും സ്തനാർബുദത്തിന്റെ ഹിസ്റ്ററി ഉണ്ടെങ്കില്‍ അത് അർത്ഥമാക്കുന്നത് മറ്റുള്ളവരിലും അത് വരാം എന്നുള്ള സാധ്യതയാണ്. അതായത്, സ്തനാർബുദം വരാന്‍ കൂടുതൽ സാധ്യതകളുണ്ടെന്നാണ്. ഒരാളുടെ അമ്മയ്ക്ക് സ്തനാർബുദം ഉണ്ടെങ്കിൽ അയാള്‍ക്ക് കാൻസർ വരാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലാണ്. പക്ഷേ, മൊത്തത്തില്‍ നോക്കിയാല്‍ പുരുഷന്മാരിൽ സ്തനാർബുദം വരാനുള്ള സാധ്യത വളരെ കുറവാണ്. അതായത് എല്ലാവരും തന്നെ ജാഗ്രത പാലിക്കണം എന്നാണ്, പക്ഷേ പരിഭ്രാന്തരാകേണ്ട കാര്യമില്ല.
കുടുംബചരിത്രം കൂടാതെ, സ്തനാർബുദം ഒഴിവാക്കാൻ പുരുഷന്മാർ പൊതുവേ മറ്റെന്തെല്ലാം ശ്രദ്ധിക്കേണ്ടതുണ്ട്?
സ്തനാർബുദം വരാനുള്ള സാധ്യത കൂടുതലായതിനാൽ ബി ആർ സി എ മ്യൂട്ടേഷന്‍ പോസിറ്റീവ് ആയ എല്ലാവരും തന്നെ ജാഗ്രത പാലിക്കണം. ഈ മ്യൂട്ടേഷന്‍ രക്തപരിശോധനയിലൂടെ മാത്രമേ കണ്ടെത്താനാകൂ, ഇത് അപൂർവമായി മാത്രം സംഭവിക്കുന്ന ഒന്നാണ്.
സ്തനാർബുദ സാധ്യത കൂടുതലുള്ളവർ ആരൊക്കെയാണ്?
40നും 60നും ഇടയിൽ പ്രായമുള്ള മധ്യവയസ്കരിലാണ് സ്തനാർബുദ സാധ്യത കൂടുതലായി നടക്കുന്നത്. ഗൈനക്കോമാസ്റ്റിയ, അതായത് പുരുഷന്മാരിലെ സ്തനഗ്രന്ഥി (ബ്രസ്റ്റ് ഗ്ലാന്‍ഡ്) ടിഷ്യൂകളുടെ വർദ്ധനവ് ഈ പ്രായ പരിധിയിൽ വളരെ സാധാരണമാണ്. കൂടാതെ, കുടുംബത്തിലെ സ്തനാർബുദത്തിന്റെ ഹിസ്റ്ററി, അമിതവണ്ണം, മോശം ജീവിതശൈലി എന്നിവയും കാൻസർ കോശങ്ങളെ ഉണ്ടാകുന്നതിനുള്ള കാരണങ്ങളാണെന്ന് പറയപ്പെടുന്നു.
പുരുഷന്മാരിലെ സ്തനാർബുദത്തിനുള്ള ചികിത്സകൾ എന്തൊക്കെയാണ്?
ടിഷ്യു ചുരുങ്ങുന്നതിനെ തുടര്‍ന്നുള്ള കീമോതെറാപ്പി, കാൻസർ ടിഷ്യു ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യൽ, ഹോർമോൺ തെറാപ്പി ഉപയോഗിച്ച് റേഡിയേഷൻ തെറാപ്പി എന്നിവയാണ് ചികിത്സാ രീതികള്‍. കൃത്യമായ ഇടവേളകളിൽ ഫോളോ - അപ്പുകൾ നടത്തണം. ഇത് ചികിത്സിച്ച് ഭേദമാക്കാൻ കഴിയും.
പുരുഷന്മാരിലെ സ്തനാർബുദം മറ്റ് അവയവങ്ങളിലേക്കും വ്യാപിക്കുമോ?
വളരെയധികം. മിക്ക രോഗികളും ആശുപത്രിയിലെത്തുന്നത് ക്യാൻസറിന്റെ മൂന്നാമത്തെയോ നാലാമത്തെയോ ഘട്ടത്തിലാണ്. അർബുദം അതിന്റെ തൊട്ടടുത്ത അവയവങ്ങളായ കഴുത്ത്, നെഞ്ച്, കരൾ, ശ്വാസകോശം, ചിലപ്പോൾ തലച്ചോറ് എന്നിവയിലേക്ക് വ്യാപിക്കാവുന്നതാണ്. സ്തനകലകളുടെ അളവ് കുറവായതിനാൽ, പുരുഷ സ്തനാർബുദ കേസുകളിൽ കാൻസറിന്റെ ആന്തരികവ്യാപനം കൂടുതലാണ്.
പുരുഷന്മാരിൽ സ്തനാർബുദം എങ്ങനെ തടയാം?
അസുഖങ്ങൾ ഒഴിവാക്കാനുള്ള താക്കോലെന്നത് ആരോഗ്യകരമായ ഒരു ജീവിതശൈലി പിന്തുടരുക എന്നതാണ്. നേരത്തെയുള്ള രോഗനിർണയം പുരുഷ സ്തനാർബുദ രോഗികളുടെ ജീവിതവും ആരോഗ്യവും സംരക്ഷിക്കും. അവയവങ്ങളിൽ വലുതോ ചെറുതോ ആയ എന്തെങ്കിലും മാറ്റം കണ്ടാല്‍, മെഡിക്കൽ സ്റ്റോറുകളിലേക്ക് ഓടിച്ചെന്ന് ഏതെങ്കിലും മരുന്ന് വാങ്ങി കഴിക്കുന്നതിനേക്കാൾ ഒരു ഡോക്ടറെ കണ്ട് ആധികാരികമായി ചികിത്സിക്കുന്നതാണ് അഭികാമ്യമായിട്ടുള്ളത്. അത് വളരെ ഗൗരവമായി കാണേണ്ട കാര്യമാണ്.
